ഹയര്‍സെക്കന്‍ഡറി പരീക്ഷ;മിന്നിത്തിളങ്ങി കാസര്‍കോട്
നൂറു മേനി കൊയ്ത് കാടങ്കോട് സ്‌കൂളിലെ കുട്ടികള്‍
ചെറുവത്തൂര്‍: നൂറു ശതമാനം വിജയത്തിളക്കത്തില്‍ കാടങ്കോട് ഗവ. ഫിഷറീസ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജില്ലക്ക് അഭിമാനമായി. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ കുട്ടികളെയും ഉപരിപഠനത്തിനു അര്‍ഹാരാക്കിയ ജില്ലയിലെ ഏക വിദ്യാലയമാണിത്. സയന്‍സ്, കൊമേഴ്‌സ് വിഭാഗങ്ങളില്‍ അറുപത് കുട്ടികള്‍ വീതമാണ്പരീക്ഷയെഴുതിയത്.
നൂറ് ശതമാനം വിജയത്തിനൊപ്പം നാല് വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയെന്നതും വിജയത്തിന് മാറ്റ് കൂട്ടി.
കഴിഞ്ഞ വര്‍ഷം 98 ശതമാനമായിരുന്നു വിജയം. 2004ല്‍ ആയിരുന്നു ഈ വിദ്യാലയത്തില്‍ പ്ലസ്ടു അനുവദിച്ചത്. വി.എച്ച്.എസ്.ഇ വിഭാഗത്തിലും മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. 70 ശതമാനമാണ് ഇത്തവണ വിജയം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 13 ശതമാനത്തിന്റെ വര്‍ധനവാണ് വിജയത്തില്‍ ഉണ്ടായിരിക്കുന്നത്.
വിജയ ശതമാനം ഉയര്‍ത്താന്‍ സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇത്തവണ രാത്രികാല വായനയുള്‍പ്പെടെ പ്രത്യേക പഠന പദ്ധതിയും തയാറാക്കിയിരുന്നു. രക്ഷിതാക്കളുടെ കൂടി പങ്കാളിത്തം ഉറപ്പാക്കി നടപ്പാക്കിയ ഈ പദ്ധതി വിജയത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ചതായി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ വി. പവിത്രനും പി.ടി.എ പ്രസിഡന്റ് ടി.വി കൃഷ്ണനും പറഞ്ഞു.
നൂറ് ശതമാനം നേട്ടം കൊയ്ത സംസ്ഥാനത്തെ എട്ട് വിദ്യാലയങ്ങളില്‍ ഒന്നായി മാറാന്‍ കഴിഞ്ഞത് ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് കാടങ്കോട് ഗ്രാമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."