കിടപ്പാടം നഷ്ടപ്പെട്ടവര്‍ ചോദിക്കുന്നു; അമ്മാറയെ ഇനിയാര് ചുമലിലേറ്റും...?
പൊഴുതന: വയനാടിനെ വിഴുങ്ങിയ കാലവര്‍ഷത്തില്‍ സര്‍വതും നഷ്ടപ്പെട്ട അമ്മാറക്കാര്‍ ചോദിക്കുന്നു തങ്ങളെ ആരിനി കൈപ്പിടിച്ചുയര്‍ത്തുമെന്ന്.
അമ്മാറയിലെ ഏഴ് കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞ മാസത്തെ പേമാരിക്കൊപ്പമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വര്‍ഷങ്ങളുടെ സമ്പാദ്യമത്രയും നഷ്ടപ്പെട്ടത്. മലപൊട്ടിയൊലിച്ച് താഴ്‌വാരത്തിലേക്ക് പതിച്ചപ്പോള്‍ ജീവന്‍ മാത്രമാണ് ഇവര്‍ക്ക് കൈയിലെടുക്കാനായത്. രണ്ടിടങ്ങളിലായുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഏഴ് വീടുകളാണ് ഇവിടെ മണ്ണിനടിയിലായത്. ഇതില്‍ രണ്ട് വീടുകള്‍ നിന്നയിടം മാത്രമാണുള്ളത്.വീടുകള്‍ പൂര്‍ണമായും തകര്‍ന്ന് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. അതിലൊന്ന് ഓണത്തിന് പാലുകാച്ചല്‍ നടത്താനിരുന്ന പൂര്‍ണമായും നിര്‍മാണങ്ങള്‍ പൂര്‍ത്തിയായ വീടായിരുന്നു.
ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ പരിശോധന നടത്തിയ വിദഗ്ദ സംഘം ഇവിടെ താമസയോഗ്യമല്ലെന്നും മഴ ശക്തിയാല്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍ പോലുള്ള അപകടങ്ങള്‍ക്ക് സാധ്യതയുണ്ടുമെന്നാണ് പറഞ്ഞത്. ഒപ്പം കുടുംബങ്ങളോട് ഇവിടെ നിന്നും മാറിത്താമസിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഉള്ള സമ്പാദ്യം മുഴുവന്‍ ചിലവഴിച്ച് നിര്‍മിച്ച വീടും വീട്ടുപകരണങ്ങളും മണ്ണിനടിയില്‍ അമര്‍ന്ന് കിടക്കുന്ന അന്നത്തെ ജീവിതത്തിന് വഴിതേടുന്ന ഈ കുടുംബങ്ങള്‍ ഇനിയെന്ത് ചെയ്യുമെന്നറിയാതെ നില്‍ക്കുകയാണ്. ഇവര്‍ക്ക് കൈത്താങ്ങാവാന്‍ സുമനസുകളും സര്‍ക്കാരുമെത്തുമെന്ന പ്രതീക്ഷയോടെ. വര്‍ഷങ്ങള്‍ തേയില നുള്ളി സ്വരുക്കൂട്ടിയ പണംകൊണ്ടാണ് പാറക്കുന്ന് ശിവന്‍-മിനി ദമ്പതികള്‍ ഒരു വീടെന്ന സ്വപ്നം പണിതത്.
പണിയെല്ലാം പൂര്‍ത്തിയാക്കിയ വീട്ടില്‍ ഓണത്തിനുശേഷം കയറികൂടാനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. എന്നാല്‍ ദുരന്തം പെയ്തിറങ്ങിയ രാത്രിയില്‍ ഇവരുടെ സ്വപ്നം തറയോടെ ഒലിച്ചുപോയി. ഉരുള്‍പ്പൊട്ടിയുണ്ടായ കുത്തൊഴുക്കില്‍ വീടിരുന്ന സ്ഥലത്തെ അടയാളംപോലും നഷ്ടടമായിരിക്കുകയാണ്. കെ. സുകു-ലീല ദമ്പതികളുടെ അവസ്ഥയും ഇതുതന്നെ.
