വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച സംശയങ്ങളെല്ലാം ദൂരീകരിക്കണമെന്ന് മുന്‍ മുഖ്യ തെര. കമ്മിഷനര്‍
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ (ഇ.വി.എം) സംബന്ധിച്ച് പ്രതിപക്ഷത്തിനും പൊതുജനങ്ങള്‍ക്കുമുള്ള സംശയങ്ങളെല്ലാം ദൂരീകരിക്കാനുളള ബാധ്യത തെരഞ്ഞെടുപ്പ് കമ്മിഷനുണ്ടെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷനര്‍ എസ്.വൈ ഖുറേഷി ആവശ്യപ്പെട്ടു. ഇ.വി.എം അല്ലെങ്കില്‍ വിവിപാറ്റില്‍ ക്രമക്കേടുകള്‍ നടക്കാനുള്ള യാതൊരു സാധ്യതയുമില്ല. വോട്ടിങ് യന്ത്രത്തിന് വ്യത്യസ്ത കണക്കുകള്‍ കാണിക്കാന്‍ കഴിയില്ല. ഓരോ തവണ നിങ്ങള്‍ യന്ത്രത്തിന്റെ ബട്ടന്‍ അമര്‍ത്തുമ്പോഴും അതില്‍ സമാനമായ കണക്കുകളാണുണ്ടാവുക. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ മനസിലാവുന്നില്ല. എന്നാലും ഇക്കാര്യം പ്രതിപക്ഷത്തെയും പൊതുജനങ്ങളെയും പൂര്‍ണമായി ബോധ്യപ്പെടുത്തി അവരെ വിശ്വാസത്തിലെടുക്കാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മിഷനുണ്ട്- അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, വിവിപാറ്റും വോട്ടിങ് യന്ത്രവും അട്ടിമറി നടക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. ഇ.വി.എം അട്ടിറിക്കാമെന്ന് ഇതുവരെ ആരും തെളിയിച്ചിട്ടില്ല. വിവിപാറ്റുകള്‍ കൊണ്ടുവന്നതോടെ അത്തരമൊരു സാധ്യത പൂര്‍ണമായി ഇല്ലാതാവുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസ്യത ഉണ്ടാവണമെങ്കില്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കേണ്ടതുണ്ട്. ബാലറ്റിലേക്ക് തിരിച്ചുപോവണമെന്ന ആവശ്യത്തെ അംഗീകരിക്കാനാവില്ല. പഴയ ബാലറ്റ് സമ്പ്രദായത്തിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യത്തിന് യാതൊരു പ്രസക്തിയുമില്ല. വിവിപാറ്റ്, വോട്ടിങ് യന്ത്രങ്ങള്‍ എന്നീ സംവിധാനങ്ങള്‍ പരിഷ്‌കരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളിലെയും വിവിപാറ്റിലെയും വോട്ടുകള്‍ തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ഭെല്‍) നിഷേധിച്ചു. വോട്ടിങ് യന്ത്രങ്ങളിലെയും വിവിപാറ്റിലേയും വോട്ടുകള്‍ പൊരുത്തക്കേട് ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് പോലും എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യന്ത്രങ്ങളിലേയും വിവിപാറ്റിലേയും വോട്ടുകള്‍ വ്യത്യാസം വരാന്‍ ഒരു സാധ്യതയുമില്ലെന്നും ഭെല്‍ ചെയര്‍മാന്‍ എം.വി ഗൗതമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവിപാറ്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കപ്പെട്ടുകഴിഞ്ഞു. ഇ.വി.എമ്മില്‍ അനാവശ്യ ഇടപെടലുകള്‍ നടത്താനാവില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് വിവിപാറ്റുകള്‍ ഉപയോഗിക്കുന്നത്. കൃത്രിമം നടത്തിയാല്‍ വിവിപാറ്റിലൂടെ അത് കണ്ടെത്താനാവും. എന്നാല്‍ പേപ്പര്‍ ബാലറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍ ആരെങ്കിലും കൃത്രിമം നടത്തിയാല്‍ അത് കണ്ടെത്തുക വലിയ പ്രയാസകരമാകും. ഏതെങ്കിലും സ്ഥാനാര്‍ഥികള്‍ക്ക് വോട്ടിങ് യന്ത്രങ്ങളെ കുറിച്ച് സംശയം ഉണ്ടെങ്കില്‍ 45 ദിവസത്തിനുള്ളില്‍ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."