യമനില്‍ സഊദി സഖ്യത്തിന്റെ വ്യോമാക്രമണം; കുട്ടികളടക്കം ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു
സന്‍ആ: യമനിലെ മാവിയ ജില്ലയിലെ താഇസ് നഗരത്തില്‍ സഊദി നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു കുട്ടികളുള്‍പ്പെടെ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റതായി അല്‍തവ്‌റ ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. രാത്രിയിലായിരുന്നു ആക്രമണം.
ആക്രമണത്തില്‍ ഒരു പെട്രോള്‍ പമ്പ് കത്തിനശിച്ചതായി ഹൂതി വിമതര്‍ അറിയിച്ചു. തകര്‍ന്ന സ്‌കൂളിന്റെ ചിത്രം റോയിട്ടേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്. താഇസ് നഗരം ഹൂതി വിമതരുടെ ഉപരോധത്തിലാണെങ്കിലും സഊദി-യു.എ.ഇ സൈനികസഖ്യത്തിന്റെ പിന്തുണയുള്ള സര്‍ക്കാര്‍ സേനയുടെ കീഴിലാണ്.
യു.എസില്‍നിന്നു വാങ്ങുന്ന ആയുധങ്ങളുപയോഗിച്ച് സഊദി സഖ്യം യമനിലെ നിരപരാധികളെ കൊന്നൊടുക്കുകയാണ് ചെയ്യുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.
ഈ ആക്രമണങ്ങള്‍ക്കു പകരമായാണ് സഊദി നഗരങ്ങള്‍ക്കു നേരെ ഹൂതി വിമതര്‍ ഡ്രോണ്‍-റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുന്നത്. അടുത്തിടെ സഊദിയുടെ എണ്ണ പൈപ്പ്‌ലൈനുകള്‍ ഡ്രോണ്‍ ഉപയോഗിച്ച് ഹൂതികള്‍ ആക്രമിച്ചിരുന്നു. ഇതാണ് റമദാനിലും ആക്രമണം ശക്തമാക്കാന്‍ സഊദിയെ പ്രേരിപ്പിക്കുന്നത്. ശീഈ ആചാരം പിന്തുടരുന്ന ഹൂതികള്‍ക്ക് ഇറാന്റെ സഹായം ലഭിക്കുന്നതായും ആരോപണമുണ്ട്.
കഴിഞ്ഞയാഴ്ച സഊദി സഖ്യ ആക്രമണത്തില്‍ മരിച്ച ആറുപേരുടെ മൃതദേഹം ഇന്നലെ യമനില്‍ സംസ്‌കരിച്ചു. ഇതില്‍ നാലുപേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. രണ്ടു റഷ്യന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പരുക്കുണ്ട്. നാലുവര്‍ഷമായി തുടരുന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇതുവരെ രണ്ടര കോടിയോളം പേരാണ് യമനില്‍ അഭയാര്‍ഥികളായത്.
ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗം വരുമിത്. കൊല്ലപ്പെട്ട ആയിരക്കണക്കിനു പേരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. അതിനിടെ സഊദിക്കും യു.എ.ഇക്കും 800 കോടിയുടെ ആയുധങ്ങള്‍ വില്‍ക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."