ദിവാകരൻ നായരുടെ ദുരൂഹ മരണം. ഹണിട്രാപ്പ് കൊലപാതകം, ബന്ധുക്കൾ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാണെന്നു പൊലീസ്
കാക്കനാട്: എറണാകുളം കാക്കനാട് ബ്രഹ്മപുരം മെമ്പർപടിയിൽ പൊതുനിരത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി ദിവാകരൻ നായരെ (64) സ്വത്ത് തർക്കത്തെ തുടർന്നു ബന്ധുക്കൾ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാണെന്നു പൊലീസ് കണ്ടെത്തി.ഹണി ട്രാപ്പ് മോഡലിൽ ദിവാകരൻ നായരെ കൊച്ചിയിലേക്കു വിളിച്ചു വരുത്തി വക വരുത്തിയ സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ചിറക്കടവ് കായാപ്പാക്കൻ അനിൽകുമാർ (45), കാഞ്ഞിരപ്പള്ളി ചിറക്കടവ് പന്നമറ്റം ചരളയിൽ രാജേഷ് (37), കോട്ടയം അകലക്കുന്നം കണ്ണമല സഞ്ജയ് (23), കൊല്ലം കുമിൾ കുഴിപ്പാറ പാറവിളയിൽ ഷാനിഫ (55) എന്നിവരെയാണു പൊലീസ് പിടികൂടിയത്. സഹോദരനുമായുള്ള സ്വത്തു തർക്കത്തെ തുടർന്നാണു ദിവാകരൻ നായരെ വകവരുത്താൻ ബന്ധുക്കളിൽ ചിലർ തീരുമാനിച്ചത്. ഇവർ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണു ദിവാകരൻ നായരെ പിന്തുടർന്നു കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.ഷാനിഫ വിളിച്ചതനുസരിച്ചു കൊല്ലത്തു നിന്നു കൊച്ചിയിലെത്തിയ ദിവാകരന്‍ നായരെ ഇന്നോവ കാറിൽ ക്വട്ടേഷൻ സംഘം പിന്തുടരുകയായിരുന്നു. ഇടപ്പള്ളി–പുക്കാട്ടുപടി റോഡിൽ വച്ചാണു ദിവാകരൻ നായരെ ഇന്നോവയിൽ കയറ്റുന്നത്. സംശയം തോന്നിയ ദിവാകരൻ നായർ കയറാൻ വിസമ്മതിച്ചതോടെ ബലപ്രയോഗം നടന്നു. ഇതിനിടെ റോഡിൽ വീണ ചെരിപ്പ് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കാറിനകത്തു വച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇൻഫോപാർക്ക് റോഡിലൂടെ ബ്രഹ്മപുരത്തെത്തിച്ചു വിജനമായ സ്ഥലത്തു തള്ളുകയായിരുന്നു. വാഹനം ഇടിച്ചു വഴിയാത്രക്കാരനായ അജ്ഞാതൻ മരിച്ചെന്ന നിലയിലായിരുന്നു പൊലീസിന്റെ ആദ്യ അന്വേഷണം. ദിവാകരൻ നായരുടെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണു കൊലപാതകത്തിന്റെ ചുരളഴിഞ്ഞത്.ഇന്നോവ കാർ ഓടിച്ചിരുന്നവരിൽ ഒരാളെ ഇനിയും പിടികൂടാനുണ്ട്.ഇയാൾ ഒളിവിലാണ്. ഡപ്യൂട്ടി പൊലീസ് കമ്മിഷണർ പി.ബി.രാജീവിന്റെ നിർദേശാനുസരണം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.എം.ജിജിമോന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഇൻഫോപാർക്ക് ഇൻസ്പെക്ടർ എ.പ്രസാദ്, എസ്ഐമാരായ എ.എൻ.ഷാജു, മധു, സുരേഷ്, അമില, മധുസുദനൻ, സി.എം.ജോസി, എഎസ്ഐമാരായ ബിനു, പി.അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഹരികുമാർ, കെ.വി.ഡിനിൽ എന്നിവർ അന്വേഷണത്തിൽ പങ്കുവഹിച്ചു.
