HOME
DETAILS

ഞാനരിച്ചേടത്തെല്ലാം അക്ഷരങ്ങളേ കാണൂ

  
backup
October 16 2020 | 02:10 AM

editorial-7-2020-oct

 


മലയാളസാഹിത്യത്തിലെ നൂറ്റാണ്ടിന്റെ ഇതിഹാസം മാഞ്ഞിരിക്കുന്നു, സ്വന്തം കവിതകളിലൊന്നിലെ വരിപോലെ അനശ്വരമായ അക്ഷരങ്ങള്‍ ബാക്കിയാക്കിക്കൊണ്ട്. ആരുടെയും ആജ്ഞാനുവര്‍ത്തിയാകാതെ, അതേസമയം ആരോടും പകയും പരിഭവവും മത്സരവുമില്ലാതെ അക്ഷരലോകത്ത് ജീവിച്ച മഹാകവിയാണ് അക്കിത്തം. 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന തന്റെ വിഖ്യാതമായ കവിതാഗ്രന്ഥത്തിന് കവിയെഴുതിയ മുഖവുരയില്‍ ഉദ്ധരിച്ച പേര്‍ഷ്യന്‍ കവിവാക്യം പോലെ, 'ഹൃദയത്തിലേയ്ക്കു നോക്കി മാത്രം എഴു'തിയ അപൂര്‍വം കവികളില്‍ ഒരാളെയാണ് അക്കിത്തത്തിന്റെ വേര്‍പാടോടെ മലയാളസാഹിത്യത്തിനു നഷ്ടമായിരിക്കുന്നത്.


എഴുത്തുകാരില്‍ മിക്കവരും സ്വയം നിര്‍മിച്ച അഹങ്കാരത്തിന്റെ നെറ്റിപ്പട്ടം അണിയുന്നവരാണ്. താന്‍ എഴുതിയ വരികളില്‍ സാഹിത്യത്തിന്റെ നേരിയ അംശമെങ്കിലുമുണ്ടോ എന്നുപോലും ഉറപ്പുവരുത്താതെ സ്വയം മഹാകവിപ്പട്ടം ചാര്‍ത്തിയെടുക്കുന്നവര്‍. അവരില്‍ പലര്‍ക്കും തങ്ങളെ തങ്ങളാക്കിമാറ്റുന്ന ആസ്വാദകനെ പുച്ഛമായിരിക്കും. അത്തരം എഴുത്തുകാര്‍ ആത്മാര്‍ത്ഥമായി പഠിക്കേണ്ടതാണ് അക്കിത്തത്തിന്റെ ജീവിതം.
എങ്ങനെയായിരിക്കണം എഴുത്തുകാരനെന്ന് അക്കിത്തം വ്യക്തമായി എഴുതിയിട്ടുണ്ട്. അത് ഇങ്ങനെയാണ്: ഞാന്‍ കവിയാണ്, കഥാകൃത്താണ്, നാടകകൃത്താണ്, നിരൂപകനാണ് എന്നു ദൃഢമായി വിശ്വസിക്കുന്ന വ്യക്തി കവിയോ കഥാകൃത്തോ നാടകകൃത്തോ നിരൂപകനോ ആരുമായിത്തീരുന്നില്ല. തന്നിലെ അഹന്തയിലല്ല വിശ്വാസം വേണ്ടത്, തന്നിലേയ്ക്കുള്ള അനന്തതയിലാണ്, അപാരതയിലാണ്, പൂര്‍ണതയിലാണ്'.
ലാളിത്യം, എളിമ, വിനയം ഇതൊക്കെയാണ് അമേറ്റിക്കരയിലെ ക്ഷേത്രഭിത്തിയില്‍ വരച്ചും എഴുതിയും തുടങ്ങിയ ഉണ്ണിനമ്പൂതിരിയെ അക്കിത്തം അച്യുതന്‍ നമ്പൂതിരിയെന്ന കവിയും അക്കിത്തമെന്ന മഹാകവിയുമാക്കി വളര്‍ത്തിയത്. അച്യുതന്‍ നമ്പൂതിരിയില്‍ നിന്ന് അക്കിത്തത്തിലെത്തുമ്പോള്‍ അദ്ദേഹം സമുദായപരിഷ്‌കരണമെന്ന പരിമിതവൃത്തത്തില്‍ നിന്നു സാമൂഹ്യപരിഷ്‌കരണമെന്ന വിഹായസ്സിലേയ്ക്കു ചിറകുവിരിക്കുകയായിരുന്നു.
'എന്റെയല്ലീയെന്റെയല്ലീ കൊമ്പനാനകള്‍
എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ...'


ഈ വരികളിലൂടെ ക്ഷണപ്രഭാചഞ്ചലമായ ലോകത്തെക്കുറിച്ചു നമ്മെ ഓര്‍മപ്പെടുത്തുകയാണ് കവി. എല്ലാം എന്റേതാവണം, എന്റേതാക്കണം എന്ന് ആര്‍ത്തിപൂണ്ട് ഉഴറി നടക്കുകയാണല്ലോ ലോകം. വ്യക്തികളും പ്രസ്ഥാനങ്ങളും രാജ്യങ്ങള്‍ പോലും അത്തരമൊരു മത്സരത്തിലാണ്. ഒടുവില്‍ എല്ലാം നേടിയെന്നു കരുതുന്ന ഘട്ടത്തിലാണ് തിരിച്ചറിവുണ്ടാകുന്നത്, നേടിയെന്നു കരുതിയതൊന്നും തന്റേതല്ലെന്ന്. 'എന്റെയല്ലീ കൊമ്പനാനകള്‍ ... എന്റെയല്ലീ മഹാക്ഷേത്രവും' എന്നു നേരത്തേ തിരിച്ചറിയുന്നവന് നിരാശയുണ്ടാകുന്നില്ല.


