അതിജീവനത്തിന്റെ പാതയില്‍ 'വല്ലം നിറ'
തിരുവനന്തപുരം: 'മണ്ണിന്റെയും മനുഷ്യന്റെയും ആയുസിനായി നമുക്ക് ഒന്നിക്കാം' എന്ന ആശയവുമായി വിവിധ പദ്ധതികളോടെ മുന്നോട്ടു പോവുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതിയാണ് വല്ലം നിറ 2018. വിഷവിമുക്തമായ പച്ചക്കറികള്‍ വിളയിച്ചെടുക്കുന്നതിലും പൂഷ്പകൃഷി പ്രോത്സാഹിപ്പിക്കുന്നതിലും ബ്ലോക്കിലെ കുടുംബങ്ങള്‍ സ്വയം പര്യാപ്തത നേടുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് വല്ലം നിറ.
ജൈവകൃഷിയും പുഷ്പക്കൃഷിയും ഒരു സംസ്‌കാരമായും തൊഴില്‍ സംരംഭമായും വീട്ടുമുറ്റത്തു യാഥാര്‍ഥ്യമാക്കുക, വിശേഷാവസരങ്ങളില്‍ നാല് ജൈവപച്ചക്കറി വിഭവം 25000 വീടുകളില്‍ ലഭ്യമാക്കുക, ജൈവഗ്രാമം കുടുംബശ്രീയിലൂടെ സാധ്യമാക്കുക, ഓരോ വീട്ടിലും അധികം വരുന്ന ജൈവപച്ചക്കറിയും പൂക്കളും തക്കതായ വില നല്‍കി ജൈവഗ്രാമം വഴി ശേഖരിച്ച് സ്റ്റാളുകളിലൂടെ വിതരണം ചെയ്യുക എന്നതൊക്കെയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
ഹരിത കേരള മിഷന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തും അഞ്ച് പഞ്ചായത്തുകളും സഹകരിച്ച് കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ജനകീയ പദ്ധതിയാണ് വല്ലംനിറ. ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തന പരിധിയിലെ അന്‍പതു ശതമാനം വീടുകളിലേക്കും ഒരു പദ്ധതിയെത്തുന്നുവെന്ന പ്രത്യേകതയും വല്ലം നിറയ്ക്കുണ്ട്. ഏകദേശം 25000 വീടുകളില്‍ വല്ലംനിറ പദ്ധതിയിലൂടെ ജൈവപച്ചക്കറിക്കൃഷിയും പുഷ്പകൃഷിയും സാധ്യമാകുന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ജൈവകൃഷി പരിശീലന സേവന കേന്ദ്രം വഴിയാണ് നടീല്‍ വസ്തുക്കളും മറ്റ് സാധനങ്ങളും വിതരണം ചെയ്യുന്നത്. കരകുളം, അരുവിക്കര, വെമ്പായം, പനവൂര്‍, ആനാട് പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് പദ്ധതി പ്രകാരം വീടുകളില്‍ കൃഷിക്കാവശ്യമായ വസ്തുക്കള്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.
യുവ തലമുറയ്ക്ക് കൃഷിയില്‍ താല്‍പര്യമുണ്ടാക്കുന്നതിനായി പുഷ്പക്കൃഷി ചെയ്യാന്‍ കുട്ടികളെയും ചെറുപ്പക്കാരെയുമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇതിലൂടെ പഠനത്തോടൊപ്പം ചെറിയ രീതിയിലുള്ള വരുമാനം നേടാനും അവര്‍ക്ക് സാധിക്കുന്നു. കുടുംബശ്രീയിലെ അഞ്ചു അംഗങ്ങള്‍ ചേരുന്നതാണ് ഒരു ഗ്രൂപ്പ്. അങ്ങനെ 25000 അംഗങ്ങളുള്ള 5000 ഗ്രൂപ്പുകളെയും 1600 മോണിറ്റര്‍മാരെയും വാര്‍ഡ്തല ഗ്രാമസഭ വഴി തെരഞ്ഞെടുത്തു.
യഥാസമയം കൃഷിനാശത്തിന് പരിഹാരം കണ്ടെത്തി ഗുണഭോക്താക്കളെ സഹായിക്കാന്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ദ്ധരുമുണ്ട്. എല്ലാ മാസവും ഇവരുടെ നേതൃത്വത്തില്‍ വിശകലനവും നടക്കുന്നുണ്ട്. ചുമതലപ്പെട്ട മോണിറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് കൃഷിയുടെ പുരോഗതി യഥാസമയം കൃഷി ഓഫിസര്‍മാരെ അറിയിക്കുന്നതാണ്. മൂന്നു ഘട്ടങ്ങളിലായിട്ടാണ് പദ്ധതി പ്രവര്‍ത്തനം നടക്കുന്നത്.
