HOME
DETAILS

കോട്ടയം മെഡിക്കല്‍ കോളജ്: അനാസ്ഥയുടെ ക്രൂരമുഖം

  
backup
June 06 2019 | 21:06 PM

suprabhaatham-editorial-07-06-2019

 

ഒരാഴ്ചയ്ക്കുള്ളില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് അനാസ്ഥയുടെ രണ്ടു സംഭവങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മനുഷ്യജീവന്‍കൊണ്ട് പന്താടുന്ന ഇത്തരം സംഭവങ്ങളുടെ ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കാത്തതിനാലാണ് അനാസ്ഥയുടെ തുടര്‍ച്ചകള്‍ ഉണ്ടാകുന്നത്. അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവന്ന ഒരു രോഗിയെ തിരിഞ്ഞുനോക്കാതിരിക്കുകയും തെറ്റായ ചികിത്സാനിര്‍ണയത്തിലൂടെ യുവതിക്ക് കീമോതെറാപ്പി നല്‍കുകയും ചെയ്ത രണ്ട് സംഭവങ്ങളാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടായത്.


ഇടുക്കി സ്വദേശി ജേക്കബ് തോമസിനെ പനിയും ശ്വാസതടസവും നേരിട്ടതിനെത്തുടര്‍ന്നാണ് മകള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് കഴിഞ്ഞ ചൊവ്വാഴ്ച കൊണ്ടുവന്നത്. ഉച്ചയ്ക്ക് 2.15ന് എത്തിച്ച രോഗിയെ ആശുപത്രിയിലെ പി.ആര്‍.ഒ ഒന്നു വന്നുനോക്കി പോയതല്ലാതെ ഡോക്ടര്‍മാരാരും തിരിഞ്ഞുനോക്കിയില്ലെന്നാണ് മകളുടെ പരാതി. ഇതേതുടര്‍ന്ന് തൊട്ടടുത്തുള്ള രണ്ട് സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും അവരും ചികിത്സിക്കാന്‍ തയാറായില്ല. വീണ്ടും മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നെങ്കിലും അപ്പോഴും ഡോക്ടര്‍മാര്‍ നോക്കാന്‍ തയാറായില്ല. തന്നെ ഒന്ന് വന്നുനോക്കൂവെന്ന് രോഗിയായ തോമസ് ജേക്കബ് കേണപേക്ഷിച്ചിട്ടും ഡോക്ടര്‍മാരുടെ മനമലിഞ്ഞില്ലെന്നാണ് ദൃക്‌സാക്ഷികളും പറഞ്ഞത്. ഇതേതുടര്‍ന്ന് രോഗി ആംബുലന്‍സില്‍ കിടന്നുതന്നെ മരിക്കുകയായിരുന്നു.


മകളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗാന്ധിനഗര്‍ പൊലിസ് കോട്ടയം മെഡിക്കല്‍ കോളജിനെതിരേയും സ്വകാര്യ ആശുപത്രികള്‍ക്കെതിരേയും കേസെടുത്തിരിക്കുകയാണ്. മനഃപൂര്‍വമല്ലാത്ത നരഹത്യക്കും ചികിത്സാ പിഴവിനുമാണ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ രണ്ടു ദിവസം മുന്‍പാണ് കാന്‍സറില്ലാത്ത യുവതിക്ക് കോട്ടയം മെഡിക്കല്‍ കോളജ് കാന്‍സര്‍ ചികിത്സ വിധിച്ചത്. ആലപ്പുഴ കുടശ്ശനാട് ചിറയ്കിഴക്കേക്കര വീട്ടില്‍ രജനിയാണ് കാന്‍സറില്ലാതെ കാന്‍സര്‍ ചികിത്സക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ വിധേയയായത്.


കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മാറിലെ മുഴയ്ക്കു ചികിത്സതേടി രജനി ഇവിടെ എത്തിയത്. സര്‍ജറി വിഭാഗം ബയോപ്‌സിക്ക് നിര്‍ദേശിക്കുകയും അതിനായി പുറത്തെ ലാബിലേക്ക് ലാബിന്റെ പേരെഴുതിയ ശീട്ട് നല്‍കുകയും ചെയ്തു. മെഡിക്കല്‍ കോളജില്‍ ഫലം കിട്ടാന്‍ വൈകുമെന്നായിരുന്നു ഇതിന് ന്യായീകരണം പറഞ്ഞത്. സ്വകാര്യ ലാബില്‍നിന്ന് തെറ്റായ പരിശോധനാഫലം നല്‍കിയതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ കീമോതെറാപ്പി ചികിത്സ നല്‍കുകയും ചെയ്തു. ചികിത്സയുടെ ഫലമായി അവശയായ അവര്‍ക്ക് ജോലിക്കു പോകാന്‍പോലും കഴിഞ്ഞില്ല. കാന്‍സറില്ലെന്ന് തെളിഞ്ഞപ്പോഴേക്കും നിര്‍ധനയായ യുവതി ചികിത്സക്കായി അരലക്ഷത്തോളം രൂപ ചെലവാക്കിയിരുന്നു. കാന്‍സര്‍ സ്ഥിരീകരിക്കാന്‍ ഇമ്യൂണോനിസ്റ്റോ കെമിസ്ട്രി പരിശോധന വേണമെന്നും തുടര്‍ന്ന് ട്യൂമര്‍ ബോര്‍ഡ് ചേര്‍ന്നാണ് കാന്‍സര്‍ സ്ഥിരീകരിക്കേണ്ടതെന്നുമാണ് ചട്ടം. രജനിയുടെ കാര്യത്തില്‍ ഇതു രണ്ടും പാലിച്ചില്ല.


