രാഹുലിന് ചെയ്യാവുന്നത്
രാജ്യം ഏറെ ഉറ്റുനോക്കിയ പൊതുതെരഞ്ഞെടുപ്പ് അവസാനിച്ചു. ഒരു ഘട്ടത്തില്‍ തൂക്കുസഭ പോലുമുണ്ടായേക്കുമെന്ന് അഭിപ്രായപ്പെട്ട രാഷ്ട്രീയ നിരീക്ഷകരെ അമ്പരിപ്പിച്ച് നരേന്ദ്രമോദി കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ സീറ്റുകള്‍ നേടി അധികാരത്തിലേറി. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വവത്തില്‍ തിരിച്ചുവരവ് പ്രതീക്ഷിച്ച കോണ്‍ഗ്രസിന്റെ പ്രകടനം വളരെ മോശമാണെന്നു തന്നെ വിലയിരുത്താം. അതുകൊണ്ടു തന്നെയാണ് പാര്‍ട്ടി കോട്ടകള്‍ പിടിച്ചടക്കിയിട്ടും കേരളത്തിലെ മിന്നുന്ന ജയത്തില്‍ കോണ്‍ഗ്രസിന് അധികം സന്തോഷിക്കാന്‍ കഴിയാത്തത്.
രാഹുല്‍ ഗാന്ധി നടത്തിയ 125ല്‍ പരം റാലികളിലെ ജനപങ്കാളിത്തവും മോദിയെ വെല്ലുവിളിച്ചുള്ള പ്രചാരണങ്ങളും മികച്ച തെരഞ്ഞെടുപ്പ് പ്രകടനപത്രികയും ഉണ്ടായിട്ടും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാത്തതുകൊണ്ടാണ് രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പദം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. മൃതാവസ്ഥയിലായിരുന്ന കോണ്‍ഗ്രസിന് മൃതസഞ്ജീവനിയായിരുന്നു 2019ലെ പൊതുതെരെഞ്ഞെടുപ്പില്‍ രാഹുല്‍. തന്റെ ആത്മാര്‍ഥതയ്‌ക്കൊത്ത് പാര്‍ട്ടി നേതാക്കള്‍ പ്രവര്‍ത്തിച്ചില്ലെന്നതാണ് ഈ രാജി സന്നദ്ധതയുടെ പിന്നിലെ ചേതോവികാരം. ഈ അവസരത്തില്‍ അദ്ദേഹം രാജിവയ്ക്കുന്നത് ബി.ജെ.പിക്ക് ഒരു രാഷ്ട്രീയ ആയുധമാകുമെന്നല്ലാതെ പാര്‍ട്ടിക്ക് യാതൊരുവിധ ചലനങ്ങളുമുണ്ടാക്കില്ല. തെരഞ്ഞെടുപ്പിലെ പരാജയങ്ങള്‍ ഉള്‍ക്കൊണ്ട് സംഘടനാ രംഗത്തും പാര്‍ലമെന്ററി രംഗത്തും മാറ്റങ്ങള്‍ കൊണ്ടുവരികയാണ് അദ്ദേഹം ചേയ്യേണ്ടത്. അതിലേക്കുള്ള ചില സാധ്യതകള്‍ പങ്കുവയ്ക്കുകയാണിവിടെ.
