ശ്രീലങ്കയില്‍ ഒരു മാസത്തിനകം അടിയന്തരാവസ്ഥ പിന്‍വലിക്കും
കൊളംബോ: ഏപ്രില്‍ 21ലെ സ്‌ഫോടനങ്ങളെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഒരു മാസത്തിനകം പിന്‍വലിക്കുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു. ക്രമസമാധാനനില 99 ശതമാനവും പൂര്‍വസ്ഥിതിയിലായതിനെ തുടര്‍ന്നാണ് നടപടി. സ്‌ഫോടനത്തിനുത്തരവാദികളായവരെ പിടികൂടാന്‍ സുരക്ഷാസേനക്കു സാധിച്ചതായി വിവിധ രാജ്യങ്ങളുടെ നയതന്ത്രജ്ഞരോട് അദ്ദേഹം വ്യക്തമാക്കി.
സ്‌ഫോടനം നടന്ന് അടുത്ത ദിവസമാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. സംശയം തോന്നുന്ന ആരെയും പിടികൂടി അനിശ്ചിതകാലത്തേക്ക് തടവില്‍ വയ്ക്കാനും ചോദ്യം ചെയ്യാനും ഇതു സഹായിച്ചു. ഒരു മാസത്തേക്ക് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്നീട് ഒരു മാസത്തേക്കു കൂടി നീട്ടുകയായിരുന്നു. കൊളംബോയിലെ മൂന്ന് ആഡംബര ഹോട്ടലുകളിലും പള്ളികളിലുമായി നടന്ന സ്‌ഫോടനങ്ങളില്‍ 258 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പത്തു സ്ത്രീകളുള്‍പ്പെടെ നൂറുപേര്‍ ഇപ്പോഴും കസ്റ്റഡിയിലുണ്ടെന്ന് പൊലിസ് പറഞ്ഞു. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നാഷനല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയെ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ഭീകരരും കൊല്ലപ്പെടുകയോ പിടിയിലാവുകയോ ചെയ്തിട്ടുണ്ടെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
ഭീകരാക്രമണത്തിനു ശേഷം രാജ്യത്തെ മുസ്‌ലിംകളുടെ നേരെ വ്യാപകമായി ആക്രമണം നടക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. മുസ്‌ലിം പള്ളികളും വ്യാപാരസ്ഥാപനങ്ങളും തകര്‍ക്കാന്‍ ക്രിസ്ത്യന്‍-ബുദ്ധ തീവ്രവാദികള്‍പ്പ് പൊലിസിന്റെയും സുരക്ഷാസേനയുടെയും മൗനസമ്മതമുണ്ടായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."