മടിക്കേരി-മംഗളൂരു ദേശീയപാത: ഇരുചക്ര വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി
മടിക്കേരി: കുടകില്‍ പ്രളയത്തെ തുടര്‍ന്നു തകര്‍ന്നടിഞ്ഞ മടിക്കേരി-സുള്ള്യ-മംഗളൂരു ദേശീയപാതയില്‍ ഇരുചക്ര വാഹനങ്ങളെ കടത്തിവിടാന്‍ തുടങ്ങി. മടിക്കേരിയില്‍ നിന്നു മതനടുവരെ സ്വന്തമായ ആവശ്യങ്ങള്‍ക്കു ചെറിയ വാഹനങ്ങള്‍ക്കും അനുമതി നല്‍കി. ഓഗസ്റ്റ് 12നാണ് പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മണ്ണിടിഞ്ഞതു കാരണം വലിയ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 17നു ജോഡുപാലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദേശീയപാത ഒന്നരകിലോമീറ്ററോളം പൂര്‍ണമായും തകര്‍ന്നിരുന്നു. തുടര്‍ന്നു പാത പൂര്‍ണമായും അടച്ചിടുകയായിരുന്നു.
നാപോക്ക് കരിക്കെ വഴി ബദല്‍പാത ഒരുക്കിയിരുങ്കിലും യാത്ര ക്ലേശകരമാണ്. മടിക്കേരിയില്‍ നിന്നു സുള്ള്യയിലേക്ക് 50 കിലോമീറ്റര്‍ ദൂരമാണുള്ളത്. നിലവില്‍ ബാഗമണ്ഡല, കരിക്കെ, പാണത്തൂര്‍ വഴി സുള്ള്യയിലെത്താന്‍ മൂന്നര മണിക്കൂര്‍ യാത്രചെയ്യണം. കുടകിലെ വ്യാപാര മേഖലയുമായി കൂടുതല്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. ദിവസേന ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന പാത പൂര്‍ണതോതില്‍ ഗതാഗത യോഗ്യമാക്കാന്‍ പ്രവൃത്തി പുരോഗമിക്കുകയാണ്. മൂന്നുമാസത്തിനകം റോഡ് താല്‍ക്കാലികമായി തുറന്നുനല്‍കാന്‍ കഴിയുമെന്നാണു ദേശീയപാതാ അധികൃതരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."