അഡ്വക്കാറ്റ് വീണ്ടും ഹോളണ്ട് കോച്ച്; ഗുള്ളിറ്റ് സഹ പരിശീലകന്
സീസ്റ്റ്: ഹോളണ്ട് ഫുട്ബോള്‍ ടീം പരിശീലകനായി വീണ്ടും ഡിക്ക് അഡ്വക്കാറ്റിനെ നിയമിച്ചു. ഹോളണ്ട് ഇതിഹാസം റൂഡ് ഗുള്ളിറ്റിനെ സഹ പരിശീലകനായും നിയമിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് അഡ്വക്കാറ്റ് ഹോളണ്ടിനെ പരിശീലിപ്പിക്കാനെത്തുന്നത്.
ഹോളണ്ട് ടീമിന് 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കുകയാണ് അഡ്വക്കാറ്റിനും ഗുള്ളിറ്റിനും മുന്നിലുള്ള വെല്ലുവിളി. ഇക്കഴിഞ്ഞ യൂറോ കപ്പിന് യോഗ്യത നേടാനാകാതെ പോയ ഹോളണ്ടിന് ഇപ്പോള്‍ ലോകകപ്പ് യോഗ്യതയും ത്രിശങ്കുവിലാണ്. ഒരു വര്‍ഷത്തെ കരാറിലാണ് ഇരുവരും സ്ഥാനമേല്‍ക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ബള്‍ഗേറിയയോട് 2-0ത്തിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെ പരിശീലകന് ഡാന്നി ബ്ലിന്‍ഡിനെ പുറത്താക്കിയിരുന്നു. ഈ തോല്‍വി അവരുടെ ലോകകപ്പ് യോഗ്യത തന്നെ അനിശ്ചിതത്വത്തിലാക്കുന്ന തരത്തിലായതോടെയാണ് പരിശീലകന് സ്ഥാനം തെറിച്ചത്. നിലവിലെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് ടീമിന് ലോകകപ്പ് യോഗ്യത സമ്മാനിക്കാന്‍ ഇരുവര്‍ക്കും സാധിച്ചാല്‍ സ്ഥാനം നീട്ടി നല്കാന് ഡച്ച് ഫുട്ബോള്‍ അധികൃതര്‍ തയ്യാറായേക്കും.
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഹോളണ്ട് ജൂണ്‍ ഒന്‍പതിന് ലക്സംബര്‍ഗുമായി ഏറ്റുമുട്ടും. ഈ മാസം 31ന് മൊറോക്കോയുമായും ജൂണ്‍ നാലിന് ഐവറി കോസ്റ്റുമായും ഹോളണ്ടിന് സൗഹൃദ മത്സരങ്ങളുമുണ്ട്.
നേരത്തെ 1992 മുതല്‍ 1994 വരെയും 2002 മുതല്‍ 2004 വരെയും ഹോളണ്ട് ടീമിനെ പരിശീലിപ്പിച്ച അഡ്വക്കാറ്റ് നിലവില്‍ തുര്‍ക്കി ക്ലബ് ഫെനര്‍ബാഷെയുടെ പരിശീലകനാണ്. യു.എ.ഇ, ദക്ഷിണ കൊറിയ, റഷ്യ, സെര്‍ബിയ, ബെല്‍ജിയം ടീമുകളേയും പരിശീലിപ്പിച്ച അദ്ദേഹം മികച്ച പരിശീലകരില്‍ ഒരാളായാണ് അറിയപ്പെടുന്നത്.
നിലവില്‍ ജൂണ്‍ ഒന്ന് വരെയാണ് ഫെനര്ബാഷെയുമായുള്ള അഡ്വക്കാറ്റിന്റെ കരാര്‍ നിലനില്‍ക്കുന്നത്. അതേസമയം മൊറാക്കോക്കെതിരായ സൗഹൃദ മത്സരത്തിന് ഹോളണ്ട് ടീമിനൊപ്പം ചേരാന്‍ ഫെനര്‍ബാഷെ അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."