രാജ്യത്ത് കൊവിഡ് രോഗികള്‍ കുറയുന്നു; ഓക്‌സ്ഫഡിന്റെ കൊവിഡ് വാക്‌സിന്‍ ആദ്യശ്രേണി നവംബറിലെത്തും
ന്യുഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയുന്നു. മഹാരാഷ്ട്രയിലും കേരളത്തിലും തമിഴ്‌നാട്ടിലും ആന്ദ്രയിലും രോഗം കുറയുകയാണ്. തിങ്കളാഴ്ച 3,645 പേര്‍ക്ക് മാത്രമാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 9,905 പേര്‍ രോഗമുക്തരായതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.
തമിഴ്‌നാട്ടില്‍ 2,708 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7,11,713 ആയി. 29,268 രോഗികളാണ് ഇപ്പോള്‍ അവിടെ ചികിത്സയിലുള്ളത്. കോവിഡ് മരണസംഖ്യ 10,956 ആയി. തിങ്കളാഴ്ച 32 മരണം റിപ്പോര്‍ട്ട് ചെയ്തു. 6,71,489 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇന്നുമാത്രം 4,014 പേര്‍ രോഗമുക്തരായി.
ആന്ധ്രാപ്രദേശില്‍ പുതിയ രോഗികളുടെ എണ്ണം 2,000ത്തില്‍ താഴെയാണ്. ഇന്ന് 1,901 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 19 പേര്‍ മരിച്ചു. 8,08,924 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം പിടിപെട്ടത്.
കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 8,715 പേര്‍കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ആകെയുള്ള 8,05,947 രോഗികളില്‍ 75,423 പേരാണ് ഇനി ചികിത്സയിലുള്ളത്. 7,19,558 പേര്‍ രോഗമുക്തരായി. 10,947 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നുമാത്രം 42 മരണം റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയം ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ആദ്യ ശ്രേണി സ്വീകരിക്കാന്‍ തയാറെടുക്കണമെന്ന് ലണ്ടനിലെ പ്രമുഖ ആശുപത്രി ജീവനക്കാരോട് നിര്‍ദേശം നല്‍കി. നവംബര്‍ രണ്ടിനുള്ളില്‍ തയാറെടുക്കണമെന്നാണ് ബ്രിട്ടനിലെ ദ സണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് അടുത്ത മാസത്തോടെ ഓക്‌സ്ഫഡ് വാക്‌സിന്‍ എത്തുമെന്നതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.
അതിനിടെ ഓക്‌സ്ഫഡ് വാക്‌സിന്‍ യുവാക്കളിലും പ്രായമുള്ളവരിലും ഒരുപോലെ ഫലംചെയ്യുന്നതായി നിര്‍മാതാക്കളായ ആസ്ട്രസെനക അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."