പാര്‍ലമെന്ററി രംഗത്തൊരു
നിഴല്‍ മന്ത്രിസഭ
പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ശക്തവും ക്രിയാത്മകവുമായ പ്രതിപക്ഷമാണ്. പാര്‍ലമെന്ററി ജനാധിപത്യം ആരംഭിച്ചത് ബ്രിട്ടനിലാണ്. അവിടെ നിലനില്‍ക്കുന്ന സമ്പ്രദായമാണു നിഴല്‍ മന്ത്രിസഭ. ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടിയുടെ നേതാവ് പ്രധാനമന്ത്രിയായി മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ തന്നെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലും ഒരു നിഴല്‍ മന്ത്രിസഭ രൂപീകരിക്കുന്നു. പ്രധാന വകുപ്പുകള്‍ക്കെല്ലാം പ്രതിപക്ഷ നേതാവ് ഓരോ വ്യക്തികള്‍ക്കും മന്ത്രിയുടെ ചുമതല നല്‍കുകയും യഥാര്‍ഥ കാബിനറ്റിനെ സസൂക്ഷ്മം വീക്ഷിച്ച് വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിച്ച് പൊതുജനത്തിനു മുന്നില്‍ തുറന്നു കാട്ടുന്നതോടൊപ്പം ക്രിയാത്മക നിര്‍ദേശങ്ങള്‍ കൂടി നല്‍കുകയും ചെയ്യാന്‍ ആവശ്യപ്പെടുന്നു. പ്രതിപക്ഷത്തിനു കൃത്യമായി കാര്യങ്ങള്‍ പഠിക്കാനും ഇടപെടാനും കഴിയുന്ന ഈ സമ്പ്രദായം കാനഡയിലും നിലനില്‍ക്കുന്നുണ്ട്.
പാര്‍ലമെന്ററി വ്യവസ്ഥ ബ്രിട്ടനില്‍ നിന്നു സ്വീകരിച്ചെങ്കിലും നിഴല്‍ മന്ത്രിസഭയെന്ന ആശയം നാം ഇതുവരെ സ്വീകരിച്ചിട്ടില്ല. അംഗീകൃത പ്രതിപക്ഷമാവാനുള്ള അംഗസംഖ്യ കോണ്‍ഗ്രസിനില്ലെങ്കിലും വേണമെങ്കില്‍ പാര്‍ട്ടിക്ക് ഉള്ളവരെ വച്ചോ യു.പി.എ രീതിയിലോ ഇതു നടപ്പില്‍ വരുത്താം. ഒരു പാന്‍ ഇന്ത്യന്‍ പാര്‍ട്ടിയെന്ന രീതിയില്‍ കോണ്‍ഗ്രസ് ഇന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷത്താണ്. അവിടങ്ങളിലും ഈ ആശയം നടപ്പാക്കാവുന്നതേയുള്ളൂ. പ്രതിപക്ഷ നേതാവ് ആരാകണം എന്ന ചര്‍ച്ച നടക്കുകയാണു പാര്‍ട്ടിയില്‍. ദക്ഷിണേന്ത്യയില്‍ നിന്ന് ഒരാളാകണമെന്ന ചര്‍ച്ചകളാണ് നടക്കുന്നത്. ഒരുകാലത്ത് ഹൃദയ ഭൂമിയില്‍ വേരോട്ടമുണ്ടായ പാര്‍ട്ടിയുടെ സ്വാധീനം ദക്ഷിണേന്ത്യയില്‍ മാത്രമായി ഒതുങ്ങിയെന്നതു യാഥാര്‍ഥ്യമാണ്. അതുകൊണ്ടു തന്നെ ഹിന്ദി ഹൃദയഭൂമിയില്‍ നിന്നൊരാള്‍ പാര്‍ട്ടിയുടെ നേതാവായി പാര്‍ലമെന്റില്‍ വരുന്നതാകും നല്ലത്. അതിലൂടെ ഹിന്ദി ഹൃദയ ഭൂമിയിലേക്ക് വീണ്ടും പാര്‍ട്ടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിയും.
