ഈ തിരിച്ചടി തിരിച്ചറിവിന്
ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കു വിധി നിര്‍ണയിക്കാന്‍ കിട്ടുന്ന അവസരമാണു തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളും രാഷ്ട്രീയപ്പാര്‍ട്ടികളും വക്കീല്‍മാരെപ്പോലെ വാദിക്കുന്നതു സസൂക്ഷ്മം കേട്ടു വിധിപറയുന്ന ന്യായാധിപന്റെ റോള്‍. ഏഴുഘട്ടമായി ഒരുമാസം നീണ്ടുനിന്ന പൊതുതെരഞ്ഞെടുപ്പ് അവസാനിച്ചു നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറുകയാണ്. കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായാണു ജനവിധി.
'വര്‍ഗീയത വീഴും വികസനം വാഴും, ഇതു കേരളമാണ് ' എന്ന ശക്തമായ മുദ്രാവാക്യമാണ് എല്‍.ഡി.എഫ് ഇത്തവണ ഉയര്‍ത്തിയത്. എന്നിട്ടും എന്തുകൊണ്ടാണവര്‍ നിലംതൊടാതെ പോയത്. ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായാണു വിധിയെഴുത്തുണ്ടാവാറെന്നു ന്യായം പറയാമെങ്കിലും 2004ല്‍ എല്‍.ഡി.എഫ് മിന്നുന്ന വിജയം നേടിയ യാഥാര്‍ഥ്യം മുന്നിലുണ്ട്.
മാത്രമല്ല, കോണ്‍ഗ്രസ് തരംഗം എത്ര ശക്തമായുണ്ടായാലും കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ തുടങ്ങിയ ഇടതുകോട്ടകള്‍ക്ക് ഇളക്കം തട്ടാറില്ല. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ യു.ഡി.എഫ് ചരിത്രത്തിലാദ്യമായാണു മേല്‍ക്കൈ നേടുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയം
എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളില്‍ പലരുടെയും ബാക്ഗ്രൗണ്ട് പലകാരണങ്ങളാല്‍ വോട്ടര്‍മാര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതായിരുന്നില്ല. കൊലക്കേസ് പ്രതിയെ മാത്രമല്ല, രാഷ്ട്രീയകൊലപാതകത്തില്‍ പങ്കുണ്ടെന്നു കരുതുന്നവരെയും അനധികൃത ഭൂമികൈയേറ്റ കുറ്റാരോപിതരെയും ലോക്‌സഭയുടെ ഗൗരവമറിയാത്ത, 'അവിടെപ്പോയി എനിക്കൊന്നും ചെയ്യാനില്ലെ'ന്ന് പറഞ്ഞുകൊണ്ടിരുന്ന കോമഡി താരത്തെയും ഉറ്റവര്‍ക്കു പദവികള്‍ നേടിയെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയവരെയും മത്സരിപ്പിച്ച് ഇടതുപക്ഷം, പ്രത്യേകിച്ചു സി.പി.എം, തോല്‍വി ഉറപ്പിക്കുകയായിരുന്നു.
അതേസമയം, കോണ്‍ഗ്രസ് പതിവു ഗ്രൂപ്പ് വീതംവയ്പ്പുകള്‍ക്കപ്പുറം ഇന്നേവരെ കാണാത്ത സ്ഥാനാര്‍ഥിപ്പട്ടികയാണു പുറത്തിറക്കിയത്. കാസര്‍കോട്, വടകര, ആലത്തൂര്‍, ആറ്റിങ്ങല്‍ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ഉദാഹരണം. സി.പി.എം കോട്ടകളില്‍ ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തി ആദ്യമേ പരാജയം സമ്മതിക്കുന്ന പതിവുരീതിയല്ല ഇത്തവണയുണ്ടായത്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കൂടിയായതോടെ മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികളും ആവേശത്തിലായി. അതിന്റെ ഫലമായി കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഭൂരിപക്ഷത്തില്‍ ഓരോ സ്ഥാനാര്‍ഥിയും വിജയിച്ചു.
