തവനൂര്‍ ഗവ. കോളജിന് നിള ട്രസ്റ്റ് നാളെ അഞ്ചേക്കര്‍ ഭൂമി കൈമാറും
മലപ്പുറം: തവനൂര്‍ ഗവ. കോളജിനു മറവഞ്ചേരി നിള ട്രസ്റ്റ് നല്‍കുന്ന അഞ്ചേക്കര്‍ ഭൂമിയുടെ രേഖ നാളെ സര്‍ക്കാരിനു കൈമാറും. കോളജിനു സ്വാതന്ത്ര്യ സമരസേനാനി വെളിയങ്കോട് ഉമര്‍ ഖാസിയുടെ പേരു നല്‍കുകയെന്ന വ്യവസ്ഥയനുസരിച്ചാണ് സ്ഥലം സൗജന്യമായി വിട്ടുനല്‍കുന്നത്.
നാളെ വൈകിട്ട് ഏഴിന് അയങ്കലം സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് ഭാരവാഹികളില്‍നിന്നു ഭൂമിയുടെ രേഖ മന്ത്രി ഡോ. കെ.ടി ജലീല്‍ ഏറ്റുവാങ്ങും. സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനു സ്വകാര്യഭൂമി സൗജന്യമായി വിട്ടുകൊടുത്ത ട്രസ്റ്റ് ഭാരവാഹികളെ പൗരാവലി ആദരിക്കും.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നേതൃത്വം നല്‍കും.
തവനൂര്‍ മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലും ട്രസ്റ്റ് അംഗങ്ങളുടെ കുടുംബാംഗങ്ങളിലും ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എപ്ലസ് വാങ്ങിയവരേയും ചടങ്ങില്‍ അനുമോദിക്കും.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി അധ്യക്ഷയാകും. വാര്‍ത്താസമ്മേളനത്തില്‍ എ.കെ ഹുസൈന്‍ ഹാജി, എ.കെ അബ്ദുര്‍റഹ്മാന്‍, വി.പി സലാം, കെ.പി കുഞ്ഞിപ്പ ഹാജി, റസാഖ് കുടല്ലൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."