പാര്‍ട്ടി പ്രവര്‍ത്തനത്തിന്
ഗാന്ധിയന്‍ മാതൃക
സംഘടനാപരമായ ദൗര്‍ബല്യമാണ് കോണ്‍ഗ്രസ് ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളി. പാര്‍ട്ടി ആശയങ്ങള്‍ താഴേത്തട്ടിലെത്തിക്കാനോ ക്രിയാത്മക പ്രവര്‍ത്തനങള്‍ ഏറ്റെടുക്കാനോ പറ്റിയ സംവിധാനം ഇന്നു പാര്‍ട്ടിക്കില്ല. ഒരുകാലത്ത് മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് വരുമ്പോള്‍ ദേശീയ പ്രസ്ഥാനത്തിന് വേണ്ടത്ര ജനകീയതയോ പങ്കാളിത്തമോ ഇല്ലായിരുന്നു എന്നത് ചരിത്രമാണ്. ഗാന്ധിജിയെപ്പറ്റി അധികമാരും പറയാതെ പോയത് അദ്ദേഹം അനുയായികളെയല്ല നേതാക്കളെ സൃഷ്ടിച്ചു എന്നതാണെന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹ അഭിപ്രായപ്പെടുന്നു. ഗാന്ധിജി എങ്ങനെയാണ് നേതാക്കളെയും കോണ്‍ഗ്രസിനെയും ദേശീയ പ്രസ്ഥാനത്തെയും വളര്‍ത്തിയതെന്നു രാമചന്ദ്ര ഗുഹ വിവരിക്കുന്നതിങ്ങനെയാണ്. 'സംഘടനയെ വളര്‍ത്തേണ്ട ഉത്തരവാദിത്വം സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിനും യുവാക്കളെയും ലോകത്തെയും സ്വാധീനിക്കാന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെയും അതുപോലെ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ദക്ഷിണേന്ത്യയിലേക്കെത്തിക്കാന്‍ സി. രാജഗോപാലാചാരിയെയും ഈ സന്ദേശങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ എത്തിക്കാന്‍ മൗലാനാ അബുല്‍കലാം ആസാദിനെയും മഹാത്മാഗാന്ധി ചുമതലപ്പെടുത്തുകയുണ്ടായി. കൂടാതെ സമൂഹനിര്‍മാണ പ്രക്രിയയില്‍ ഏര്‍പ്പെടാനുള്ള ചുമതലകളും അദ്ദേഹം വിഭജിച്ചുനല്‍കി. അതിന്റെ ഭാഗമായി ജെ.ബി കൃപലാനിയെ ഖാദി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ജെ.സി കുമരപ്പയെ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും സക്കീര്‍ ഹുസൈനെയും പുതിയ വിദ്യാഭ്യസ മാതൃക രൂപപ്പെടുത്താനും ഗാന്ധിജി ചുമതലപ്പെടുത്തി. ഇതിന്റെയൊക്കെ അന്തിമഫലമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. പില്‍ക്കാലത്ത് ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് ഈ നേതാക്കളായിരുന്നു'.
ഈ ഗാന്ധിയന്‍ നേതൃശൈലിയാണ് കോണ്‍ഗ്രസിന് ആവശ്യം. തെരഞ്ഞെടുപ്പില്‍ സര്‍വമേഖലയിലും രാഹുലിന്റെ ഒറ്റയാള്‍ തേരോട്ടമായിരുന്നു. പോകുന്നയിടങ്ങളിലെല്ലാം ആളുകളും കൂടിയിരുന്നു. പക്ഷെ ഇതിനൊരു അന്തിമഫലം ഉണ്ടായില്ല. രാഹുല്‍ഗാന്ധി പ്രസിഡന്റ് പദത്തില്‍ തുടരുകയും സമൂഹത്തിലെ വ്യത്യസ്ത മേഖലകളെ സ്വാധീനിക്കാന്‍ പറ്റുന്നവരെ നേതൃനിരയിലേക്ക് കൊണ്ടുവരികയും അതിനെയെല്ലാം കോ-ഓര്‍ഡിനേറ്റ് ചെയ്യുകയുമാണ് വേണ്ടത്. ഒരു ടീം ബില്‍ഡിങ്ങാണ് ഇന്നാവശ്യം. പദവികള്‍ അലങ്കരിക്കാനുള്ളതല്ല പ്രവര്‍ത്തിക്കാനുള്ളതാണ്. അത്തരത്തിലുള്ളവരെ ചുമതലയേല്‍പ്പിക്കുന്നതിനോടൊപ്പം ഈ ഇടപെടലിന് ഒരു വികേന്ദ്രീകൃത രൂപംകൂടി കൊണ്ടുവരേണ്ടതുണ്ട്.
