ഇംഗ്ലണ്ടിലും അന്റോണിയോ കോണ്ടെ
ലണ്ടന്‍: സൂപ്പര്‍ പരിശീലകര്‍ മത്സരിച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അന്റോണിയോ കോണ്ടെയുടെ തന്ത്രങ്ങള്‍ക്ക് പത്തര മാറ്റിന്റെ തിളക്കം. കിരീട ജേതാക്കളില്‍ നിന്ന് തൊട്ടടുത്ത സീസണില്‍ അവസാന സ്ഥാനത്തേക്ക് വീണ് പോയി ചാംപ്യന്‍സ് ലീഗ് ബര്‍ത്ത് പോലുമില്ലാതെ തപ്പിത്തടഞ്ഞ ചെല്‍സിയെന്ന ക്ലബിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ക്ലബ് ഉടമ റോമ അബ്രമോവിച് കണ്ടെത്തിയ പരിഹാരമായിരുന്നു കോണ്ടെ. അത് കൃത്യമായിരുന്നുവെന്ന് അവരുടെ ആറാം കിരീടം നേട്ടം അടിവരയിട്ടു. തുടക്കത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി മുന്നേറിയ ലീഗില്‍ അവരെ പിന്തള്ളി ഒന്നാം സ്ഥാനം പിടിച്ച ചെല്‍സി പിന്നീട് താഴേക്ക് പോയിട്ടില്ല എന്നതാണ് പ്രകടന നിലവാരത്തിന്റെ മികവ്.
തുടക്കത്തില്‍ അസ്വസ്ഥരായി ക്ലബ് വിടുന്നതടക്കം ആലോചിച്ച ഡീഗോ കോസ്റ്റ, ഏദന്‍ ഹസാദ്, സെസ്‌ക്ക് ഫാബ്രിഗസ് തുടങ്ങിയ വമ്പന്‍ താരങ്ങളില്‍ ആത്മവിശ്വാസം നിറച്ച് അവരടക്കമുള്ള താരങ്ങളെ സ്വന്തം ചുറ്റുവട്ടത്ത് നിര്‍ത്തിയാണ് കോണ്ടെ യുവന്റസില്‍ പുറത്തെടുത്ത പരിശീലന മികവ് ഇംഗ്ലണ്ടിലും ആവര്‍ത്തിച്ചത്. യുവന്റസിനെ തുടര്‍ച്ചയായ മൂന്ന് വട്ടം സീരി എ കിരീടത്തിലേക്ക് നയിച്ച കോണ്ടെ അവിടെ വിജയിച്ച ഫോര്‍മേഷന്‍ തന്ത്രം തന്നെ ചെല്‍സിയിലും വിജയകരമായി നടപ്പാക്കുകയായിരുന്നു. ലെയ്സ്റ്റര്‍ സിറ്റിയില്‍ നിന്ന് എന്‍ഗാളോ കാണ്ടെയെ കൊണ്ടുവന്ന് മധ്യനിരയുടെ കടിഞ്ഞാണേല്‍പ്പിച്ച കോണ്ടെ വിക്ടര്‍ മോസസിനെ വിങുകളിലൂടെ കയറിയും ഇറങ്ങിയും കളിപ്പിച്ച് രൂപപ്പെടുത്തിയ തന്ത്രം വന്‍ വിജയമാറി മാറുകയായിരുന്നു. 2012 മുതല്‍ ചെല്‍സി ടീമിലുള്ള നൈജീരിയന്‍ താരമായ മോസസ് കഴിഞ്ഞ മൂന്ന് സീസണിലും മറ്റ് ടീമുകള്‍ക്കായി വായ്പാ താരമായി കളിക്കുകയായിരുന്നു. കോണ്ടെ ഈ സീസണില്‍ താരത്തെ മടക്കി കൊണ്ടുവന്നാണ് ചെല്‍സിയില്‍ വിപ്ലവ മുന്നേറ്റത്തിന് അടിത്തറയിട്ടത്. കഴിഞ്ഞ സീസണില്‍ നിറം മങ്ങിപ്പോയ കോസ്റ്റയും ഹസാദും ഈ സീസണില്‍ ഗോളുകള്‍ അടിക്കാന്‍ മത്സരിച്ചു. കോസ്റ്റ 20 ഹസാദ് 15ഉം ഗോളുകള്‍ നേടി.
കഴിഞ്ഞ സീസണില്‍ ലെയ്സ്റ്റര്‍ സിറ്റിയെ ചരിത്രത്തിലാദ്യമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് അവരുടെ മധ്യനിരയില്‍ അച്ചുതണ്ടായി നിന്ന എന്‍ഗോളോ കാണ്ടെയുടെ മികവായിരുന്നു. ചെല്‍സി താരത്തെ പാളയത്തിലെത്തിച്ചപ്പോള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രീമിയര്‍ ലീഗ് കിരീടമെന്ന നേട്ടമാണ് കാണ്ടെ സ്വന്തമാക്കിയത്. ഈ സീസണില്‍ ചെല്‍സിയുടെ മുന്നേറ്റത്തിന്റെ ജീവശ്വാസം ഈ 26 കാരനായ ഫ്രഞ്ച് താരം മധ്യനിരയില്‍ രൂപപ്പെടുത്തിയ കളി മികവായിരുന്നുവെന്ന് നിസംശയം പറയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."