സൂര്യാഘാതം: ജാഗ്രത പാലിക്കണം; ജില്ലാ മെഡിക്കല്‍ ഓഫിസര്‍
കൊല്ലം: അന്തരീക്ഷതാപം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സൂര്യാഘാതത്തിനെതിരേ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മുന്നറിയിപ്പ് നല്‍കി.
ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്‍ണ്ട ചൂടുള്ള ശാരീരികാവസ്ഥ, നേര്‍ത്ത വേഗതയിലുള്ള നാഡിമിടിപ്പ്, ശക്തിയായ തലകറക്കം, മാനസികാവസ്ഥയിലെ മാറ്റം എന്നിവയാണ് ലക്ഷണങ്ങള്‍. അബോധാവസ്ഥയ്ക്കും സാധ്യതയുണ്ട്.
സൂര്യാഘാത ലക്ഷണങ്ങള്‍ കണ്‍ണ്ടാല്‍ വെയിലത്തുനിന്ന് മാറി വിശ്രമിക്കണം. തണുത്ത വെള്ളത്തില്‍ ശരീരം തുടയ്ക്കണം. വീശുകയോ ഫാന്‍, എ.സി. എന്നിവയുള്ള ഇടത്ത് വിശ്രമിക്കുകയോ വേണം, ധാരാളം വെള്ളം കുടിക്കണം, കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റണം.
വിദഗ്ധ ചികിത്സയും തേടണം. മുന്‍കരുതലിനായി മണിക്കൂര്‍ ഇടവിട്ട് രണ്ട് മുതല്‍ നാല് വരെ ഗ്ലാസ് വെള്ളം കുടിക്കാം. അധിക വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും നാരങ്ങാവെള്ളവും ഉപയോഗിക്കണം.
ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വെയിലത്ത് ജോലി ചെയ്യരുത്. കട്ടി കുറഞ്ഞ വെള്ള നിറമുള്ള അയഞ്ഞ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. ശക്തിയായ വെയിലില്‍ പണിയെടുക്കുന്നവര്‍ ഇടക്ക് തണലത്ത് വിശ്രമിക്കണം.കുട്ടികളെ വെയിലത്ത് ഇറങ്ങാന്‍ അനുവദിക്കരുത്. ചൂടു കൂടുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ വിശ്രമിക്കാം.
65ന് മുകളിലും നാല് വയസിന് താഴെയും ഉള്ളവരുടെ ചികിത്സക്ക് പ്രത്യേക ശ്രദ്ധ നല്‍കണം.
വീടിനുള്ളിലേക്ക് വായു സഞ്ചാരം ഉറപ്പാക്കുംവിധം ജനലുകളും കതകും തുറന്നിടണം. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തരുത്.
ത്വക്കിലും ശരീരത്തും അസ്വസ്ഥത അനുഭവപ്പെടുന്നവര്‍ വെയിലത്ത് നിന്ന് മാറി നില്‍ക്കണം. തണുത്ത വെള്ളത്തില്‍ ശരീരവും കൈകാലുകളും മുഖവും തുടക്കണം.
കുളിക്കുകയും വേണം. പൊള്ളലേറ്റ ഭാഗത്തെ കുമിളകള്‍ പൊട്ടിക്കരുത്. ആഘാതമേറ്റാല്‍ ഉടന്‍ വൈദ്യസഹായം തേടുകയാണ് വേണ്ടതെന്നും ഡി.എം.ഒ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."