വീടും സ്ഥലവും നഷ്ടമായവര്‍ക്ക് സമഗ്ര പദ്ധതി വേണമെന്ന്
മാനന്തവാടി: തൃശിലേരി പ്ലാമൂലയിടക്കം മണ്ണിടിച്ചിലില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്കായി സമഗ്ര പദ്ധതി വേണമെന്ന ആവശ്യം ഉയരുന്നു.
സര്‍ക്കാരോ സന്നദ്ധ സംഘടനകളോ എത്തിച്ച് നല്‍കുന്ന കിറ്റുകള്‍ കൊണ്ട് വീടും സ്ഥലവും നഷ്ടമായവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ സ്ഥിതിക്ക് പ്ലാമൂലകുന്നിലെ ആളുകള്‍ക്ക് ഫലപ്രദമായ പുനരധിവാസ പദ്ധതി താമസമില്ലാതെ നടപ്പിലാക്കേണ്ടതുണ്ട്. ഇതിനായി വനഭൂമി വിട്ട് നല്‍കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. മണ്ണിടിഞ്ഞ് നീങ്ങുന്ന അത്ഭുത പ്രതിഭാസത്തെ തുടര്‍ന്ന് നിരവധി വീടുകളാണ് തിരുനെല്ലി പഞ്ചായത്തിലെ 17ാം വാര്‍ഡായ പ്ലാമൂലയില്‍ മാത്രം വാസയോഗ്യമല്ലാതായത്.
അനുദിനം വിള്ളല്‍ വരുന്ന വീടുകള്‍ ആശങ്ക മാത്രമാണ് ഇപ്പോള്‍ ആളുകള്‍ക്ക് സമ്മാനിക്കുന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാസയോഗ്യമല്ലാതായ 50 ഏക്കറിലേറെ സ്ഥലമാണ് പ്ലാമൂലയില്‍ മാത്രമുള്ളത്. ഇത് വനം വകുപ്പ് ഏറ്റെടുത്ത് സാമൂഹ്യ വനല്‍ക്കരണ പരിപാടിയുടെ ഭാഗമായി വൃക്ഷങ്ങള്‍ നട്ട് വളര്‍ത്തുകയും പകരം തത്തുല്യമായ വനം വകുപ്പിന്റെ കൈവശമുള്ള കാര്യമായി വൃക്ഷങ്ങള്‍ പോലും ഇല്ലാതെ തരിശ് കിടക്കുന്ന നിരന്ന ഭൂമി റവന്യു വകുപ്പിന് കൈമാറുകയും ചെയ്യണമെന്ന അഭിപ്രായമാണ് ഇപ്പോഴുള്ളത്.
തൃശിലേരി,ബോയ്‌സ്ടൗണ്‍ പ്രദേശങ്ങളിലായി നിരവധി വീടുകളാണ് ഇനി വാസയോഗ്യമല്ലെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസ്, ദുരന്തനിവാരണ അതോറിറ്റിയിലെ ഫാക്കല്‍റ്റി ആഷാ കിരണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. ഇവിടെ താമസിച്ചിരുന്ന കുടുബങ്ങള്‍ക്ക് പകരം ഭൂമിയും വീടും നല്‍കി പുനരധിവസിപ്പിക്കാനുളള പദ്ധതി കാലതാമസം കൂടാതെ നടപ്പിലാക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ പരിശോധന നടത്തിയ സംഘം മണ്ണിടിഞ്ഞ് നീങ്ങുന്ന പ്രതിഭാസം തുടരുന്നതിനാല്‍ ഇനിയും ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. തൃശിലേരി വില്ലേജില്‍ തന്നെ മുന്‍പ് മിച്ചഭൂമിയായി പിടിച്ചെടുത്ത 34 ഏക്കര്‍ സ്ഥലം നിയമക്കുരുക്കില്‍പ്പെട്ട് വര്‍ഷങ്ങള്‍ കിടന്നപ്പോള്‍ സ്വാഭാവിക വനമായി മാറിയിട്ടുണ്ട്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ സ്ഥലം വനംവകുപ്പിന് കൈമാറി പകരും വന്യമൃഗശല്യം ഇല്ലാത്ത റോഡരികിലെ വനംവകുപ്പിന്റെ ഭൂമി വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിനായി റവന്യുവകുപ്പിന് കൈമാറണമെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന ആവശ്യം. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇത്തരം കാര്യങ്ങളില്‍ ഉടന്‍ തീരുമാനം ഉണ്ടാകണണെന്നാണ് നാട്ടുകാരുടെ ആവശ്യം. പുഴയരികിലോ തോടരികിലോ ഒന്നുമായിരുന്നില്ല ഇവരുടെ വീട്. ഉയര്‍ന്ന കുന്നിന്‍ മുകളില്‍ നല്ല അടിത്തറയിട്ട് നിര്‍മിച്ച വീടുകളാണ് ചില്ലുടഞ്ഞത് പോലെ തകരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."