റമദാന്‍ ആദ്യ പകുതി വരെ മദീനയില്‍ തറാവീഹിനു പങ്കെടുത്തത് 32 ലക്ഷം വിശ്വാസികള്‍
മദീന: പ്രവാചക പള്ളിയായ മദീനയില്‍ തറാവീഹിനു പങ്കെടുക്കുന്ന വിശ്വാസികളുടെ എണ്ണം അധികൃതര്‍ വെളിപ്പെടുത്തി. റമദാന്‍ ആദ്യ പകുതി വരെ മദീനയിലെ പ്രവാചക പള്ളിയില്‍ തറാവീഹ് നിസ്‌കാരത്തിനായി എത്തിയ വിശ്വാസികളുടെ എണ്ണം 32 ലക്ഷമാണ്. ഇരു ഹറം കാര്യാലയ വകുപ്പാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. പ്രവിശാലമായ മദീന പള്ളിയില്‍ ഉള്‍ഭാഗത്തും പുറം മുറ്റങ്ങളിലുമായി വിശാലമായ സ്ഥലത്ത് ഒരുക്കിയ പ്രത്യേക സ്ഥലങ്ങളില്‍ സ്വദേശികളും വിദേശികളുമടക്കം ലക്ഷങ്ങളാണ് ദിനേന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നത്.
പതിനാലു ലക്ഷം വിശ്വാസികള്‍ തറാവീഹ് നിസ്‌കാരത്തിനായി മദീന പള്ളിയുടെ അകം ഭാഗം ഉപയോഗപ്പെടുത്തിയപ്പോള്‍ പതിനഞ്ചു ലക്ഷം വിശ്വാസികള്‍ വിശാലമായ മുറ്റങ്ങളിലാണ് തറാവീഹ് നിസ്‌കാരത്തില്‍ പങ്കെടുത്തത്. ഒന്നാം നിലയില്‍ 234,239 വിശ്വാസികളും പങ്കെടുത്തു. ദിനംപ്രതി ഏകദേശം 98,589 വിശ്വാസികള്‍ പ്രവാചക പള്ളിയുടെ ഉള്‍ഭാഗത്തും 100,868 പള്ളിയുടെ മുറ്റങ്ങളിലും 15,623 ഒന്നാം നിലയിലുമായി തറാവീഹ് നിസ്‌കാരത്തിന് പങ്കെടുക്കുന്നതായാണ് ഹറം കാര്യാലയ വകുപ്പ് വ്യക്തമാക്കുന്നത്. മദീനയിലെ ചരിത്രമായ നോമ്പ് തുറയും വിശ്വാസികള്‍ക്ക് ഏറെ ഹൃദ്യമാണ്. പ്രവാചക സ്നേഹ സാമീപ്യം പ്രകടമാകുന്ന ഇവിടെ ഒരിക്കല്‍ പങ്കെടുത്താല്‍ മനസ്സില്‍ നിന്നും മായാത്ത നോമ്പ് തുറയില്‍ പങ്കെടുക്കുന്നതിനായും വിശ്വാസികളുടെ തിരക്ക് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."