'ആ ഓക്സിജന്‍ മാസ്‌ക് ഒന്ന് നേരെ വച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ബാപ്പയെ നഷ്ടപ്പെടില്ലായിരുന്നു'
കൊച്ചി: 'ബാപ്പയുടെ മയ്യിത്ത് പോലും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല, അവര്‍ പറഞ്ഞതെല്ലാം ഞങ്ങള്‍ ചെയ്തുകൊടുത്തു. ബാപ്പയുടെ മരണത്തെച്ചൊല്ലി സംശയം ഉന്നയിച്ചപ്പോള്‍ അന്നവര്‍ പറഞ്ഞത് കൊവിഡ് ബാപ്പയെ അതിരൂക്ഷമായി പിടികൂടി എന്നായിരുന്നു, ഇന്നിപ്പോള്‍ നഴ്‌സിങ്ങ് ഓഫിസര്‍ പറയുന്നത് ഓക്‌സിജന്‍ മാസ്‌ക് നേരെ വച്ചുകൊടുക്കാത്തതിനാലാണ് എന്റെ ബാപ്പ മരിച്ചതെന്നാണ്. അവര്‍ ആ ഓക്സിജന്‍ മാസ്‌ക് ഒന്ന് നേരെ വച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ബാപ്പയെ നഷ്ടപ്പെടില്ലായിരുന്നു'.... ചികിത്സാപിഴവ് മൂലം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫോര്‍ട്ട്‌കൊച്ചി തുരുത്തി തെക്കിനകത്ത് വീട്ടില്‍ സി.കെ ഹാരിസ് (49) മരിച്ചെന്ന നഴ്‌സിങ്ങ് ഓഫിസറുടെ ശബ്ദസന്ദേശത്തില്‍ പകച്ചുനില്‍ക്കുകയാണ് ഹാരിസിന്റെ മക്കളായ സഫ്‌വാനും സല്‍മാനും.
ഏറെ ബുദ്ധിമുട്ടി കടംവാങ്ങിയാണ് ഓക്‌സിജന്‍ നല്‍കുന്നതിന് 70,000രൂപയുടെ യന്ത്രം വാങ്ങിക്കൊടുത്തത്. എന്തായാലും ഞങ്ങള്‍ക്ക് ബാപ്പയെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയായിരുന്നു. ഐ.സി.യുവില്‍ നിന്ന് പോലും ഞങ്ങള്‍ ബാപ്പയുമായി വിഡിയോ കോളില്‍ സംസാരിക്കുമായിരുന്നുവെന്നും അവര്‍ പറയുന്നു.
കുവൈത്തില്‍ ഡ്രൈവറായി ജോലിചെയ്തുവന്ന ഹാരിസ് കഴിഞ്ഞ ജൂണ്‍ 19നാണ് നാട്ടിലെത്തിയത്. സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിച്ച് മക്കളേയും ഭാര്യയേയും ബന്ധുക്കളേയും ഒന്നും കാണാതെ നേരെ ക്വാറന്റൈന്‍ സെന്ററിലേക്കാണ് പോയത്. കടുത്ത പനിയെ തുടര്‍ന്ന് ജൂണ്‍ 24ന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
അന്നുതന്നെ കൊവിഡ് പരിശോധനാഫലവും പോസിറ്റീവായി. ഓക്‌സിജന്‍ ലെവല്‍കുറഞ്ഞതിനെ തുടര്‍ന്ന് ഐ.സിയുവിലേക്കും മാറ്റി. ഹാരിസ് കുടുംബാംഗങ്ങളുമായി വിഡിയോകോളില്‍ സംസാരിച്ചിരുന്നതായും തനിക്ക് രോഗം വേഗം ഭേദമാകുമെന്നും ഉടനെ വീട്ടിലേക്ക് വരുമെന്നും പറഞ്ഞിരുന്നതായും ഭാര്യാ സഹോദന്‍ അന്‍വര്‍ പറഞ്ഞു.
