ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊല; രണ്ടു സി.പി.എമ്മുകാര്‍ അറസ്റ്റില്‍
പയ്യന്നൂര്‍: ആര്.എസ്.എസ് മണ്ഡലം കാര്യവാഹ് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കക്കംപാറയിലെ നടുവിലെപുരയില്‍ റിനീഷ് (31), ഡി.വൈ.എഫ്.ഐ രാമന്തളി വില്ലേജ് കമ്മിറ്റിയംഗം പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ ജ്യോതിഷ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞദിവസം രാത്രിയില്‍ രാമന്തളിയില്‍ വച്ചാണു പ്രതികളെ പിടികൂടിയത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലന്‍, സി.ഐമാരായ പി.കെ സുധാകരന്, എം.പി ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത അഞ്ചുപേരില്‍ ഉള്‍പ്പെട്ടയാളാണ് റിനീഷെന്ന് പൊലിസ് കണ്ടെത്തി. കൊല്ലപ്പെട്ട ബിജുവിന്റെ യാത്ര നിരീക്ഷിച്ച് കൊലയാളി സംഘത്തിന് വിവരം നല്‍കിയത് ജ്യോതിഷും നിധിനുമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സി.പി.എം പ്രവര്ത്തകന് സി.വി ധനരാജിനെ വെട്ടിക്കൊന്നതിന്റെ പ്രതികാരമാണ് ബിജുവിന്റെ കൊലപാതകമെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊല്ലപ്പെട്ട ധനരാജിന്റെ ടിപ്പര്‍ ലോറിയുടെ ഡ്രൈവറായിരുന്നു അറസ്റ്റിലായ റിനീഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."