അക്കിത്തത്തെ ചിന്താപദ്ധതികളുടെയും ഇസങ്ങളുടെയും വെള്ളംചോരാ കമ്പാര്‍ട്ടുമെന്റുകളിലൊതുക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. ആ വരുതിയില്‍ ഒതുങ്ങാതെ നില്‍ക്കുമ്പോള്‍ തള്ളിപ്പറയാനും വിമര്‍ശിക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, കുരുക്കിയിടാന്‍ ശ്രമിച്ച കൂട്ടിനുള്ളില്‍ നിന്നു പാറിപ്പറന്നയാളായിരുന്നു അക്കിത്തം. വൈകിയെത്തിയ ജ്ഞാനപീഠ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ജീവിതത്തിന്റെ അസ്തമയവേളയില്‍ അക്കിത്തം പറഞ്ഞ വാക്കുകളില്‍ സ്വയം വെളിപ്പെടുത്തുന്നുണ്ട്. 'എന്നെ ആര്‍ക്കും തീറെഴുതിക്കൊടുക്കാന്‍ എന്റെ മനസ്സ് സമ്മതിച്ചില്ല'.


ഉണ്ണിനമ്പൂതിരി, യോഗക്ഷേമം മാസികകളില്‍ പ്രവര്‍ത്തിച്ചുവന്ന കാലത്ത് സ്വാഭാവികമായും അക്കിത്തത്തിന്റെ പ്രവര്‍ത്തന മണ്ഡലം സ്വസമുദായത്തിലെ പുഴുക്കുത്തുകള്‍ക്കെതിരായ പോരാട്ടഭൂമി തന്നെയായിരുന്നു. എന്നാല്‍, അവിടെ നിന്ന് സാമൂഹ്യപരിഷ്‌കര്‍ത്താവായി കണ്ണീരുകുടിക്കുന്ന എല്ലാ ജനതയുടെയും വക്താവായി വളരെയെളുപ്പം വളരാന്‍ അക്കിത്തത്തിനു കഴിഞ്ഞു. വി.ടിയും ഇ.എം.എസ്സുമെല്ലാം ആ വളര്‍ച്ചയില്‍ ഊര്‍ജമായി.
ലോകത്തെങ്ങുമുള്ള ജനതയുടെ കണ്ണീരും കഷ്ടപ്പാടുമില്ലാത്ത ജീവിതം ആഗ്രഹിക്കുന്ന മനസ്സുതന്നെയാണ് തനിക്ക് ഇപ്പോഴുമുള്ളതെങ്കിലും ആ മനസ്സിനെ മാര്‍ക്‌സിസം ഉദ്‌ഘോഷിക്കുന്നപോലെ അതിഭൗതികതയില്‍ ഒതുക്കിക്കെട്ടാന്‍ ഒരുക്കമല്ലെന്നു തുറന്നു പറഞ്ഞയാളാണ് അക്കിത്തം. ഭൗതികതയും ആധ്യാത്മികതയും വേര്‍പിരിച്ചുനിര്‍ത്താവുന്നവയല്ലെന്ന നിലപാടുകാരനായിരുന്നു അദ്ദേഹം. ഭൗതികവും മാനസികമായ എല്ലാ ചൂഷണത്തെയും താന്‍ എതിര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് താന്‍ വിവര്‍ത്തനം ചെയ്ത ശ്രീമദ് ഭാഗവതത്തെക്കുറിച്ച് അതൊരു ആധ്യാത്മിക കൃതി മാത്രമല്ലെന്നും ഭൗതിക ജീവിതത്തെക്കുറിച്ചാണ് അതില്‍ പ്രതിപാദിക്കുന്നതെന്നും അക്കിത്തം എഴുതിയത്.


അക്രമവും ശത്രുതയുമായിരുന്നില്ല, നിര്‍മാണാത്മകതയായിരുന്നു അക്കിത്തത്തിന്റെ തത്വശാസ്ത്രം. താഴെ കാണുന്ന വരികളില്‍ അതു വ്യക്തമാണ്:
'തോക്കിനും വാളിനും വേണ്ടി
ചെലവിട്ടോരിരുമ്പുകള്‍
ഉരുക്കിവാര്‍ത്തെടുക്കാവൂ
ബലമുള്ള കലപ്പകള്‍'.
'മനുഷ്യജീവിതത്തിന്റെ എവിടെ കുഴിച്ചാലാണ് കണ്ണീരു കിട്ടുക' എന്നു തന്നെ പഠിപ്പിച്ച വി.ടി ഭട്ടതിരിപ്പാടിന്റെയും സാഹിത്യകാരന്‍ സാമൂഹ്യ ജീവി കൂടിയായിരിക്കണമെന്നു പഠിപ്പിച്ച ഇടശ്ശേരിയുടെയും ശിക്ഷണത്തില്‍ മനുഷ്യപ്പറ്റുള്ളവനായി വളര്‍ന്ന എഴുത്തുകാരനായിരുന്നു അക്കിത്തം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഇങ്ങനെ പാടാനും കഴിഞ്ഞു:
'ആവുമെങ്കില്‍ ഭവാനെന്റെ
വിയര്‍പ്പംഗീകരിക്കുക
സത്യസന്ധതയുണ്ടെങ്കില്‍
കണ്‍തുറന്നിതു കാണുക'
നന്മനിറഞ്ഞ ആ കവിക്ക് ആത്മാര്‍ത്ഥമായി തന്നെ നമുക്കു വിട നല്‍കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago