പ്രളയം: കരഞ്ഞു പറഞ്ഞിട്ടും കേരളത്തിന് കിട്ടിയത് 1100 കോടി
കോഴിക്കോട്: പ്രളയദുരന്തത്തില്‍ നിന്നു കരകയറാന്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയത് 1100 കോടി.
എന്നാല്‍, 12 മണിക്കൂറിനുള്ളില്‍ ഭരണ-പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലില്‍ ഒലിച്ചുപോയത് ഖജനാവിലേക്ക് എത്തേണ്ട 200 കോടി.
ഇന്ധന വില വര്‍ധന സാധാരണക്കാരന്റെ നടുവൊടിച്ചതിനാല്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ ജനരോഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നലെ നടത്തിയ ഹര്‍ത്താല്‍ വിജയിച്ചെങ്കിലും പ്രളയദുരന്തത്തില്‍ കനത്ത ആഘാതമേറ്റു നില്‍ക്കുന്ന കേരളത്തിനും ഇത് തിരിച്ചടിയായി.
പ്രളയം തകര്‍ത്ത കേരളത്തിനെ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാരും ജനങ്ങളും കഴിഞ്ഞ 25 ദിവസമായി ധനസമാഹരണം നടത്തുമ്പോഴാണ് ഈ തിരിച്ചടി. ഒരു മാസത്തെ ശമ്പള വാഗ്ദാനത്തിനു പുറമെ വിദ്യാര്‍ഥികള്‍വരെ നാണയത്തുട്ടുകള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന സമൂഹം ഏറ്റെടുത്തിരിക്കുന്നതിനിടെയാണ് വീണ്ടും ഒരു ഹര്‍ത്താല്‍ ദുരന്തം.
ഹര്‍ത്താല്‍ സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാക്കിയ നഷ്ടത്തിന്റെ കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും ഓരോ ദിവസവും സര്‍ക്കാരിന് ഖജനാവിലേക്ക് കിട്ടേണ്ട 115 കോടിയുടെ നികുതി ഉള്‍പ്പെടെ 205 കോടി റവന്യൂ വരുമാനത്തില്‍ മാത്രം നഷ്ടമുണ്ടായി. ഇതുകൂടാതെ സര്‍ക്കാരിനും സ്വകാര്യമേഖലക്കും കിട്ടേണ്ട മറ്റ് വരുമാനം കൂടി കണക്കാക്കിയാല്‍ ഇന്നലെ നടന്ന ആറു മണിക്കൂര്‍ ഹര്‍ത്താല്‍ 5000 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടാക്കിയതെന്നാണ് കണക്കാക്കുന്നത്.
2016-17 വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന് കിട്ടിയ ആകെ നികുതി 42,177 കോടി രൂപയാണ്. ശരാശരി ഒരു ദിവസം 115.55 കോടി രൂപ. നികുതി ഉള്‍പ്പെടെ ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാരിലേക്ക് എത്തുന്നത് 75,612 കോടിയുടെ റവന്യു വരുമാനമാണ്. ഇതുപ്രകാരം ഓരോ ദിവസവും സര്‍ക്കാരിന് ലഭിക്കുന്നത് 205 കോടി രൂപയാണ്.
കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പുറത്തുവിട്ട കണക്കുപ്രകാരം ഒരു ദിവസം നടക്കുന്ന പണിമുടക്ക് 1500 കോടിയുടെ നഷ്ടം സംസ്ഥാനത്തെ വ്യവസായ-വാണിജ്യ മേഖലയില്‍ മാത്രം ഉണ്ടാക്കുന്നുവെന്നാണ്. കൊച്ചിയിലെ സ്‌പെഷല്‍ ഇക്കണോമിക് സോണില്‍ ഹര്‍ത്താല്‍ ബാധിച്ചാല്‍ 100 കോടിയും രാജ്യത്തെ രണ്ടാമത്തെ വലിയ സൂപ്പര്‍മാര്‍ക്കറ്റായ ലുലുമാള്‍ ഒരു ദിവസം അടച്ചിട്ടാല്‍ 10 കോടിയുടെ നഷ്ടവുമാണ് കണക്കാക്കിയിരിക്കുന്നത്.
പ്രളയബാധിത പ്രദേശങ്ങളെ പോലും ഒഴിവാക്കാതെയാണ് ഇന്നലെ യു.ഡി.എഫും എല്‍.ഡി.എഫും കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയത്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുഗതാഗതവും നിശ്ചലമായി.
അതേസമയം ഇന്ധനവിലയുടെ അധിക നികുതി വേണ്ടെന്നുവച്ചോ മറ്റേതെങ്കിലും തരത്തിലുള്ള വ്യത്യസ്തമായ പ്രക്ഷോഭമോ സംഘടിപ്പിച്ച് സംസ്ഥാനത്തിന്റെ ശക്തമായ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കാമെന്നിരിക്കെയാണ് ഭരണകക്ഷിയും പ്രതിപക്ഷവും സംയുക്തമായി ഹര്‍ത്താല്‍ നടത്തി കോടികള്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയത്.
ഹര്‍ത്താലിനെതിരേ ഓരോ രാഷ്ട്രീയ കക്ഷികളും രംഗത്തുവരുന്നുണ്ടെങ്കിലും ഹര്‍ത്താലുകള്‍ കൂടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."