വിട്ടുവീഴ്ചയില്ലെന്ന നിലപാടിലുറച്ച് പി.ജെ ജോസഫ്
തൊടുപുഴ: കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് സ്ഥാനം ന്യായമായും തനിക്കവകാശപ്പെട്ടതാണെന്ന് ആക്ടിങ് ചെയര്മാന് പി.ജെ ജോസഫ് എം.എല്‍.എ. തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ. മാണി അനുകൂലികളുടെ കത്ത് ലഭിച്ചിട്ടുണ്ട്. എന്നാല്‍ സമവായ ചര്‍ച്ചയുടെ തിയതി നിശ്ചയിച്ചിട്ടില്ല. വിദേശത്തുള്ള മോന്‍സ് ജോസഫ് എം.എല്‍.എ മടങ്ങിയെത്തിയ ശേഷം തിയതി നിശ്ചയിക്കുമെന്നും പി.ജെ ജോസഫ് പറഞ്ഞു. താന്‍ ചെയര്‍മാനും ജോസ് കെ. മാണി വര്‍ക്കിങ് ചെയര്‍മാനും സി.എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ആവുന്നതാണ് ന്യായമെന്ന് പി.ജെ ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ തെരുവില്‍ വലിച്ചിഴക്കുന്നത് ശരിയല്ല. പ്രശ്നങ്ങള്‍ തുടങ്ങിവച്ചത് ജോസ് കെ. മാണി വിഭാഗമാണ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ക്കും. ചെയര്മാന് സ്ഥാനം സംബന്ധിച്ച് അതില്‍ ചര്‍ച്ച ചെയ്ത് സമവായമുണ്ടാക്കിയ ശേഷം സംസ്ഥാന കമ്മിറ്റിയില്‍നിന്ന് അംഗീകാരം നേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."