വാവിട്ട വാക്കും കൈവിട്ട ആയുധവും
'വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ കഴിയില്ല' എന്ന ചൊല്ലുണ്ട് മലയാളത്തില്‍. എല്‍.ഡി.എഫിന്റെ സമ്പൂര്‍ണപരാജയം അത് അന്വര്‍ഥമാക്കുന്നു. മലബാറിലെ പ്രത്യേകിച്ച്, കാസര്‍കോട്, കണ്ണൂര്‍, വടകര മണ്ഡലങ്ങളിലെ വിധി നിര്‍ണയിച്ചത് അക്രമരാഷ്ട്രീയമാണ്. പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകം നാടിന്റെ മനഃസാക്ഷിയെ നടുക്കിയതായിരുന്നു. കൊലചെയ്യപ്പെട്ടവര്‍ അവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തിനപ്പുറം ഒരു നാടിനു പ്രിയപ്പെട്ടവരായിരുന്നു. പതിറ്റാണ്ടുകള്‍ക്കു ശേഷം നടക്കാന്‍ പോകുന്ന ഒരു നാടിന്റെ ഉത്സവ സ്വാഗതസംഘ യോഗ ദിവസം നടന്ന കൊലപാതകം ക്രൂരമായ കശാപ്പായിരുന്നു.
ഇതേ രീതിയില്‍ തന്നെയാണു മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശുഹൈബ് കൊലക്കത്തിക്ക് ഇരയാവുന്നത്. ഈ കൊലപാതകങ്ങളെല്ലാം വിരല്‍ചൂണ്ടിയതു സി.പി.എം നേതാക്കള്‍ക്കെതിരേയാണ്. പല നേതാക്കളും അറസ്റ്റിലായി. വടകരയില്‍ രാഷ്ട്രീയകൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തി തന്നെ സ്ഥാനാര്‍ഥിയായി. ടി.പി ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ പാര്‍ട്ടിയുമായി അകന്ന ജനതയുടെ മുന്നില്‍ ആ സ്ഥാനാര്‍ഥിക്കെതിരേ 'വാളറിയണം വോട്ടിന്റെ മൂര്‍ച്ച' എന്ന ശീര്‍ഷകത്തോടെയുള്ള പ്രചാരണമാണു യു.ഡി.എഫ് നടത്തിയത്. അതു കുറിക്കുകൊണ്ടു.
'കടക്ക് പുറത്ത് ', 'മാറി നില്‍ക്കങ്ങോട്ട് ' 'പരനാറി എന്നും പരനാറി തന്നെ' തുടങ്ങിയ മുഖ്യമന്ത്രിയുടെ പ്രയോഗങ്ങളെ ധാര്‍ഷ്ട്യമായി തന്നെയാണു ജനം കണ്ടത്. മുഖ്യമന്ത്രിയുടെ ശൈലി തന്നെയാണ് എല്‍.ഡി.എഫ് കണ്‍വീനറും പാര്‍ട്ടിയുടെ പുതിയ കണ്ടെത്തലായ യുവ എഴുത്തുകാരിയും സൈബര്‍ സഖാക്കളും നടപ്പാക്കിയത്.
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരേ എല്‍.ഡി.എഫ് കണ്‍വീനര്‍ നടത്തിയ പരാമര്‍ശം രാഷ്ട്രീയമര്യാദ തൊട്ടുതീണ്ടാത്തതായിരുന്നു. ഇതിന്റെ കൂടെ സമൂഹമാധ്യമത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വയം പ്രഖ്യാപിതവക്താവും അധ്യാപികയുമായ താരത്തിന്റെ പോസ്റ്റുകൂടി വന്നപ്പോള്‍ ആലത്തൂരില്‍ എല്‍.ഡി.എഫിന്റെ കാര്യം കട്ടപ്പുകയായി.
പണ്ടത്തെപ്പോലെ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം എളുപ്പം മായ്ച്ചുകളയാന്‍ കഴിയില്ല. പറയുമ്പോഴേയ്ക്കും 'ഇ' കാലത്ത് വൈറലാകും. എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ഡോക്യുമെന്റ് ചെയ്യാനും സാധിക്കും. കേരളത്തിലെ സി.പി.എം അതിനിയും തിരിച്ചറിഞ്ഞിട്ടില്ല. വാവിട്ട വാക്കും കൈവിട്ട ആയുധവും ബോധപൂര്‍വമായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പു കഴിഞ്ഞു നടക്കുന്ന സംഭവങ്ങളില്‍ നിന്നു മനസിലാവുന്നത്.