മെയ് 27ന് ശേഷം വാര്‍ഡ് കേന്ദ്രങ്ങളില്‍ ആദ്യ നടീല്‍ വസ്തുക്കള്‍ എത്തിച്ചിരുന്നു. വീടൊന്നിന് കറിവേപ്പ്, അഗസ്തിചീര, വേപ്പ് ഇവ ഓരോ തൈ വീതവും, 15 ജമന്തി, അഞ്ചു കുറ്റിമുല്ല, അഞ്ചു വാടാമുല്ല എന്നിവയുടെ തൈകളുമാണ് നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായി 98 വാര്‍ഡുകളിലും ജൈവകൃഷിക്കും പുഷ്പകൃഷിക്കുമായി ജൈവസഭ സംഘടിപ്പിച്ച ആദ്യത്തെ ബ്ലോക്കാണ് നെടുമങ്ങാട്. ജൂണ്‍ മാസത്തില്‍ സംഘടിപ്പിച്ച ജൈവസഭയില്‍ 4200 ഗ്രൂപ്പില്‍ നിന്നുള്ള 21000 കുടുംബശ്രീ അംഗങ്ങളും നാട്ടുകാരുമടക്കം 28000 ത്തിലധികം പേര്‍ പങ്കെടുത്തു.
മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പദ്ധതി ഉദഘാടനം ചെയ്തത്. മോണിറ്റര്‍മാര്‍ക്കുള്ള ശില്‍പശാലയും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ജൈവസഭ കൂടിയതിനു ശേഷം നാല് ഇനത്തില്‍പെട്ട 20 പച്ചക്കറിത്തൈ, അര ലിറ്റര്‍ ജൈവ കീടനാശിനി മിശ്രിതം, ജൈവ വളം, ഒരു കുടംപുളി തൈ എന്നിവ വിതരണം ചെയ്തു. കേരളത്തിനെ ഏറെ ബാധിച്ച പ്രളയക്കെടുതിയിലും ഈ പദ്ധതി പല സ്ഥലങ്ങളിലും വിജയം കണ്ടെത്തിയതായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു അറിയിച്ചു.
പ്രളയക്കെടുതിയില്‍ കൃഷി നാശം സംഭവിച്ചവര്‍ക്ക് സഹായമായി സെപ്റ്റംബര്‍ 20 മുതല്‍ 30 വരെ വാര്‍ഡുതലത്തില്‍ ചേരുന്ന ജൈവസഭയില്‍ വെച്ച് വിത്തുകളും മറ്റ് നടീല്‍ വസ്തുക്കളും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നടക്കുന്ന മൂന്നാംഘട്ട പദ്ധതി പ്രവര്‍ത്തങ്ങള്‍ക്ക് മുന്നോടിയായി ഏറ്റവും കൂടുതല്‍ പച്ചക്കറിയും പൂവും അവരവരുടെ ആവശ്യം കഴിഞ്ഞു മോണിറ്റര്‍മാര്‍ വഴി ജൈവഗ്രാമത്തിനു വിലക്ക് തന്നതിന്റെ അടിസ്ഥാനത്തില്‍ വിവിധ അവാര്‍ഡുകള്‍ നല്‍കുന്നതാണ്.
മൂന്നാം ഘട്ട പദ്ധതിപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടംപുളി, കറിവേപ്പ് എന്നിവയുടെ തൈകള്‍ വിതരണം ചെയ്യും. വിഷരഹിതമായ ജൈവപച്ചക്കറികൃഷിയും പൂക്കൃഷിയും അതിന്റെ വിപണനവും പ്രോത്സാഹാഹിപ്പിക്കുന്നതിലൂടെ ബ്ലോക്കിലെ എല്ലാ വീടുകളിലും വല്ലംനിറ പദ്ധതി എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു അറിയിച്ചു.
ഒക്ടോബര്‍ മാസത്തില്‍ മുണ്ടേലയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ജില്ലയിലെ ആദ്യ അഗ്രി ബിസിനസ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ വഴിയും കര്‍ഷകന് തന്റെ കാര്‍ഷികോത്പന്നത്തിനു ന്യായവില ലഭിക്കാനുള്ള അവസരവും ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."