ലക്ഷ്യം കാണാതെ കുടിവെള്ള പദ്ധതി
മട്ടന്നൂര്‍: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ മട്ടന്നൂര്‍ നഗരസഭയിലെ പയ്യപറമ്പ്, നെല്ലിക്കുന്ന് ചേരി പ്രദേശത്ത് ലക്ഷങ്ങള്‍ ചിലവിട്ടു ആരംഭിച്ച കുടിവെള്ളപദ്ധതി ലക്ഷ്യം കണ്ടില്ല. ഒരുമാസം മുമ്പ് തുടങ്ങിയ പദ്ധതി നോക്കുകുത്തിയായതോടെ പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കിയ സ്ഥലത്തും മറ്റുമായാണ് ടാങ്കും കിണറും നിര്‍മിച്ചത്. പയ്യപ്പറമ്പില്‍ കിണറും ടാങ്കും നിര്‍മിച്ചെങ്കിലും നെല്ലിക്കുന്നില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ടാങ്ക് നിര്‍മിക്കുകയും നിലവിലുള്ള കുളം അരിക്‌കെട്ടി സംരക്ഷിക്കുകയുമായിരുന്നു. വേനല്‍ക്കാലത്ത് വരള്‍ച്ച രൂക്ഷമാകുന്നതാണ് പയ്യപ്പറമ്പ്, നെല്ലിക്കുന്ന് പ്രദേശത്ത് കുടിവെള്ള വിതരണ പദ്ധതി ആരംഭിക്കാന്‍ നഗരസഭ ഭരണസമിതി തീരുമാനിച്ചത്. പയ്യപ്പറമ്പ്, നാലാങ്കേരി വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ചേരി പ്രദേശത്തെ 150 ലേറെ വീടുകളില്‍ വെള്ളമെത്തിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്. കിണറും കുളവും വറ്റിയതോടെയാണ് പദ്ധതി ലക്ഷ്യംകാണാതെ വന്നത്. 42 ലക്ഷം രൂപ നിര്‍മിച്ച പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ മാര്‍ച്ച് 30നാണ് നഗരസഭ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ നിര്‍വഹിച്ചത്. സമഗ്ര ചേരിവികസന കുടിവെള്ള പദ്ധതി വേനല്‍ക്കാലത്ത് നൂറിലേറെ കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ ഇതുവഴി വെളളം ലഭിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സ്വകാര്യവ്യക്തി കൃഷി ആവശ്യത്തിന് വെള്ളമെടുക്കാന്‍ കുഴിച്ച കുളം കുടിവെള്ളത്തിനായി ഉപയോഗിച്ചതാണ് പദ്ധതി ലക്ഷ്യം കാണാതെ വന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കുളം വീതികൂട്ടി നവീകരിക്കാതെ ആള്‍മറ മാത്രംകെട്ടി നിര്‍മിച്ചതാണ് വെള്ളം പമ്പിങ് നടത്താന്‍ കഴിയാതിരുന്നത്. വീടുകളില്‍ പദ്ധതിയുടെ ഭാഗമായി കുടിവെള്ള ടാപ്പ് സ്ഥാപിച്ചിരുന്നുവെങ്കിലും ഇതുവഴി വെള്ളം ലഭിക്കാത്തത് ജനങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ലക്ഷങ്ങള്‍ ചിലവിട്ട് ആരംഭിച്ച പദ്ധതിയിലൂടെ വെള്ളമെത്തിക്കാനുള്ള നടപടിയാണ് പാഴായിരിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തില്‍ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും വിതരണം ചെയുന്ന വെള്ളമാണ് ഇവര്‍ക്ക് ആശ്വാസമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."