ജൂലൈ 13നാണ് ആശുപത്രിയില്‍ നിന്ന് വിളിച്ച് ഓക്‌സിജന്‍ നല്‍കുന്നതിനായി യന്ത്രം വേണമെന്ന് ആവശ്യപ്പെടുന്നത്. വാര്‍ഡിലേക്ക് മാറ്റുന്നതിന് വേണ്ടിയാണെന്നും പറഞ്ഞിരുന്നു. 17ാം തിയതി യന്ത്രം വാങ്ങി നല്‍കുകയും ചെയ്തു. എന്നാല്‍ 20ന് ആശുപത്രിയില്‍ നിന്ന് ഹാരിസ് മരിച്ചുഎന്ന വിവരമാണ് വിളിച്ചുപറഞ്ഞതെന്നും അന്‍വര്‍ പറഞ്ഞു.25 വര്‍ഷത്തോളമായി ഹാരിസ് പ്രവാസജീവിതം തുടങ്ങിയിട്ട്. വാടകവീട്ടിലാണ് ഭാര്യ റുക്‌സാനയും പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ സഫ്‌വാനും മൊബൈല്‍ഷോപ്പില്‍ ജോലിചെയ്യുന്ന മകന്‍ സല്‍മാനും കഴിയുന്നത്.
വീടുവയ്ക്കാന്‍ മൂന്ന് സെന്റുഭൂമി വാങ്ങിയിരുന്നു.അതിന്റെ കടം ഇതുവരെ തീര്‍ന്നിട്ടില്ല. ആശുപത്രി അധികൃതരുടെ പിഴവുമൂലമാണ് തന്റെ പ്രിയതമന്റെ ജീവന്‍പൊലിഞ്ഞതെന്ന വാര്‍ത്ത റുക്‌സാന ഇതുവരെ അറിഞ്ഞിട്ടില്ല. ജീവിതത്തിലേക്ക് പതുക്കെ തിരിച്ചുവരുന്ന റുക്‌സാനയില്‍ നിന്ന് ബന്ധുക്കള്‍ ആ വിവരം മറച്ചുവച്ചിരിക്കുകയാണ്.
ശബ്ദസന്ദേശം നഴ്സുമാരെ
ജാഗരൂകരാക്കാന്‍: നഴ്സിങ് ഓഫിസര്‍
കൊച്ചി: നഴ്‌സുമാര്‍ക്ക് ശബ്ദസന്ദേശം നല്‍കിയത് ജാഗരൂകരായിരിക്കാനാണെന്ന്, കൊവിഡ് രോഗികളില്‍ ചിലര്‍ മരിച്ചത് ജീവനക്കാരുടെ അശ്രദ്ധ മൂലമാണെന്ന് ശബ്ദസന്ദേശം നല്‍കിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ കളമശ്ശേരി മെഡിക്കല്‍ കോളജിലെ നഴ്‌സിങ് ഓഫിസര്‍ ജലജാദേവി.
ശബ്ദസന്ദേശം താന്‍ നല്‍കിയതു തന്നെയാണ്. എന്നാല്‍ ആശുപത്രിയില്‍ അതില്‍ പറയുന്നതുപോലെ അനാസ്ഥയൊന്നും നടക്കുന്നില്ല. കേന്ദ്രത്തില്‍ നിന്ന് പരിശോധനയ്ക്കായി വിദഗ്ധസംഘം എത്തുന്ന സാഹചര്യത്തില്‍ ജാഗരൂകരായിരിക്കാനാണ് ജീവനക്കാര്‍ക്ക് ഇപ്രകാരം സന്ദേശം നല്‍കിയത്. ഇതില്‍ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും ജലജ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിതരെ ചികിത്സിക്കുന്നതിലെ അനാസ്ഥ ചൂണ്ടിക്കാട്ടി ജലജ നഴ്‌സുമാര്‍ക്ക് സബ്ദസന്ദേശം നല്‍കിയത്. ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്‌സിജന്‍ മാസ്‌ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാരുടെ പരിശോധനയില്‍ കണ്ടെത്തിയതായി സന്ദേശത്തില്‍ പറയുന്നുണ്ട്. വാര്‍ഡിലേക്കു മാറ്റാവുന്ന രീതിയില്‍ സുഖപ്പെട്ട ഫോര്‍ട്ട് കൊച്ചി സ്വദേശി സി.കെ ഹാരിസ് മരിക്കാനിടയായത് അശ്രദ്ധ മൂലമാണെന്നും ഡോക്ടര്‍മാര്‍ ഇടപെട്ട് വിവരങ്ങള്‍ പുറത്തറിയിക്കാതിരുന്നതിനാലാണ് ജീവനക്കാര്‍ രക്ഷപ്പെട്ടതെന്നും സന്ദേശത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."