തദ്ദേശ സ്ഥാപനങ്ങളുടെ വിഭജനം: ഇടതിന് ജയസാധ്യതയുള്ള 300 പഞ്ചായത്തുകള്‍ രൂപീകരിക്കുന്നു
വി.എസ് പ്രമോദ്
തിരുവനന്തപുരം: അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കാന്‍ കഴിയുന്ന തരത്തില്‍ 300 പഞ്ചായത്തുകള്‍ വിഭജിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിനായി ഓരോ ജില്ലയിലും ഏതെല്ലാം പഞ്ചായത്തുകള്‍ വിഭജിക്കണമെന്നതിന്റെ പട്ടികയും തയാറായിട്ടുണ്ട്. 23 വര്‍ഡുകളുള്ള പഞ്ചായത്തുകള്‍ ജനസംഖ്യാനുപാതികമായി വിഭജിക്കുന്നുവെന്നാണ് പറയുന്നതെങ്കിലും ഇടതുപക്ഷത്തിന്റെ ജയസാധ്യത മാത്രമാണ് ഇതില്‍ പരിഗണിച്ചിട്ടുള്ളത്. നിലവിലുള്ള ഏതെങ്കിലും പഞ്ചായത്ത് ജനസാന്ദ്രത കൂടുതലാണെങ്കിലും വിഭജിച്ചാല്‍ അത് ഇടതുപക്ഷത്തിന് ലഭിക്കാനിടയില്ലെന്ന് വിലയിരുത്തിയിട്ടുണ്ടെങ്കില്‍ അവയെ തിരഞ്ഞെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ വളരെ കരുതലോടെയുള്ള നീക്കമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്.
അടുത്ത സാമ്പത്തികവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് വിഭജന നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം, കരകുളം, വെള്ളറട, ബാലരാമപുരം പഞ്ചായത്തുകളെ വിഭജിക്കുന്നതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ മറ്റു 13 ജില്ലകളിലും വിഭജിക്കാനുള്ള പഞ്ചായത്തുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. പഞ്ചായത്തുകളുടെ വിഭജനത്തിനൊപ്പം വാര്‍ഡുകളുടെ വിഭജനവും ആവശ്യമായി വരുമെന്നതിനാല്‍ സെക്രട്ടറിതലത്തില്‍ കൂടുതല്‍ നടപടികള്‍ വേണ്ടിവരും. വിഭജനപ്രക്രിയ താഴെതട്ടിലേക്ക് വരുന്നതോടെ പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് എതിര്‍പ്പ് ഉയരാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടാണ് തുടക്കംതന്നെ വിവാദമാക്കാതെ വിഭജനത്തിന്റെ കാര്യത്തില്‍ രഹസ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് 1200 തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇതില്‍ 941 പഞ്ചായത്തുകളായിരുന്നു. സര്‍ക്കാര്‍ ആലോചിക്കുന്നപ്രകാരം കാര്യങ്ങള്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 1241 ലേക്ക് ഉയരും. അതുപോലെ കോര്‍പ്പറേഷനുകളെ വിഭജിക്കുന്നതിലൂടെ മുനിസിപ്പാലിറ്റികളുടെ എണ്ണവും വര്‍ധിക്കും. പഞ്ചായത്ത് വിഭജനം സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ അതിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിന് പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും വിഭജിക്കാനുള്ള അന്നത്തെ സര്‍ക്കാരിന്റെ ശ്രമം ഹൈക്കോടതി തടഞ്ഞിരുന്നു. 69 പുതിയ പഞ്ചായത്തുകളും നാല് മുനിസിപ്പാലിറ്റികളും രൂപീകരിക്കാനുള്ള തീരുമാനവും ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭജനവുമാണ് അന്ന് ഹൈക്കോടതി തടഞ്ഞത്. ഈ പാഠം മുന്നിലുള്ള സ്ഥിതിക്ക് പഞ്ചായത്ത് വിഭജന കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ കരുതലോടെയുള്ള നീക്കമാണ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."