1423 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം
തിരുവനന്തപുരം: മസാല ബോണ്ടിറക്കി വിവാദത്തില്‍പെട്ട സാഹചര്യത്തിലും പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കിഫ്ബി. കുടിവെള്ള പദ്ധതികള്‍, ആശുപത്രി വികസനം, റോഡുകള്‍, റെയില്‍വേ ഓവര്‍ബ്രിഡ്ജ്, സ്‌റ്റേഡിയം നിര്‍മാണം തുടങ്ങി 1423 കോടി രൂപയുടെ 29 പദ്ധതികള്‍ക്കാണ് കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗവും കിഫ്ബി ബോര്‍ഡ് യോഗവും അംഗീകാരം നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതുവരെ വിവിധ വകുപ്പുകളില്‍ 29455.71 കോടി രൂപയുടെ 552 പദ്ധതികള്‍ക്കും വിവിധ വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 14275.17 കോടി രൂപയുടെ പദ്ധതിയും അംഗീകരിച്ചിരുന്നു. മൊത്തം 43730.88 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി അംഗീകരിച്ചിട്ടുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
816.91 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികള്‍ക്കാണ് ഇന്നലെ നടന്ന യോഗം അംഗീകാരം നല്‍കിയത്. കുട്ടനാട് കുടിവെള്ള പദ്ധതിയാക്കി 289.54 കോടി രൂപയും തിരുവനന്തപുരം- നെയ്യാര്‍ ബദല്‍ സ്രോതസ് പദ്ധതിക്കായി 206.96 കോടി രൂപയും മലപ്പുറം- കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ പദ്ധതിക്ക് 108.70 കോടി രൂപയും ആലപ്പുഴ നഗരസഭയിലെ ജലവിതരണ സംവിധാനത്തിനായി 211.71 കോടി രൂപയും അംഗീകരിച്ചു. വിവിധ ആശുപത്രികളുടെ നവീകരണത്തിന് 270 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് 67 കോടിയുടെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് 64 കോടിയുടെയും മട്ടന്നൂര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് 71 കോടി രൂപയുടെയും പദ്ധതികള്‍ അംഗീകരിച്ചു. വിവിധ സ്‌റ്റേഡിയങ്ങള്‍ക്കായി 80 കോടി രൂപയുടെ പദ്ധതികളാണ് അംഗീകരിച്ചത്.
മൂവാറ്റുപുഴയില്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം, ഇടുക്കി നെടുങ്കണ്ടത്ത് കെ.പി. തോമസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, തിരൂര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയം, കോഴിക്കോട് ഫറോക്ക് ജി. ജി.വി.എച്ച്.എസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ നങ്ങ്യാര്‍കുളങ്ങര, പാലക്കാട് വല്ലപ്പുഴ, തൃശൂര്‍ നന്തിക്കര, കോട്ടയം കടുത്തുരുത്തി എന്നിവിടങ്ങളില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജുകള്‍ നിര്‍മിക്കുന്നതിന് 114 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. പ്രളയ സെസിന് ജി.എസ്.ടി കൗണ്‍സിലിന്റെ അംഗീകാരം പ്രതീക്ഷിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു.
ഉപഭോക്താവിന് മുകളില്‍ അധിക ബാധ്യതയുണ്ടാകാതെ പ്രളയ സെസ് ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. പ്രളയ സെസില്‍ നിന്നുള്ള പണം പൂര്‍ണമായി ഗ്രാമീണ റോഡിന് വിനിയോഗിക്കും. ഇതിനുള്ള എസ്റ്റിമേറ്റ് തയാറായതായി മന്ത്രി പറഞ്ഞു.
43730 കോടിയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അനുമതി നല്‍കിയിട്ടുള്ളത്. മസാല ബോണ്ട് ഇറക്കിയത് ഉള്‍പ്പെടെ 10,000 കോടിയോളം രൂപയാണ് കിഫ്ബിയുടെ കൈവശമുള്ളത്. ഈ വര്‍ഷം ഇതില്‍ കൂടുതല്‍ പണം ആവശ്യമില്ലെന്നാണ് ധമന്ത്രിയുടെ നിലപാട്. പ്രവാസി ബോണ്ട്, റുപ്പി ബോണ്ട് തുടങ്ങി ബോണ്ടുകള്‍ പുറത്തിക്കിയും കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയില്‍നിന്നും കിഫ്ബിയിലേക്കുള്ള പണം സമാഹരിക്കും. ഇങ്ങനെ സമാഹരിക്കുന്ന പണത്തിനെല്ലാംകൂടി ശരാശരി ഒന്‍പത് ശതമാനം പലിശയാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
പ്രളയ സെസില്‍ തീരുമാനമായില്ല; വൈകും
തിരുവനന്തപുരം: പ്രളയ സെസ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇനിയും തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രളയ സെസ് ഏര്‍പ്പെടുത്തുന്നത് ഒരു മാസംകൂടി വൈകുമെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
നിലവിലുള്ള സമ്പ്രദായത്തില്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയാല്‍ അത് ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയാകും. അതായത് സാധനത്തിന്റെ പരമാവധി വിലയെക്കാള്‍ കൂടുതല്‍ പണം നല്‍കേണ്ട അവസ്ഥയാകും ഉണ്ടാകാന്‍ പോകുന്നത്. അതുകൊണ്ട് സാധനത്തിന്റെ പരമാവധി വിലക്കു മുകളില്‍ പ്രളയ സെസ് ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കുന്നതിനാണ് ശ്രമിക്കുന്നതെന്നാണ് ധനമന്ത്രി പറയുന്നത്. അതിനായി സംസ്ഥാന നിമയത്തില്‍ മാത്രമല്ല കേന്ദ്ര ജി.എസ്.ടി നിയമത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. ഉപഭോക്താക്കളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാത്ത പരിപാടിയാണ് ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ സാധനത്തിന്റെ പരമാവധി വില മാറ്റാതെതന്നെ പ്രളയ സെസ്‌കൂടി ഏര്‍പ്പെടുത്താനാകും. പക്ഷേ എന്നുമതലാകും പ്രളയ സെസ് ഏര്‍പ്പെടുത്തുകയെന്ന കാര്യത്തില്‍ ധനമന്ത്രിക്കും കൃത്യതയില്ല. കേന്ദ്രത്തില്‍ പുതിയ മന്ത്രിസഭയും ധനമന്ത്രിയും വന്ന സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ ആവശ്യമായിവരും. മാത്രമല്ല, ജി.എസ്.ടി കൗണ്‍സിലിന്റെ അടുത്ത യോഗം ചേരുന്നതിനുള്ള തീയതിയും ഇതുവരെ നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ പ്രളയ സെസ് പിരിക്കുന്നത് ഇനിയും വൈകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."