ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അടച്ചിട്ട് ജീവനക്കാര്‍ കല്യാണത്തിന് പോയി
അരീക്കോട്: ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് അടച്ചുപൂട്ടി ജീവനക്കാര്‍ വയനാട്ടിലേക്ക് വിവാഹത്തിന് പോയി. ഭാരത ബന്ദിനെ തുടര്‍ന്ന് ജോലിക്ക് പോവാന്‍ കഴിയാത്തതിനാല്‍ നിരവധി സാധാരണക്കാരാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഇന്നലെ ഓഫിസില്‍ എത്തിയത്. എന്നാല്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫിസറുടെ ഓഫിസ് അടച്ചിട്ട നിലയിലും മറ്റു ജീവനക്കാരുടെ ഇരിപ്പിടം ഒഴിഞ്ഞ നിലയിലുമായതോടെ പൊതുജനങ്ങള്‍ ദുരിതത്തിലായി.
ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍, ജോ.ബി.ഡി.ഒ, ഹെഡ് ക്ലര്‍ക്ക്, നാല് ക്ലര്‍ക്കുമാര്‍ തുടങ്ങിയ ഏഴ് ഉദ്യോഗസ്ഥരാണ് ഓഫിസ് പ്രവൃത്തി സമയത്ത് വയനാട് ജില്ലയിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയത്. എക്സ്റ്റന്‍സ് ഓഫിസറും ശുചീകരണ വിഭാഗം ജീവനക്കാരിയും ഡ്രൈവറും മാത്രമാണ് ഇന്നലെ ഓഫിസില്‍ ഉണ്ടായത്.
ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്തില്‍ എത്തിയ സാധാരണക്കാര്‍ക്ക് ആദ്യം ലഭിച്ച മറുപടി ബസുകള്‍ ഇല്ലാത്തതിനാല്‍ ജീവനക്കാര്‍ക്ക് ആര്‍ക്കും ഓഫിസില്‍ എത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു. പിന്നീടാണ് ജീവനക്കാരെല്ലാം ഓഫിസ് അടച്ച് വയനാട്ടിലേക്ക് പോയവിവരം അറിയുന്നത്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയ ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എസ്.സി, എസ്.ടി വിഭാഗങ്ങളുടെ പ്രത്യേക ഓഫിസ് പ്രവര്‍ത്തിക്കുന്നത് ബ്ലോക്ക് പഞ്ചായത്തിലാണ്. ഈ ഓഫിസിലും ഇന്നലെ ജീവനക്കാര്‍ എത്തിയില്ല. ഇതോടെ നിരവധി പേരാണ് ദുരിതത്തിലായത്. പട്ടികജാതി വിഭാഗങ്ങളിലെ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്തിലെത്തിയ വിദ്യാര്‍ഥികളും നിരാശയോടെ മടങ്ങേണ്ടി വന്നു.
വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍, ഭവന നിര്‍മാണം തുടങ്ങിയ ആവശ്യങ്ങളുമായി ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്നും കാല്‍നടയായാണ് പലരും ബ്ലോക്ക് പഞ്ചായത്തില്‍ എത്തിയത്. ജീവനക്കാരെല്ലാം ഓഫിസില്‍ എത്തിയതിന് ശേഷം പുലര്‍ച്ചെ ആറിനാണ് വയനാട്ടിലേക്ക് പോയതെന്നാണ് വിവരം. ബ്ലോക്ക് ഓഫിസിലെ ആവശ്യത്തിന് എന്ന് പറഞ്ഞാണ് യാത്ര പോകാനുള്ള ട്രാവലര്‍ വാന്‍ ഏല്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."