ചരിത്രത്തിലേക്ക് തുഴയെറിയാന്‍ കരുവാറ്റ പുത്തന്‍ ചുണ്ടന്‍ നീരണിഞ്ഞു
ഹരിപ്പാട്: നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് പുതുചരിത്രമെഴുതാന്‍ പുതുക്കിപണിത കരുവാറ്റാ പുത്തന്‍ ചുണ്ടന്‍ നീരണിഞ്ഞു. പ്രശസ്ത ശില്‍പി ഉമാമഹേശ്വരന്റെ നേതൃത്വത്തില്‍ പൂര്‍ണമായും പുതുക്കിപ്പണിത ചുണ്ടന്‍ കൊപ്പാറക്കടവിലെ മാലിപ്പുരയ്ക്കു സമീപമാണ് നീറ്റിലിറക്കിയത്. സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ജലോത്സവ സമിതി പ്രസിഡന്റ് കെ.രംഗനാഥകുറുപ്പ് അധ്യക്ഷനായി. സെക്രട്ടറി ബാബു രവീന്ദ്രനാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രമേശ് ചെന്നിത്തല മുഖ്യ ശില്‍പിയെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ നീറ്റിലിറക്കുന്ന ചടങ്ങ് നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് ശില്‍പികളെയും മുന്‍ ഭാരവാഹികളെയും ആദരിച്ചു. പ്രസിദ്ധ ശില്‍പി കോവില്‍ മുക്ക് നാരായണന്‍ ആചാരിയുടെ കന്നി ചുണ്ടനായിരുന്ന പച്ച ചുണ്ടന്‍ 1977ല്‍ കരുവാറ്റാ കരക്കാര്‍ വാങ്ങി പുതുക്കിപണിത് കരുവാറ്റാ പുത്തന്‍ ചുണ്ടന്‍ എന്ന് പേര് നല്‍കിയതാണ് ചരിത്രം. ചുണ്ടന്‍ പലപ്പോഴായി പുതുക്കിയിട്ടുണ്ടെങ്കിലും നെഹ്രുട്രോഫിയില്‍ മുത്തമിടാന്‍ സാധിച്ചില്ല. 50 ലക്ഷം രൂപയോളം മുടക്കി പൂര്‍ണ്ണമായും പുതുക്കിയാണ് ചുണ്ടന്‍ ഇത്തവണ മത്സരത്തിനെത്തുന്നത്. ഹരിപ്പാട് എം.എല്‍.എയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശാനുസരണം ടൂറിസം വകുപ്പില്‍ നിന്നും കളിവള്ളങ്ങളുടെ പുനരുദ്ധാരണത്തിന് അനുവദിച്ച തുകയും, ഓഹരി ഉടമകളില്‍ നിന്നും സ്വീകരിച്ച ഫണ്ടും കൂടി ചിലവഴിച്ചാണ് ചുണ്ടന്‍ പണി പൂര്‍ത്തീകരിച്ചത്. പുതുക്കല്‍ ജോലികള്‍ക്ക് ശില്‍പി ഉമാമഹേശ്വരന്‍ ആചാരി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."