കൊലപാതകത്തിന് കാരണം വർഷങ്ങൾ നീണ്ട സ്വത്ത് തർക്കം.
ദിവാകരൻ നായരുടെ ദാരുണ മരണത്തിനു പിന്നിൽ ജേഷ്ഠാനുജന്മാർ തമ്മിൽ ദീർഘകാലമായി നടന്നു വന്നിരുന്ന സ്വത്ത് തർക്കമാണെന്ന് അന്വേഷണ സംഘം. കൊല്ലത്തുള്ള കുടുംബ സ്വത്ത് വീതംവക്കലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വഴക്കാണ് ക്വട്ടേഷൻ സംഘത്തിന് പണം നൽകി ദിവാകരൻ നായരെ വധിക്കാൻ സഹോദരൻ മധുസൂദനന്റെ മകന്റെ ഭാര്യാപിതാവായ അനിൽകുമാർ പദ്ധതിയൊരുക്കിയത്.തനിക്ക് കുടുംബസ്വത്തായി ലഭിക്കേണ്ട ഒരേക്കർ 17 സെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ദീർഘകാലമായി ദിവാകരൻ നായരുമായി സഹോദരൻ മധു ശത്രുതയിലായിരുന്നു.സ്വത്തു തർക്കം പറഞ്ഞു തീർക്കാൻ ദിവാകരൻ നായരുടെ വീട്ടിൽ ചെന്ന അനിൽകുമാറിനെ ദിവാകരൻ നായരും മകനും ചേർന്ന് മർദ്ദിച്ചതായും പൊലീസ് പറഞ്ഞു.ഈ പകയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. കൊല ചെയ്യാൻ ക്വട്ടേഷൻ സംഘത്തെ കണ്ടെത്തിയതും അവർക്ക് അഡ്വാൻസായി 50000 രൂപ നൽകിയതും അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു.
നാല് സംഘങ്ങളായി തിരിഞ്ഞ് പൊലിസ് അന്വേഷണം.
മരണപ്പെട്ട ദിവാകരൻ നായർ സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിവാകരൻ നായർ യാത്ര ചെയ്ത മേഖലകളിൽ ഇന്നോവ കാറിൻ്റെ സാന്നിധ്യം ഉണ്ടന്ന് അന്വേഷണ സംഘം കണ്ടെത്തി.തുടർന്നാണ് ഇന്നോവയെ കേന്ദ്രീകരിച്ച് അന്വേഷണം കോട്ടയം, കൊല്ലം ഭാഗത്തേക്ക് നീണ്ടത്. ഡപ്യൂട്ടി പൊലീസ് കമ്മിഷണർ പി.ബി.രാജീവിന്റെ നിർദേശാനുസരണം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.എം.ജിജിമോന്റെ മേൽനോട്ടത്തിൽ എസ്.ഐമാരായ എ.എൻ.ഷാജു, മധു, സുരേഷ്, അമില എന്നിവരുടെ നേതൃത്വത്തിൽ നാല് ടീമുകളാണ് അന്വേഷണം നടത്തിയത്. കൊല്ലം കോട്ടയം മേഖകളിലെ ആയൂർ, കുഴിപ്പാറ, പൊൻകുന്നം, കാഞ്ഞിരപ്പിള്ളി, കറുകച്ചാൽ തുടങ്ങി സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊൻകുന്നം പെട്രോൾ പമ്പിൽ ഇന്നോവ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വാഹന ഉടമയായ കറുകച്ചാൽ സ്വദേശിയെ കണ്ടെത്തി. വാഹന ഉടമയുടെ മൊഴിയിൽ നിന്നും എട്ട് മാസമായി പൊൻകുന്നം സ്വദേശിക്ക് ഇന്നോവ പണയത്തിന് നൽകിയിരിക്കുകയാണെന്നും മനസിലായി. വാഹനം പണയത്തിനെടുത്ത പൊൻകുന്നം