കണ്ണീരുണങ്ങാതെ കൂട്ടുകാര്‍ കാത്തിരിക്കുന്നു; അബ്ദുല്‍ ഫത്താഹിനെ അവസാനമായി കാണാന്‍...
വേങ്ങര: ബദ്‌രിയ്യ ശരീഅത്ത് കോളജിലെ വിദ്യാര്‍ഥികള്‍ക്കിനിയും ആ വാര്‍ത്ത വിശ്വസിക്കാനാകുന്നില്ല, കൂട്ടുകാരന്‍ അബ്ദുല്‍ ഫത്താഹ് വിടവാങ്ങിയിരിക്കുന്നെന്ന വാര്‍ത്ത. ഉച്ചയ്ക്കു ഭക്ഷണം കഴിക്കാനാകുമ്പോഴേക്കു തിരിച്ചെത്താമെന്ന് ഉറപ്പുനല്‍കി കോളജിലേക്കു പഠനസാമഗ്രികള്‍ വാങ്ങാനായി പോയ അബ്ദുല്‍ഫത്താഹിന്റെ ചേതനയറ്റ ശരീരമാണ് ഇന്നു കൂട്ടുകാരുടെ മുന്നിലെത്തുക, സുഹൃത്തിനെ അവസാനമായി കാണാനും യാത്രയാക്കാനുമായി കണ്ണീരോടെ കാത്തിരിക്കുകയാണവര്‍.
പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളജിന്റെ ജൂനിയര്‍ കോളജായ കുറ്റാളൂര്‍ ബദ്‌രിയ്യയിലേക്കു പഠനസാമഗ്രികള്‍ ശേഖരിക്കാന്‍പോയ കടുങ്ങല്ലൂര്‍ വെള്ളേരി ചെങ്ങനം മുട്ടിക്കല്‍ അബ്ദുല്‍ ഫത്താഹാണ് കുന്നുംപുറത്തിനടുത്തു നടന്ന ബൈക്കപകടത്തില്‍ മരണപ്പെട്ടത്. കരുവാങ്കല്ല് പാലംതൊടു മള്ഹര്‍ കോളജിലേക്ക് ഉറ്റസുഹൃത്ത് സല്‍മാന്‍ ബാസിലിനൊപ്പമായിരുന്നു ഫത്താഹിന്റെ യാത്ര. കുന്നുംപുറം തോട്ടശ്ശേരിയറയിലായിരുന്നു അപകടം.
സാരമായ പരുക്കുകളോടെ കോട്ടക്കലിലെ ആശുപത്രിയിലുള്ള സല്‍മാന്‍ ബാസിലിനു തുണയായത് ഹെല്‍മറ്റാണ്. ലോറിക്കടിയില്‍ കുടുങ്ങിയ ഇരുവരേയും പുറത്തെടുക്കുമ്പോള്‍ ഹെല്‍മറ്റ് തകര്‍ന്നിരുന്നു. അബ്ദുല്‍ ഫത്താഹ് കോളേജ് യൂനിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.
ഇന്നു രാവിലെ പതിനൊന്നോടെ മൃതദേഹം കോളജിലെത്തിക്കും. കടുങ്ങല്ലൂര്‍ വെള്ളേരി ഗ്രാമത്തിനും അബ്ദുല്‍ ഫത്താഹിന്റെ യാത്ര നൊമ്പരമായി. എസ്.കെ.എസ്.എസ്.എഫ് സംഘാടകനും നാട്ടുകാരുടെ പ്രിയങ്കരനുമായിരുന്നു ഫത്താഹ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."