വളാഞ്ചേരി പീഡനം: നഗരസഭാ കൗണ്‍സിലറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
മഞ്ചേരി: വിവാഹ വാഗ്ദാനം നല്കി 17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ വളാഞ്ചേരി നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി തള്ളി. വളാഞ്ചേരി നഗരസഭയില്‍ 32-ാം ഡിവിഷനിലെ കൗണ്‍സിലര്‍ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി എ.വി നാരായണന് തള്ളിയത്. പ്രതിക്കു വേണ്ടി അഡ്വ. ബി.എ ആളൂരാണ് മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്.
പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയതോടെ കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. ഷംസുദ്ദീന് മന്ത്രി കെ.ടി ജലീലുമായി അടുത്ത ബന്ധമുണ്ടെന്നും പ്രതിയെ സംരക്ഷിക്കാന്‍ ജലീല്‍ ശ്രമിച്ചെന്നും ആരോപണം ഉയര്‍ന്നതോടെ കേസിന് രാഷ്ട്രീയ മാനം കൈവന്നിരുന്നു. പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ വളാഞ്ചേരി പൊലിസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ ഷംസുദ്ദീനെ പ്രതിചേര്‍ത്ത് പൊലിസ് കേസെടുത്തെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."