സ്വദേശിയുടെ അടുത്തെത്തിയ പൊലീസ് സംഘം ഇയാളിൽ നിന്നും കുറച്ചു ദിവസം മുമ്പ് ഒന്നാം പ്രതിയായ തടികച്ചവടക്കാരനായ അനിൽകുമാർ വാടകക്ക് കൊണ്ടുപോയതായും അറിഞ്ഞു. തുടർന്ന് ദിവാകരൻ നായരുടെ ബന്ധുകൂടിയായ അനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രണ്ടാമത് കാത്തിരപ്പിള്ളിയിൽ നിന്നും ക്വട്ടേഷൻ സംഘത്തിലെ രാജേഷിനേയും, സഞ്ജയിനേയും പിടികൂടുകയായിരുന്നു. രണ്ടാം പ്രതി രാജേഷിൻ്റെ ഫോൺ കോൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ദിവാകരനെ വിളിച്ച സ്ത്രീ നിരവധി തവണ വിളിച്ചതായും കണ്ടെത്തി. തുടർന്ന് രാജേഷിൻ്റെ കാമുകി കൂടിയായ കൊല്ലം സ്വദേശി ഷാനിഫയെ മലപ്പുറത്ത് നിന്ന് പിടികൂടുകയായിരുന്നു.
തെളിവെടുപ്പു നടത്തിയ സ്ഥലങ്ങളിൽ നിന്നും ബാഗും ഫോണും കണ്ടെടുത്തു.
ദിവാകരൻ നായരുടെ മൃതദേഹം കിടന്ന സ്ഥലത്തു നിന്നും നാല് കിലോമീറ്റർ അകലെ തൃക്കാക്കര ജഡ്ജ്മുക്കിൽ നിന്നും അദ്ദേഹത്തിൻ്റെ ചെരുപ്പുകൾ തിങ്കളാഴ്ച്ച കണ്ടെത്തിയിരുന്നു. തൊട്ടടുത്ത ദിവസം ഇൻഫോപാർക്ക് കരിമുകൾ റോഡിൽ നിന്നും ഐ.ഡി കാർഡ് വഴിയാത്രക്കാരന് ലദിച്ചിരുന്നു. എന്നാൽ ദിവാകരൻ നായരുടെ രേഖകൾ അടങ്ങിയ ബാഗും ഫോണും കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്നലെ പ്രതികളുമായി എസ്.ഐ കെ.എൻ ഷാജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തെളിവെടുപ്പിൽ ഇൻഫൊ പാർക്ക് - കരിമുകൾ റോഡിൽ നിന്നും ഫോണും ഇന്നോവ കാറിലെ രക്തം പുരണ്ട ചവിട്ടിയും കണ്ടെത്തുകയായിരുന്നു. കസ്റ്റഡി
ദിവാകരൻ്റെ മകൻ ബന്ധുക്കൾക്കെതിരെ പരാതി നൽകിയിരുന്നു.
കൊല്ലം മുഖത്തലയിലുള്ള സഹോദരൻ മധുസൂദനനും ദിവാകരൻ നായരും തമ്മിൽ ഭൂമിത്തർക്കം നിലനിന്നിരുന്നു.മധുസൂദനനും മകൻ കൃഷ്ണനുണ്ണിയും ചേർന്ന് തർക്കം നിലനിന്നിരുന്ന വസ്തു കയ്യേറാൻ ശ്രമിച്ചെന്നും ഇത് തടഞ്ഞതിന് ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ചെന്നും മകൻ രാജേഷ് മുഖത്തല പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഈ മാസം പത്താം തീയതി നൽകിയ പരാതിയിൽ തന്റെയും പിതാവ് ദിവാകരന്റെയും ജീവന് ഭീഷണിയുണ്ടെന്നാണ് രാകേഷിന്റെ പരാതിയിയിൽ പറയുന്നു.
ദിവാകരൻ നായരെ കൊച്ചിയിലെത്തിക്കാൻ ഹണി ട്രാപ്പ് ഒരുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."