ഗാന്ധിജി ദക്ഷിണേന്ത്യക്കാണ് പ്രാമുഖ്യം നല്‍കിയതെങ്കില്‍ വടക്കിനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടിവരും ഇന്ന്. 1885ല്‍ തുടങ്ങിയ ഒരു പ്രോസസില്‍ കൂടിയാണു 1947ല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി മൂന്നു പതിറ്റാണ്ടുകള്‍ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയായി രൂപാന്തരപ്പെട്ടത്. 1951ല്‍ ജനസംഘത്തില്‍ തുടങ്ങിയ ഒരു പ്രോസസില്‍ കൂടിയാണു തുടര്‍ച്ചയായി ഭരിക്കാനുള്ള ഭൂരിപക്ഷത്തിലേക്ക് ബി.ജെ.പിയും വളര്‍ന്നത്. ഒരു പ്രോസസ് ഇന്ന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനും അനിവാര്യമായിരിക്കുന്നു. പാര്‍ലമെന്ററി സീറ്റുകളില്‍ രണ്ടാമതെത്തുകയോ ചുരുങ്ങിയ വോട്ടുകള്‍ക്ക് പരാജയപ്പെടുകയോ ചെയ്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തനം കൂടുതല്‍ കേന്ദ്രീകരിക്കേണ്ടതുണ്ട്. ചാരിറ്റിയുടെ കാലത്ത് അത്തരം കാര്യങ്ങളില്‍ കൂടി ശ്രദ്ധ പതിയേണ്ടതുണ്ട്. കോണ്‍ഗ്രസ് കൊണ്ടുവന്ന അധികാര വികേന്ദ്രീകരണത്തിലൂടെ വളര്‍ന്നുവന്നവര്‍ക്കു പാര്‍ട്ടിയിലും പാര്‍ലമെന്ററി തലത്തിലും കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. അവരുടെ നേതൃമികവും ജനബന്ധവും പാര്‍ട്ടിക്ക് വളരെയധികം ഉപകരിക്കും.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും രാഹുല്‍ ഗാന്ധിക്കാണെന്നു പൊതുസമൂഹം പൂര്‍ണമായും വിശ്വസിക്കുന്നില്ല. ഒട്ടേറെ ജനക്ഷേമകാര്യങ്ങള്‍ ഇന്ത്യക്കുവേണ്ടി സംഭാവന ചെയ്ത ഇന്ദിരാഗാന്ധിയുടെ കാലം തൊട്ടു വന്ന പാര്‍ട്ടിയുടെ കേന്ദ്രീകരണമാണ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയുടെ പ്രധാന കാരണം. ഇന്ദിരാഗാന്ധി ഇന്ത്യയെ ഒരഭിമാന രാഷ്ട്രമാക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സ്വീകരിച്ച നടപടികള്‍ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. സംഘടനാ രംഗത്ത് വന്ന അപചയത്തിന്റെ തുടക്കം അവിടെ നിന്നാണെന്നു പറയാതിരിക്കാനും വയ്യ. ഏറെ നാളുകള്‍ക്കു ശേഷം തെരഞ്ഞെടുപ്പിനെ ആശയങ്ങളുടെ ഒരു പോരാട്ടമായി മാറ്റാന്‍ രാഹുലിനു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹമുയര്‍ത്തിയ 'ഐഡിയ ഓഫ് ഇന്ത്യ' എന്ന ആശയം കൂടുതല്‍ പ്രസക്തമാകുന്ന വര്‍ത്തമാന, ഭാവി കാലഘട്ടത്തില്‍ അദ്ദേഹത്തിനും അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിക്കും വളരെയധികം പ്രസക്തിയുണ്ട്.
(തൃശൂര്‍ കേരളവര്‍മ കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനും കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് അംഗവുമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."