ഇതുവരെയുള്ള അധ്വാനംകൊണ്ട് കെട്ടിപ്പൊക്കിയ വീടിന്റെ ഏതാനും പണികള്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. വീട് നിന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ മണ്ണും കല്‍ക്കൂമ്പാരങ്ങളും മാത്രമാണ് ബാക്കിയുള്ളത്. വീടിന്റെ അവശിഷ്ടം പോലും കാണാനില്ല. ചോല അസീസ് 14 വര്‍ഷം സൗദിയില്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യങ്ങളാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതായത്.
ദുരന്തമറിഞ്ഞ് നാട്ടിലെത്തിയ അസീസ് ഇനിയെന്തെന്ന അങ്കലാപ്പിലാണ്. അസീസിന്റെ വീട്ടില്‍ ഭാര്യ ജസീലയും നാലുമാസം പ്രായമുള്ള കുട്ടിയടക്കം മൂന്നു മക്കളുമായിരുന്നു താമസം. മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കില്‍ മൂന്നു കുട്ടികളും ഒലിച്ചുപോയി ചളിയില്‍ പുതഞ്ഞിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. സമീപത്ത് താമസിക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാരന്‍ ഓടിയെത്തിയാണ് കുട്ടിക്ക് വേണ്ട പ്രാഥമിക ശുശ്രൂകളെല്ലാം നല്‍കിയത്. സമീപത്തെ പത്മിനിയമ്മയുടെ വീടും മകന്‍ സുനിലിന്റെ ഓട്ടോയും മണ്ണിനടിയിലായിരുന്നു. ദുരന്തത്തിന്റെ കൈപ്പുനീര്‍ കുടിച്ച് ബന്ധുവീടുകളിലും സുമനസുകള്‍ നല്‍കിയ ക്വാര്‍ട്ടേഴ്‌സുകളിലുമായി കഴിയുകയാണ് ഇവരിപ്പോള്‍. സര്‍വതും നഷ്ടപ്പെട്ട ഇവര്‍ക്കിനി ജീവിതത്തിലേക്ക് തിരിച്ച് നടക്കണമെങ്കില്‍ സുമനസുകളും സര്‍ക്കാരും ചുമലിലേറ്റുക തന്നെ വേണം.
തിരിച്ചുപിടിക്കണം കോട്ടത്തറയുടെ കാര്‍ഷികമേഖലയെ
വെണ്ണിയോട്: പ്രളയക്കയത്തില്‍ വീണുപോയ കോട്ടത്തറയുടെ കാര്‍ഷിക മേഖലയെ തിരിച്ചുപിടിക്കാന്‍ കര്‍ഷകര്‍കരെ അധികൃതര്‍ സഹായിച്ചേ തീരൂ.
സുമനസുകളുടെ സഹായത്തിനൊപ്പം അധികൃതര്‍ കൂടി മനസുവച്ചാല്‍ കോട്ടത്തറയുടെ പ്രതാപം വീണ്ടെടുക്കാന്‍ സാധിക്കും. ക്ഷീരകര്‍ഷകര്‍ക്കാണ് ഇവിടെ പ്രഥമ പരിഗണന നല്‍കേണ്ടത്. ഇതിനായി തീറ്റപ്പുല്‍ കൃഷി പ്രോത്സാഹിപ്പിക്കപ്പെടണം. ആനുകൂല്യങ്ങളും ആവശ്യത്തിന് നല്‍കണം. മില്‍മ പോലെയുള്ള സ്ഥാപനങ്ങള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ സൗജന്യമായി ആറു മാസമെങ്കിലും കാലിത്തീറ്റ വിതരണം നടത്തണം. സൗജന്യവും