കാരുണ്യവും നന്മയുമാണ് ഇസ്‌ലാം മുന്നോട്ടു വയ്ക്കുന്നത്: സല്‍മാന്‍ രാജാവ്
ജിദ്ദ: മാനവ കുലത്തിന് ആകമാനം കാരുണ്യവും നന്മയുമാണ് ഇസ്‌ലാം മുന്നോട്ടു വെക്കുന്നതെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.
ഏറ്റവും ഉല്‍കൃഷ്ടമായ സദാചാര, ധാര്‍മിക മൂല്യങ്ങളിലേക്ക് ഇസ്‌ലാം ആളുകളെ ക്ഷണിക്കുന്നു. ഇസ്‌ലാമിന്റെ മാര്‍ഗശാസ്ത്രം മിതവാദമാണ്. മതത്തില്‍ തീവ്രവാദവും അമിതത്വവും പാടില്ലെന്നും രാജാവ് പറഞ്ഞു.
മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വ) മക്കയില്‍ സംഘടിപ്പിച്ച ത്രിദിന സമ്മേളനത്തില്‍ പങ്കെടുത്ത പണ്ഡിതന്മാര്‍ക്ക് മക്ക അല്‍സ്വഫാ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു രാജാവ്. തീവ്രവാദവും ഭീകരവാദവും ചെറുക്കല്‍ അടക്കമുള്ള പ്രധാന പ്രശ്‌നങ്ങളില്‍ അഭിപ്രായങ്ങള്‍ ഏകീകരിക്കുന്നതിന് മുസ്‌ലിം പണ്ഡിതര്‍ സഹകരിക്കുന്നത് കാണുന്നതില്‍ ആഹ്ലാദമുണ്ട്. കക്ഷികളും ഗ്രൂപ്പ് വിധേയത്വങ്ങളും സൃഷ്ടിക്കുന്ന ഭീഷണികള്‍ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായി നിന്ന് മറികടക്കണം.
139 രാജ്യങ്ങളില്‍ നിന്നും എത്തിയ മുസ്‌ലിം പണ്ഡിതര്‍ അടക്കം 1200 ലേറെ പേര്‍ പങ്കെടുത്ത അന്താരാഷ്ട്ര സമ്മേളനം അംഗീകരിച്ച ചാര്‍ട്ടര്‍ പിന്നീട് രാജാവ് സ്വീകരിച്ചു. സഊദി അറേബ്യയും മേഖലയും ഭീകരാക്രമണങ്ങള്‍ക്കും ഗൂഢലക്ഷ്യത്തോടെയുള്ള ആക്രമണങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച ഈജിപ്ഷ്യന്‍ മുഫ്തി ഡോ. ശൗഖി അല്ലാം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."