കേരളാ കോണ്‍ഗ്രസില്‍ കലഹം മൂര്‍ച്ഛിക്കുന്നു
തിരുവനന്തപുരം: നിയമസഭയിലെ കെ.എം മാണിയുടെ ഇരിപ്പിടം പി.ജെ ജോസഫിന് നല്‍കുന്നതിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മില്‍ കലഹം.
പി.ജെ ജോസഫിന് നിയമസഭാ കക്ഷിനേതാവിന്റെ സീറ്റ് അനുവദിക്കണമെന്ന മോന്‍സ് ജോസഫിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സീറ്റ് അനുവദിച്ചിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ ജോസഫിന് സീറ്റ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിന്‍ എം.എല്‍.എയും സ്പീക്കര്‍ക്ക് കത്തുനല്‍കി. കേരളാ കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് പുതിയ വിവാദം. പി.ജെ ജോസഫിനെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിയമസഭാകക്ഷി നേതാവാക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് മോന്‍സ് ജോസഫ് കത്തുനല്‍കിയത്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ മരിച്ചാല്‍ ഡെപ്യൂട്ടി ലീഡര്‍ നിയമസഭാകക്ഷി നേതാവാകുമെന്ന പാര്‍ട്ടി ബൈലോ ചൂണ്ടിക്കാട്ടിയാണ് കത്ത്. കത്ത് അംഗീകരിച്ച സ്പീക്കര്‍ സീറ്റിങ് അറേഞ്ച്‌മെന്റിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
അതേസമയം, പാര്‍ലമെന്ററി പാര്‍ട്ടി ലീഡറിന്റെ അഭാവത്തില്‍ ഡെപ്യൂട്ടി ലീഡര്‍ക്ക് ചുമതല നല്‍കുന്നത് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഭരണഘടന അനുസരിച്ച് തെറ്റാണെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ലീഡറെ തെരഞ്ഞെടുത്ത് അറിയിക്കുന്നതിന് സാവകാശം അനുവദിക്കണമെന്നും അഭ്യര്‍ഥിച്ചാണ് പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് ഇന്നലെ കത്തുനല്‍കിയത്. ഇതുസംബന്ധിച്ച അന്തിമതീരുമാനം സ്പീക്കര്‍ ഇന്ന് കൈക്കൊള്ളും.
കെ.എം മാണി അന്തരിച്ച സാഹചര്യത്തില്‍ ആ സീറ്റ് ഒഴിച്ചിടാന്‍ ചട്ടപ്രകാരം സാധിക്കില്ല. അതിനാല്‍ നിലവില്‍ ഈ സീറ്റ് പി.ജെ ജോസഫിന് തന്നെ നല്‍കുമെന്നാണ് അറിയുന്നത്. പിന്നീട് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് ലീഡറെ തെരഞ്ഞെടുത്ത് അറിയിക്കുന്ന മുറയ്ക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളും. നിയമസഭാ കക്ഷിനേതാവ് ആരെന്ന് പാര്‍ട്ടി ഔദ്യോഗികമായി അറിയിക്കുന്ന മുറയ്ക്കായിരിക്കും തുടര്‍നടപടിയെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."