വിശ്വാസം, അതല്ലേ എല്ലാം
മതം വ്യക്തിയുടെ സ്വകാര്യതയുടെ ഭാഗമാണ്. അതു വൈകാരികവുമാണ്. ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് വിശ്വാസികള്‍ തെരുവിലിറങ്ങുന്നതിലേയ്ക്കു കാര്യങ്ങളെത്തിച്ചു. വിശ്വാസികളെ വെല്ലുവിളിച്ചു വിധി നടപ്പാക്കാന്‍ ആക്ടിവിസ്റ്റുകളെ വേഷംകെട്ടിച്ചു മലകയറ്റി ഊറ്റംകൊള്ളാനും സര്‍ക്കാര്‍ ശ്രമിച്ചു.
വലിയൊരു സമൂഹം പ്രതിഷേധവുമായി എത്തിയിട്ടും എരിതീയില്‍ എണ്ണയൊഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ മനസിലാവുന്നത് ജനങ്ങള്‍ക്കു രാഷ്ട്രീയവിശ്വാസത്തേക്കാള്‍ കൂറ് മതവിശ്വാസത്തിലാണെന്നാണ്. ഗിന്നസ് നവോത്ഥാന മതില്‍, അതില്‍ പങ്കെടുത്തവര്‍ തന്നെ തകര്‍ത്തുവെന്നു വേണം കരുതാന്‍.
വിഭാഗീയതയുടെ പുതിയ മാനങ്ങള്‍
വി.എസ് പക്ഷം, പിണറായി പക്ഷം എന്നാണു സി.പി.എമ്മിലെ വിഭാഗീയതയെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. വി.എസ് സജീവരാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചതോടെ ഇപ്പോള്‍ ഔദ്യോഗിക പക്ഷം മാത്രമേയുള്ളൂ. എന്നാല്‍, പ്രാദേശികതലത്തില്‍ വിഭാഗീയത വളര്‍ന്നുവെന്നു വേണം കരുതാന്‍, പ്രത്യേകിച്ച് പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍.
എന്തു പ്രശ്‌നമുണ്ടെങ്കിലും പാര്‍ട്ടിക്കേ വോട്ടു ചെയ്യൂ എന്നു ശഠിച്ച അണികളുടെ കാലം കഴിഞ്ഞു. സ്ഥാനാര്‍ഥി ആരായാലും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന നേതാക്കളുടെയും കാലംകഴിഞ്ഞു. കാലുവാരി തോല്‍പ്പിക്കുന്ന കോണ്‍ഗ്രസ് ശൈലി കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മിലും വന്നിരിക്കുന്നു. ബൂത്തുതലം തൊട്ടുള്ള വോട്ടിങ് പാറ്റേണും ആലത്തൂര്‍, പാലക്കാട് മണ്ഡലത്തിലെ വോട്ടുവിഹിതവും നോക്കിയാല്‍ ഇതു മനസ്സിലാകും.
ശത്രുവിന്റെ ശത്രു മിത്രം
ശത്രുവിന്റെ ശത്രു മിത്രമെന്നതു പഴയ ചാണക്യ തന്ത്രമാണ്. പ്രധാന ശത്രുവിനെ (ബി.ജെ.പിയെ) തോല്‍പ്പിക്കാന്‍ മറ്റുള്ളവര്‍ ഒന്നാകുക. ദേശീയതലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഈ തന്ത്രം പയറ്റിയെങ്കിലും അതു വേണ്ടത്ര ക്ലിക്കായില്ല, ഒരുപക്ഷേ, വൈകിയുള്ള ഏച്ചുകെട്ടല്‍ കൊണ്ടാകാം. കേരളത്തില്‍ ഈ തന്ത്രം പൂര്‍ണാര്‍ഥത്തില്‍ വിജയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനു പിന്തുണ നല്‍കി. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ന്യൂനപക്ഷ അതിക്രമങ്ങള്‍ക്കെതിരായി കേരളത്തില്‍ ന്യൂനപക്ഷ ഏകീകരണം യു.ഡി.എഫിനുണ്ടായി (ഉത്തരേന്ത്യയെപ്പറ്റി കേരളത്തിനുണ്ടായ ആവലാതി അവിടെയുള്ളയാളുകള്‍ക്ക് ഇല്ലാതെ പോയി. ഒരുപക്ഷേ ഭീതിയാകാം അതിനുള്ള കാരണം).
