കുപ്പിവെള്ളത്തില്‍ മാലിന്യം: ആരോഗ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചു
പാനൂര്‍: കുടിക്കാനായി വിതരണത്തിനെത്തിച്ച കുപ്പിവെള്ളത്തില്‍ മാലിന്യം. വെള്ളം കുടിച്ചവര്‍ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മലിനജലമാണെന്ന് കണ്ടെത്തിയത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പന്ന്യന്നൂര്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും പാനൂര്‍ പൊലിസും ചേര്‍ന്ന് സംയുക്ത നടപടികള്‍ ആരംഭിച്ചു.
ചമ്പാട് ചോതാവൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിന് സമീപത്തെ കടയില്‍ വില്‍പനക്കെത്തിച്ച ഓക്‌സിബ്ലൂ വെള്ളക്കുപ്പിയിലാണ് മാലിന്യം കണ്ടത്. വെള്ളക്കുപ്പിയിലെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ നിങ്ങള്‍ കേസ് കൊടുത്തോളൂ എന്നായിരുന്നു മറുപടി. വിവരമറിഞ്ഞെത്തിയ ചോതാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് നസീര്‍ ഇടവലത്ത് പന്ന്യന്നൂര്‍ പഞ്ചായത്തധ്യക്ഷ എ. ശൈലജയെയും പാനൂര്‍ പൊലിസിനെയും പരാതി അറിയിച്ചു. തുടര്‍ന്ന് പഞ്ചായത്ത് അധ്യക്ഷ ശൈലജ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പാനൂര്‍ എസ്.ഐ സന്തോഷ് എന്നിവര്‍ ചേര്‍ന്ന് പാനൂരിലെ കുപ്പിവെള്ള വിതരണ കേന്ദ്രത്തില്‍ പരിശോധന നടത്തി. അന്വേഷണത്തില്‍ മംഗലാപുരത്ത് നിന്നാണ് കുടിവെള്ളമെത്തുന്നതെന്നും കല്ലികണ്ടിയിലാണ് ഏജന്‍സി പ്രവൃത്തിക്കുന്നതെന്നും വ്യക്തമായി. വിപണികളിലെത്തിച്ച കുപ്പിവെള്ളം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ നടപടികളെടുക്കാനാണ് അധികാരികളുടെ തീരുമാനം.ജില്ലാ കലക്ടര്‍, ഡി.എം.ഒ അടക്കമുള്ള ഉന്നത അധികാരികള്‍ക്കും ഇതു സംബന്ധിച്ച പരാതികള്‍ കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."