ഹൈന്ദവവോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്ന് സി.പി.എം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് കിട്ടേണ്ട ഹൈന്ദവവോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചതും ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും തിരിച്ചടിക്കു കാരണമായി. പരാജയത്തിലേക്ക് നയിച്ച കാരണങ്ങള്‍ പ്രത്യേകം പരിശോധിക്കാനും ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
പരമ്പരാഗതമായി ഇടതുമുന്നണിക്കു ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ നഷ്ടപ്പെട്ടു. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മുന്നണി സ്വീകരിച്ച നിലപാടുകളും പരാജയത്തിലേക്ക് നയിച്ചിട്ടുണ്ടാകാം. സ്ത്രീവോട്ടര്‍മാരില്‍ ഒരു വിഭാഗവും എല്‍.ഡി.എഫിനെതിരേ ചിന്തിച്ചു. സ്ഥാനാര്‍ഥികളില്‍നിന്നും പാര്‍ട്ടി വിശദാംശങ്ങള്‍ തേടും.
സര്‍ക്കാര്‍ വിരുദ്ധ വികാരം പരാജയ കാരണമായോയെന്നും അന്വേഷിക്കും. മോദിസര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാലുണ്ടാകുന്ന അപകടം സമൂഹത്തില്‍ ശരിയായി പ്രചരിപ്പിക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചു. എന്നാല്‍ ഇതിന്റെ നേട്ടം യു.ഡി.എഫിനാണുണ്ടായത്.
ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ സ്ഥിതിയും ഇടതുപക്ഷം ശക്തിപ്പെടുത്തേണ്ട ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ഇടതുപക്ഷത്തിന് വേണ്ടത്ര കഴിഞ്ഞിട്ടില്ലെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
ഈ മാസം അവസാനത്തോടെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യും. ശേഷം ജില്ലാ കമ്മിറ്റികള്‍ ചേരാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."