മറ്റ് ആനുകൂല്ല്യങ്ങളും പ്രഖ്യാപിച്ച് കര്‍ഷകരെ ഈ മേഖലയില്‍ തന്നെ പിടിച്ചു നിര്‍ത്തിയാലേ കോട്ടത്തറക്കൊരു തിരിച്ചു വരവ് സാധ്യമാവുകയുള്ളൂ. ഹ്രസ്വകാല വിളകള്‍ മുഴുവന്‍ നഷ്ടപ്പെട്ടിരിക്കയാണ്. ആയിരക്കണക്കിന് വാഴകളാണ് നശിച്ചുപോയത്. ഈ മേഖലയില്‍ പലിശരഹിത വായ്പയാണ് ആവശ്യം. നെല്‍കര്‍ഷകരുടെ സ്ഥിതിയും മറിച്ചല്ല. സൗജന്യ നെല്‍വിത്ത് വിതരണം ആരംഭിച്ചിട്ടുണ്ട്. അതു കൊണ്ട് മാത്രം പ്രയോജനമില്ല കൃഷി ചെയ്യാനുള്ള സാമ്പത്തികം അനുവദിക്കണം. അഞ്ചു ലക്ഷം വരെയുള്ള വായ്പകള്‍ ഉപാധിയില്ലാതെ എഴുതിത്തള്ളണം. കൃഷിക്കാരെയും കൃഷിയെയും പരിഗണിക്കണം. നഷ്ടങ്ങള്‍ക്ക് തത്തുല്യമായ പരിഹാരം നല്‍കണം. കോട്ടത്തറ പഞ്ചായത്തിലെ മറ്റൊരു പ്രധാന പ്രശ്‌നം ഇവിടെ നിന്ന് സ്വരൂപിക്കുന്ന സാമ്പത്തികം ഇവിടെ വിനിമയം ചെയ്യപ്പെടുന്നില്ലയെന്നതാണ്. കാര്‍ഷിക പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുകയും അത് കൃത്യമായി വിതരണം ചെയ്യുകയും ചെയ്യണം. ഡിസംബറില്‍ വിളവെടുക്കുന്ന കൃഷികളുടെ നാശനഷ്ടങ്ങളെ കുറിച്ച് ജനുവരിയില്‍ കണക്കെടുക്കുന്ന സാമ്പ്രദായിക രീതിയും മാറണം. ദുരിതബാധിതപഞ്ചായത്തായി കോട്ടത്തറയെ പ്രഖ്യാപിക്കണം. ഈ പ്രളയാനന്തര കാലത്തും ഈ വില്ലേജില്‍ സ്ഥിരമായ കൃഷി ഓഫിസര്‍ ഇല്ലെന്നത് അധികാരികളുടെ അശ്രദ്ധയുടെ ആഴമാണ് ബോധ്യപ്പെടുത്തുന്നത്.
തൊട്ടടുത്ത് കിടക്കുന്ന ഉപദ്രവമല്ലാതെ ഇതുവരെ ഉപകാരം ലഭിച്ചിട്ടില്ലാത്ത ബാണാസുര അണക്കെട്ടിലെ വെള്ളം കോട്ടത്തറയുള്‍പ്പെടെയുള്ള അയല്‍ പഞ്ചായത്തുകളിലെ കൃഷികള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കണം.
എന്നാല്‍ പ്രളയകാലത്ത് ഒന്നിച്ച് ഷട്ടര്‍ തുറന്ന് ദുരന്തമുണ്ടാക്കുന്നതും അവസാനിപ്പിക്കാം. കൃഷി ഭൂമി ഒരു വര്‍ഷം തരിശായി കിടന്നാല്‍ വിദേശ സസ്യങ്ങള്‍ മുളച്ചുപൊങ്ങും. ഭൂമിയുടെ ഘടനയില്‍ മാറ്റങ്ങളുണ്ടാവും. ജൈവ സമ്പത്ത് നഷ്ടപ്പെടും അതിനാല്‍ കൃഷിക്കാര്‍ക്കാവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കി ഈ മേഖലയില്‍ തന്നെ പിടിച്ചു നിര്‍ത്തിയാലേ കോട്ടത്തറയെ തിരിച്ചുപിടിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് കര്‍ഷകര്‍ തന്നെ പറയുന്നത്.
