ശബരിമലയില്‍ വഴിപാടായി കിട്ടിയ 40 കിലോ സ്വര്‍ണം കാണാനില്ല
തിരുവല്ല: ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തി. 40 കിലോ സ്വര്‍ണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവുകളാണ് കണ്ടെത്തിയത്.
സ്വര്‍ണവും വെള്ളിയും ആറന്മുളയിലെ സ്ട്രോങ് റൂമില്‍ നിന്ന് മാറ്റിയത് രേഖകളില്ലാതെയാണെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി. ഇതിനേത്തുടര്‍ന്ന് ശബരിമല സ്ട്രോങ് റൂം ഇന്ന് തുറന്ന് പരിശോധിക്കും. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗമാണ് പരിശോധിക്കുക.
സ്ട്രോങ് റൂമിലെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കാര്യത്തില്‍ കൃത്യമായ രേഖകളില്ലെന്ന് ദേവസ്വം വിജിലന്‍സ് നേരത്തേ കണ്ടെത്തിയിരുന്നു. സ്വര്‍ണം സൂക്ഷിക്കുന്ന കാര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോയെന്നും ഓഡിറ്റ് വിഭാഗം പരിശോധിക്കും. ശബരിമല ക്ഷേത്രത്തില്‍ വഴിപാടായി ലഭിക്കുന്ന സ്വര്‍ണവും വെള്ളിയും സൂക്ഷിക്കുന്നത് ആറന്മുള ക്ഷേത്രത്തോട് ചേര്‍ന്നുള്ള തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ സ്ട്രോങ് റൂമിലാണ്.
അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സ്ട്രോങ് റൂമിന്റെ ചുമതല. മൂന്ന് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് ഉണ്ടെങ്കില്‍ മാത്രമേ സ്ട്രോങ് റൂം തുറക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് ചട്ടം.
അതേസമയം, പുതിയ ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ ചുമതല കൈമാറുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് തിരുവിതംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു. അല്ലാതെ സ്വര്‍ണത്തില്‍ കുറവ് ഉണ്ടായിട്ടില്ല. പുതിയ ഉദ്യോഗസ്ഥന് വരുമ്പോള്‍ പഴയ ആള് സ്വര്‍ണത്തിന്റെ കണക്കുകള്‍ കൈമാറുന്ന പതിവ് നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ ആറുവര്‍ഷമായി അത് നടക്കുന്നില്ല. ഇക്കാര്യത്തിലാണ് പരാതി ഉള്ളത്. ഇതുമായി ബന്ധപ്പെട്ടാണ് കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം പരിശോധന നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."