കന്യാസ്ത്രീക്കെതിരായ നിലപാടില്‍ പിന്നോട്ടില്ലെന്ന് പി.സി ജോര്‍ജ്
കോട്ടയം: ജലന്ധര്‍ ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരേയുള്ള തന്റെ അധിക്ഷേപ പരാമര്‍ശങ്ങളില്‍നിന്ന് പിന്നോട്ടില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ഇല്ലാത്തത് പറയുന്ന സ്വഭാവം തനിക്കില്ല. എന്തു പറഞ്ഞിട്ടുണ്ടെങ്കിലും അത് സത്യമാണെന്ന് തെളിയിച്ചിട്ടുണ്ട്. അതില്‍നിന്ന് പിന്നോട്ടു പോവുന്ന പ്രശ്‌നമില്ല. കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള പ്രതികരണമാണ് നടത്തിയത്. കന്യാസ്ത്രീ കുറ്റക്കാരിയാണെന്ന് പറയുന്നതോടൊപ്പം ബിഷപ്പും കുറ്റക്കാരനാണെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും ജോര്‍ജ് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീസംരക്ഷണമെന്നത് മാന്യയായ കുലീനകളായ സ്ത്രീകളെ സംരക്ഷിക്കാനുള്ളതാണ്. നിയമപരമായി സര്‍ക്കാരിനുള്ളതുപോലെ ഓരോ പുരുഷനും അതിനുള്ള ബാധ്യതയുണ്ട്. അതിനെ അപഥരായി ജീവിക്കുന്നവരുടെ സംരക്ഷണത്തിനായി മാറ്റരുത്. ക്രൈസ്തവ സഭ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. സ്ത്രീ സമൂഹത്തിന്റെ സംരക്ഷണാര്‍ഥം നിലവില്‍ വന്ന നിയമങ്ങള്‍ നിരപരാധികളുടെ തൊഴിലും ജീവിതവും തകര്‍ക്കാനും ബ്ലാക്ക്‌മെയില്‍ ചെയ്ത് പണമുണ്ടാക്കാനും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതി വ്യാപകമാണ്.
സ്ത്രീ സുരക്ഷാ നിയമപ്രകാരം ഒരു പരാതി ലഭിച്ചാല്‍ അതിന്‍മേല്‍ വേണ്ടത്ര അന്വേഷണമില്ലാതെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നവരെ അറസ്റ്റുചെയ്യാനുമുള്ള അമിതാവേശം ചില പൊലിസുദ്യോഗസ്ഥര്‍ കാണിക്കുന്നത് നിയമത്തെ ദുര്‍ബലപ്പെടുത്തും. മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാത്ത തന്നെ മാധ്യമങ്ങള്‍ വേട്ടയാടുകയാണ്. കേരളത്തില്‍ നടക്കുന്നത് മാധ്യമവിചാരണയാണ്. ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കുന്ന തന്ത്രം. തന്നെ പേപ്പട്ടിയാക്കി ഓടിച്ചിട്ടടിക്കാനാണ് നോക്കുന്നത്. മാധ്യമങ്ങളുടെ പിന്തുണയില്ലെങ്കിലും മുന്നോട്ടുപോവുമെന്നും ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."