പനിയും ശ്വാസതടസവുമായി ജേക്കബ് തോമസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ മരിക്കുന്നതിന്റെ രണ്ടുദിവസം മുന്‍പ് പ്രവേശിപ്പിച്ചിരുന്നുവെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കയക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍പെട്ട ഒരു രോഗി വരുന്നുണ്ടെന്ന വിവരം കോട്ടയം മെഡിക്കല്‍ കോളജില്‍ നല്‍കാതിരുന്നതും അവിടെ വെന്റിലേറ്ററുണ്ടോ എന്ന് അന്വേഷിക്കാതിരുന്നതും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയുടെ വീഴ്ചയാണ്.


2017ല്‍ തമിഴ്‌നാട് സ്വദേശി മുരുകന് ഇതുപോലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ചികിത്സ നിഷേധിക്കുകയും തുടര്‍ന്ന് രോഗി മരിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് വമ്പിച്ച പ്രതിഷേധങ്ങളാണ് സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്തിനു നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിന്റെ ആവര്‍ത്തനം മേലില്‍ ഉണ്ടാവില്ലെന്ന് ആശ്വസിച്ചതായിരുന്നു നമ്മള്‍. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അതേ അനാസ്ഥ കോട്ടയം മെഡിക്കല്‍ കോളജില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് മുരുകനെ ചികിത്സിക്കാന്‍ വൈമനസ്യം കാണിച്ച ഡോക്ടര്‍മാര്‍ക്കെതിരേ പൊലിസ് കേസെടുക്കുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. മരണം സംഭവിക്കാമെന്നറിഞ്ഞിട്ടും ഡോക്ടര്‍മാര്‍ രോഗികളോട് ഇത്തരത്തിലുള്ള അവഗണന കാണിക്കുന്നത് കോഴ്‌സ് പൂര്‍ത്തിയാക്കി തൊഴിലിലേക്കിറങ്ങുമ്പോള്‍ എടുക്കുന്ന പ്രതിജ്ഞയ്ക്കു പുല്ലുവില കല്‍പിക്കുന്നതുകൊണ്ടാണ്.


രോഗികള്‍ നിര്‍ധനരാണെങ്കില്‍ അവഗണിക്കുക എന്നത് ചില ഡോക്ടര്‍മാരുടെ സ്വഭാവമാണ്. ലക്ഷങ്ങള്‍ മുടക്കി പഠനം നടത്തിയതിന്റെ ഇരട്ടി തിരികെപിടിക്കാനുള്ള ആര്‍ത്തിയാല്‍ ചികിത്സയുടെ ധാര്‍മികത മറക്കുകയാണ് ഇവര്‍. മനുഷ്യജിവനു തെല്ലും വിലകല്‍പിക്കാത്ത ഇത്തരം ഡോക്ടര്‍മാരുടെ എണ്ണം പെരുകിവരികയാണ്. ഇവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍ പണിമുടക്ക് ഭീഷണിയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ ചാടിവീഴുന്നു. അത്യാസന്ന നിലയിലുള്ള രോഗികളുടെ ജീവന് വിലപേശിയാണ് ഇവര്‍ സമരരംഗത്തേക്കിറങ്ങുക. ഡോക്ടര്‍മാരുടെ സംഘടനാശക്തിക്കു മുന്നില്‍ സര്‍ക്കാരുകള്‍ നിശബ്ദരാവാറാണ് പതിവ്. ഇതു മാറണം.


തെറ്റായ ചികിത്സ നല്‍കുന്ന ഡോക്ടര്‍മാര്‍ക്കും അത്യാഹിത രോഗികളെ പരിശോധിക്കാന്‍ തയാറാകാത്ത ഡോക്ടര്‍മാര്‍ക്കുമെതിരേ നരഹത്യയ്ക്ക് കേസെടുക്കുക തന്നെ വേണം. ഡോക്ടര്‍മാരുടെ സംഘടനകള്‍ ഇത്തരം ഡോക്ടര്‍മാരെ പുറത്താക്കുകയാണ് വേണ്ടത്. എങ്കില്‍ പൊതുസമൂഹത്തിന്റെ വിശ്വാസം അവര്‍ക്കു നേടിയെടുക്കാം. ഇതിനിടയിലും രോഗീപരിചരണത്തെ പ്രാര്‍ഥനപോലെ കരുതുന്ന ഡോക്ടര്‍മാരുമുണ്ട്. കാലത്ത് ആറുമണി മുതല്‍ അര്‍ധരാത്രിവരെ നിസ്വാര്‍ഥനായ ഒരു ഡോക്ടര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍തന്നെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നമ്മുടെ പൊതുജനാരോഗ്യത്തിന്റെ സിരാകേന്ദ്രമായ മെഡിക്കല്‍ കോളജുകള്‍ പാവങ്ങളുടെ അവസാനത്തെ അഭയകേന്ദ്രമാണ്. അവിടങ്ങളിലെ ഡോക്ടര്‍മാരെ വിശ്വസിച്ചേല്‍പിക്കുന്നത് വിലപ്പെട്ട ജീവനുകളാണ്. എന്നാല്‍ സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങിപ്പോകാമെന്ന് ഉറപ്പിക്കാനാകാത്ത അവസ്ഥയാണിപ്പോള്‍ ഉള്ളത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഇവ്വിധം അനാസ്ഥയുടെ കേന്ദ്രങ്ങളായി മാറുമ്പോള്‍ സാധാരണക്കാരായ രോഗികള്‍ ഏത് വാതിലിലാണ് ഇനി മുട്ടേണ്ടത്?.

 Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."