ജില്ലാ, ജനറല്‍ ആശുപത്രികളിലും ഇനി സൂപ്പര്‍ സ്പെഷാലിറ്റി സേവനം
തിരുവനന്തപുരം: സൂപ്പര്‍ സ്പെഷാലിറ്റി കേഡറിലുള്ള ഡോക്ടര്‍മാരുടെ സേവനം ഇനിമുതല്‍ ജില്ലാ, ജനറല്‍ ആശുപത്രികളിലേക്കും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മെഡിക്കല്‍ കോളജുകളില്‍ മാത്രമായിരുന്ന സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങളാണ് ഇനി ആരോഗ്യവകുപ്പിന്റെ ജില്ലാ, ജനറല്‍ ആശുപത്രികളിലും ലഭ്യമാക്കുന്നത്.
മികച്ച സൂപ്പര്‍ സ്പെഷാലിറ്റി സൗകര്യങ്ങള്‍ ഒരുക്കിയതിനൊപ്പം സൂപ്പര്‍ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെ സേവനംകൂടി ലഭ്യമാക്കിയതോടെ മെഡിക്കല്‍ കോളജുകളെപ്പോലെ ഗുണനിലവാരമുള്ള ചികിത്സ ജില്ലാ, ജനറല്‍ ആശുപത്രികളിലും ലഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ആരോഗ്യവകുപ്പിലെ സൂപ്പര്‍ സ്പെഷാലിറ്റി യോഗ്യതയുള്ള ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക കേഡറിനു രൂപം നല്‍കിയത്. ഇതോടെ പൊതുജനാരോഗ്യ മേഖലയില്‍ ഇവരുടെ സേവനം വ്യാപിപ്പിക്കാന്‍ കഴിയും.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജനസൗഹൃദമാക്കി മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ അനുവദിച്ചത്. നിലവില്‍ ആരോഗ്യവകുപ്പിനു കീഴിലുള്ള ആശുപത്രികളില്‍ അഡ്മിനിസ്ട്രേറ്റീവ് കേഡര്‍, സ്പെഷാലിറ്റി കേഡര്‍, ജനറല്‍ കേഡര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാണുള്ളത്. ഭരണനിര്‍വഹണത്തിനു വേണ്ടിയുള്ളതാണ് അഡ്മിനിസ്ട്രേറ്റീവ് കേഡര്‍. മെഡിസിന്, സര്‍ജറി, ഗൈനക്കോളജി വിഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ളതാണ് സ്പെഷാലിറ്റി കേഡര്‍. താലൂക്ക് ആശുപത്രികള്‍ മുതല്‍ മുകളിലോട്ടുള്ള ആശുപത്രികളില്‍ സ്പെഷാലിറ്റി കേഡറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."