നീരട്ടാടി പൊയില്‍ക്കാര്‍ക്ക് പുനരധിവാസം വേണം
പനമരം: പ്രളയം ദുരിതം തീര്‍ത്ത നീരട്ടാടി പൊയില്‍ക്കാര്‍ക്ക് പുനരധിവാസം നിര്‍ബന്ധം.
പനമരം പഞ്ചായത്തിലെ 12, 13 വാര്‍ഡുകള്‍ ഉള്‍കൊള്ളുന്ന ഈ പ്രദേശത്തുകാര്‍ കഴിഞ്ഞ പ്രളയകാലത്ത് സര്‍വതും നഷ്ടപ്പെട്ട് പലയിടങ്ങളിലായി കഴിയുകയാണ്. വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചവരാണ് ഇവിടെയുള്ളത്. വെള്ളപ്പൊക്ക ഭീതി നിലനില്‍ക്കുമ്പോഴും ഇവിടെ നിന്ന് അകന്ന് പോകാന്‍ കഴിയില്ലെന്നാണ് ചിലര്‍ പറയുന്നു. നീരട്ടാടി പൊയില്‍ പ്രദേശം കബനി നദിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ് കാലര്‍വഷത്തില്‍ രണ്ട് മൂന്ന് ദിവസം തുടര്‍ച്ചയായി മഴ പെയ്താല്‍ പോലും ഇവിടങ്ങളില്‍ വെള്ളമെത്തും.
കുത്തൊഴുക്കും ഇവിടെയധികമാണ്. അപകടമരണങ്ങളും പതിവാണ്. കഴിഞ്ഞ വര്‍ഷത്തെ വെള്ളപൊക്കത്തില്‍ പ്രദേശത്ത് രണ്ട് പിഞ്ചുജീവനുകളാണ് വെള്ളമെടുത്തത്. ഒരോ വെള്ളപ്പൊക്കത്തിലും ചെറുതും വലതുമായ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തവണ വെള്ളപൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ വന്ന നാവിക സേനയുടെ ബോട്ട് അപകടത്തില്‍പ്പെട്ട് നാലുപേര്‍ വെള്ളത്തില്‍ ഒലിച്ചുപോയി. നാട്ടുകാര്‍ പാണ്ടി ഉപയോഗിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. 120 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത് സര്‍ക്കര്‍ വക മിച്ചഭൂമി ലഭിച്ചവരും ഈ കൂട്ടത്തിലുണ്ട്. വീടുകള്‍ നശിച്ചവര്‍ക്കൊപ്പം പ്രദേശത്തെ പല കുടുംബങ്ങള്‍ക്കും വേവലാതികളുണ്ട്. ഇവിടുത്തുകാര്‍ വേനല്‍ക്കാലത്ത് സ്വന്തം വീട്ടിലും മഴക്കാലത്ത് പ്രദേശത്തെ പള്ളി കമ്മിറ്റിയുടെ കീഴിലുള്ള മദ്‌റസയിലുമാണ് കഴിച്ച് കൂട്ടിയത്. മാറിമാറി വരുന്ന ഭരണകര്‍ത്താക്കളോട് പ്രദേശത്തെ ദുരിതത്തെ കുറിച്ച് ബോധ്യപ്പെടുത്താറുണ്ടെങ്കിലും യാതൊരു വിധ പ്രയോജനവും നാളിതുവരെയായി ഉണ്ടായിട്ടില്ല. ഈ വര്‍ഷത്തെ വെള്ളപ്പൊക്കത്തോടെ നിരവധി വീടുകള്‍ നിലംപൊത്തി സര്‍വതും നഷ്ടപ്പെട്ട ഇവര്‍ക്ക് വെള്ളമിറങ്ങിയതോടെ അന്തിയുറങ്ങാന്‍ വീടില്ലെന്നുള്ളതാണ് യഥാര്‍ഥ്യം. ഉദാരമതികളുടെ സഹായം കൊണ്ട് ഉണ്ടാക്കിയ താല്‍ക്കാലിക ഷെഡില്‍ പലരും കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."