എയ്ഡഡ് അധ്യാപകരുടെ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിക്കണം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനായി സംസ്ഥാന സര്‍ക്കാര്‍ 7000 കോടി രൂപ മാറ്റി വക്കാന്‍ തയാറായിരിക്കുന്നു. എന്നാല്‍ തങ്ങള്‍ പഠിപ്പിക്കുന്ന വിദ്യാലയത്തെയോ അധ്യയന രീതിയേയൊ വിശ്വാസത്തിലെടുക്കാതെ ഒരു വിഭാഗം അധ്യാപകര്‍ സ്വന്തം മക്കളെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അയച്ച്, മറ്റ് രക്ഷിതാക്കള്‍ കുട്ടികളെ ഇവിടേക്ക് അയക്കേണ്ടതില്ലെന്ന തെറ്റായ സന്ദേശമാണ് നല്‍കുന്നത്. പലര്‍ക്കും സ്വന്തം തസ്തിക സംരക്ഷിക്കാനുള്ള ഇരകള്‍ മാത്രമാണ് സാധാരണ കുട്ടികള്‍. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മക്കള്‍ സ്വകാര്യ ബസില്‍ യാത്ര ചെയ്യാറില്ലേ. ബീവറേജസ് ജീവനക്കാരും കുടുംബാംഗങ്ങളും മദ്യപിക്കണമെന്ന് നിര്‍ബന്ധമുണ്ടോ എന്നിങ്ങനെയുള്ള വിചിത്ര വാദഗതികള്‍ പല അധ്യാപക വാട്‌സ് ആപ് കൂട്ടായ്മകളിലും കാണുന്നുണ്ട്. എന്തൊക്കെ പ്രതിഷേധങ്ങളുണ്ടായാലും സ്വന്തം മക്കളെ പൊതു വിദ്യാലയങ്ങളില്‍ ചേര്‍ക്കില്ലെന്ന് വാശി പിടിക്കുന്ന സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന ഇക്കൂട്ടര്‍
വിശ്വാസമില്ലാത്തൊരു സംവിധാനത്തില്‍ നിന്നും ജോലി രാജിവച്ച് പോകുകയാണ് വേണ്ടത്. വളരെ പ്രധാനപ്പെട്ട മറ്റൊരു വിഷയം കൂടി ഉണ്ട്. ഗവ. അധ്യാപകര്‍ക്കോ ഗവ. ജീവനക്കാര്‍ക്കോ ഇല്ലാത്ത ഒരാനുകൂല്യമാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള എയ്ഡഡ് അധ്യാപകരുടെ അവകാശം. സര്‍വിസ് ചട്ടങ്ങള്‍ ബാധകമാകാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് പുറമെ ഇവര്‍ക്ക് പഞ്ചായത്ത് മെമ്പര്‍ മുതല്‍ പാര്‍ലമെന്റ് അംഗമാകുന്നതിനു വരെ യാതൊരു തടസവുമില്ല.
പി. എസ്.സി പരീക്ഷയെഴുതി മികവിന്റെ അടിസ്ഥാനത്തില്‍ ജോലിനേടിയ ഒരു ജീവനക്കാരന് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ ജോലി രാജിവെക്കണം. എന്നാല്‍ മാനേജ്‌മെന്റ്‌നിയമിച്ചവര്‍ സ്ഥാനാര്‍ഥികളെന്ന ആനുകൂല്യത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളില്‍ നിന്നുപോലും ഒഴിവാക്കപ്പെടുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളായ പല അധ്യാപകരും സ്‌കൂളില്‍ തിരിഞ്ഞുനോക്കാറില്ല. ചിലര്‍ പകരക്കാരെ നിയോഗിച്ച് ക്ലാസെടുപ്പിക്കുന്നു.
പൊതു വിദ്യാലയങ്ങള്‍ കൂടുതല്‍ കരുത്തോടെയും പ്രതാപത്തോടെയും തിരിച്ചു വരുന്ന ഈ അവസരത്തില്‍ അധ്യാപന ഗുണനിലവാരം ഉയര്‍ത്തുന്നതിനായി എയ്ഡഡ് സ്‌കൂള്‍ കോളജ് അധ്യാപകരുടെ രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം എടുത്തു കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."