തോല്‍ക്കാന്‍ മനസില്ലാത്ത യുവ രാജാവ്
ഹാറൂന്‍ റഷീദ്
അമേരിക്കന്‍ എഴുത്തുകാരനായ സ്റ്റുവര്‍ട്ട് ബെറെ തന്റെ ഗ്രേറ്റ് ഐഡോള്‍സ് എന്ന പുസ്തകത്തില്‍ വീഴ്ചയില്‍നിന്ന് കരകയറി ലോകം ഭരിച്ചവരുടെ കഥകള്‍ പറയുന്നുണ്ട്. പടുകുഴിയില്‍ വീണിട്ടും തോല്‍ക്കാന്‍ മനസില്ലാത്തവരുടെ കഥയാണ് അതിലുടനീളം വിവരിക്കുന്നത്. ബെറെയുടെ പുസ്തകത്തിലെ പലരുടെയും കഥകളോട് സാമ്യമുള്ള കഥയാണ് 17 വര്‍ഷം ക്രിക്കറ്റില്‍ പയറ്റിത്തെളിഞ്ഞ യുവരാജെന്ന രാജാവിന്റേത്. കാരണം ക്രിക്കറ്ററെന്ന നിലയില്‍ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ കാന്‍സറെന്ന കുഴിയില്‍നിന്ന് സടകുടഞ്ഞെഴുന്നേറ്റ യുവരാജ് വീണ്ടും മൈതാനത്ത് ക്രിക്കറ്റ് കളിക്കാനെത്തിയത് താരത്തിന്റെ ഇച്ഛാശക്തി തെളിയിക്കുന്നു. 2000 ത്തില്‍ ശ്രീലങ്കയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിവേരായി പടര്‍ന്ന് പന്തലിച്ച യുവരാജ് ഏറ്റവും മികച്ച ക്രിക്കറ്ററായിട്ടാണ് വിരമിക്കുന്നത്. അന്ന് 18 വയസുണ്ടായിരുന്ന യുവരാജ് ടൂര്‍ണമെന്റിന്റെ താരമാവുകയും ഇന്ത്യയുടെ സീനിയര്‍ ടീമിലെ സ്ഥിരം സാന്നിധ്യമാവുകയും ചെയ്തു. 2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി20 ലോകകപ്പ് സമാപിച്ചപ്പോള്‍ അതേ യുവരാജ് സിങ്ങായിരുന്നു ടൂര്‍ണമെന്റിന്റെ താരം. 2011 ല്‍ ഇന്ത്യയിലും ശ്രീലങ്കയിലും ബംഗ്ലാദേശിലുമായി നടന്ന ക്രിക്കറ്റ് ലോകകപ്പിലും ആ പേര് തന്നെയായിരുന്നു ടൂര്‍ണമെന്റിലെ താരമായി എഴുതിച്ചേര്‍ത്തത്. അണ്ടര്‍ 19 ലോകകപ്പിന് ശേഷം യുവരാജ് ബൗണ്ടറി കടത്തിയ ഓരോ പന്തും ലോകത്തെ ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചിലേക്ക് കൂടിയായിരുന്നു. ലോകക്രിക്കറ്റിലെ അതികായന്‍മാരായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവര്‍ക്ക് നടുവില്‍ നിന്നായിരുന്നു യുവരാജ് ക്രിക്കറ്റിന്റെ കിരീടവും ചെങ്കോലുമേന്തി ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ഇടനെഞ്ചില്‍ ഇടം പിടിച്ചത്. കെനിയയില്‍ നടന്ന ഐ.സി.സി ടൂര്‍ണമെന്റിലൂടെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറിയ യുവി പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുത്തു. ആസ്‌ത്രേലിയക്കെതിരേ കളിച്ച അരങ്ങേറ്റത്തില്‍ ബ്രെറ്റ് ലീ, ഗ്ലെന്‍ മഗ്രാത്ത്, ഗില്ലസ്പി എന്നീ ബൗളിങ് മെഷീനുകളെ അതിജീവിച്ച് 84 റണ്‍സാണ് ആദ്യ മത്സരത്തില്‍ തന്നെ അടിച്ച് കൂട്ടിയത്. ഇതോടെ സെലക്ടര്‍മാര്‍ക്ക് ആദ്യം ഓര്‍മ വരുന്ന പേര് യുവരാജിന്റേതായി മാറി. ബാറ്റിങ്ങിനൊപ്പം ഫീല്‍ഡിലും ചീറ്റപ്പുലിയായ യുവരാജ് ബൗളിങ്ങിലും തന്റെ കഴിവ് തെളിയിച്ചു. 2003 ലോകകപ്പും പിന്നിട്ടതോടെ മാച്ച് വിന്നറെന്ന നിലയിലേക്ക് യുവരാജ് വളര്‍ന്നുതുടങ്ങി. 