ഒരുപരിധി വരെ ഹിന്ദു വോട്ടുകളും ശബരിമല വിഷയത്തില്‍ വെടക്കാക്കി തനിക്കാക്കാന്‍ നോക്കിയ ബി.ജെ.പിക്കല്ല, കോണ്‍ഗ്രസ് സഖ്യത്തിനാണ് ലഭിച്ചത്. കൊലപാതക രാഷ്ട്രീയത്തില്‍ സ്വന്തം ഭര്‍ത്താവിനെ നഷ്ടപ്പെട്ട കെ.കെ രമയും അവരുടെ പാര്‍ട്ടിയായ ആര്‍.എം.പിയും അവരുടെ പ്രധാനശത്രുവായി കണ്ടതു സി.പി.എമ്മിനെയാണ്. അവരുടെ ശക്തികേന്ദ്രമായ വടകരയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു.ഡി.എഫിനു പരസ്യപിന്തുണ നല്‍കി. അതും വിജയിച്ചതായി കാണാം.
2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രളയവും പുനര്‍നിര്‍മാണവും ഉള്‍പ്പെട്ട ഭരണപരാജയങ്ങളേക്കാള്‍ എല്‍.ഡി.എഫിന്റെ തകര്‍ച്ചയ്ക്കു കാരണമായതു സി.പി.എം നേതൃത്വത്തിന്റെ ശൈലിയാണ്. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രിയെന്ന പോലെ പാര്‍ട്ടിയുടെ അണികള്‍ ഇതിനെയെല്ലാം ന്യായീകരിക്കുന്നുണ്ട്. അന്തിചര്‍ച്ചകളില്‍ പലതിനെയും അന്തമായി വസ്തുതയില്ലാത്ത കാര്യങ്ങളില്‍ ന്യായീകരിക്കുന്നതും ക്രൂശിക്കുന്നതുമെല്ലാം യഥാര്‍ഥത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ദോഷമായി.
ശക്തിദുര്‍ഗമായിരുന്ന ബംഗാളിലും ത്രിപുരയിലും സി.പി.എം ഇന്നു പരിതാപാവസ്ഥയിലാണ്. സി.പി.എമ്മിന്റെ നഷ്ടം ബി.ജെ.പി നേടി. കാറല്‍ മാര്‍ക്‌സിന്റ പല ആശയങ്ങളും സ്വീകരിക്കുമ്പോഴും ഡോ. അംബേദ്കര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തള്ളിയിരുന്നു. ഭരണത്തിലേറിയാല്‍ തൊഴിലാളി വര്‍ഗസര്‍വാധിപത്യത്തിനു പകരം പാര്‍ട്ടിയുടെ സര്‍വാധിപത്യമാണു ഉണ്ടാകുകയെന്നതാണ് അതിനദ്ദേഹം പറഞ്ഞ കാരണം.
ആ വിലയിരുത്തല്‍ അക്ഷരം പ്രതി ശരിയെന്നു തെളിയുകയാണിവിടെ. പരമമായ ശൈലീമാറ്റം പാര്‍ട്ടിക്കുണ്ടായില്ലെങ്കില്‍ സോവിയറ്റ് യൂനിയനിലും പശ്ചിമബംഗാളിലും ത്രിപുരയിലും സംഭവിച്ചതു തന്നെ കേരളത്തിലും സംഭവിക്കും. ഈ തിരിച്ചടി തിരിച്ചറിവുള്ളതിനാണ്.
(കലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് അംഗവും തൃശൂര്‍ കേരളവര്‍മ കോളജ് പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനുമാണ് ലേഖകന്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."