2007 ഏകദിന ലോകകപ്പിന്റെ നിരാശ ഇന്ത്യ മായ്ച്ചുകളഞ്ഞത് ആ വര്‍ഷത്തെ പ്രഥമ ട്വന്റി 20 ലോകകപ്പിലായിരുന്നു. സീനിയര്‍ താരങ്ങളെല്ലാം മാറിനിന്ന ആ ടൂര്‍ണമെന്റില്‍ പുതിയ നായകന്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ആവേശകരമായ ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു യുവരാജെന്ന ഫിനിഷര്‍. ടി 20 ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട@ിനെതിരായ ക്വാര്‍ട്ടറില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഓവറിലെ മുഴുവന്‍ പന്തും സിക്‌സര്‍ പറത്തിയ യുവിയുടെ ബാറ്റിങ് ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല. 2011 ഏകദിന ലോകകപ്പിനായി ഇന്ത്യ ഒരുങ്ങുമ്പോള്‍ യുവിയുടെ ഫോമിന്റെ കാര്യത്തില്‍ ആരാധകര്‍ക്ക് സംശയമു@ണ്ടായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് ആരംഭിച്ചതോടെ അതെല്ലാം അസ്ഥാനത്തായി. 90.50 ശരാശരിയില്‍ 362 റണ്‍സാണ് യുവി അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 15 വിക്കറ്റുകളും പിഴുത യുവി ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. റണ്‍വേട്ടയില്‍ ടൂര്‍ണമെന്റില്‍ എട്ടാമതും വിക്കറ്റ് വേട്ടയില്‍ നാലാമതുമായിരുന്നു യുവി. 28 വര്‍ഷം നീണ്ട@ ഇന്ത്യയുടെ കാത്തിരിപ്പാണ് അന്ന് വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങളും യുവിയും ചേര്‍ന്ന് സഫലമാക്കിയത്. പിന്നീടായിരുന്നു യുവിയുടെ കരിയറിലെ കറുത്ത അധ്യായം കടന്നുവന്നത്. ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയിലെ കാന്‍സര്‍ ബാധിച്ച് കളത്തില്‍നിന്ന് പുറത്തായി. കായിക ലോകത്ത് നിന്നുള്ളവരും സുഹൃത്തുക്കളും കരുത്തായി കൂടെ നിന്നതോടെ 2012ല്‍ സര്‍വ പ്രവചനങ്ങളെയും അസ്ഥാനത്താക്കി യുവി ഗ്രൗണ്ടില്‍ തിരിച്ചെത്തി. വിധിയോട് പൊരുതി നേടിയ വിജയവുമായി തിരികെയെത്തിയ യുവിക്ക് പക്ഷെ പിന്നീട് തന്റെ പ്രതാപകാലത്തെ പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ പോയി. എന്നാലും യുവരാജെന്നാല്‍ ക്രിക്കറ്റാണെന്ന ചിന്തക്ക് മാറ്റമൊന്നും വന്നില്ല. 2012ന് ശേഷം പലപ്പോഴും ടീമിലെത്താന്‍ കഴിഞ്ഞില്ല. ടീമിലുള്‍പ്പെടുമ്പോഴെല്ലാം മായാജാലം കാണിക്കാന്‍ യുവി മറന്ന് പോയിരുന്നു. 2017 ജൂലൈയിലായിരുന്നു അവസാനമായി ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ കുപ്പായമണിഞ്ഞത്. അതിന് ശേഷം ഏറെ കാലം ബാറ്റ് കൊണ്ടും ഫീല്‍ഡിങ് കൊണ്ടും ക്രിക്കറ്റ് ലോകത്തെ പിടിച്ച് കുലുക്കിയ യുവി ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടില്ല. എന്നാലും ടി20 ക്രിക്കറ്റില്‍ തന്റെ മിടുക്ക് പുറത്തെടുത്തു കൊണ്ടിരുന്നു. ഐ.പി.എല്‍ അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ടി20യിലും കളിച്ചിരുന്നു. എന്നാല്‍ പലപ്പോഴും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ടി20 യില്‍ മികച്ച പ്രകടനം നടത്തി ഇംഗ്ലണ്ടിലേക്ക് വണ്ടി കയറണമെന്നായിരുന്നു യുവിയുടെ മോഹം. എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ അവസരങ്ങള്‍ ലഭിക്കാതായതോടെ തന്റെ അവസാന ലോകകപ്പ് കളിക്കുകയെന്ന മോഹവും പൊലിഞ്ഞു. മുംബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ യുവരാജ് പറഞ്ഞൊരു വാക്ക് ആര്‍ക്കും മറക്കാനാവാത്ത ഒന്നാണ്. 'ക്രിക്കറ്റ് എനിക്ക് സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും അനുഭവങ്ങള്‍ തന്നിട്ടുണ്ട് . എന്നെ ചിരിപ്പിക്കാനും കരയിപ്പിക്കാനും ക്രിക്കറ്റിന് കഴിഞ്ഞിട്ടുണ്ട്. ' ഇതില്‍നിന്ന് നമുക്ക് പലതും വായിച്ചെടുക്കാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."