യോഗിയെ അയോഗ്യനാക്കണം: അലഹബാദ് ഹൈക്കോടതിയില്‍ ഹരജി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും നിയമനം ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയില്‍ ഹരജി. കോടതിയുടെ ലഖ്‌നൗ ബെഞ്ചിലാണ് സാമൂഹിക പ്രവര്‍ത്തകനായ സഞ്ജയ് ശര്‍മ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്.
ലോക്‌സഭാ അംഗങ്ങളായ യോഗി ആദിത്യനാഥും മൗര്യയും എം.പിമാര്‍ക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇപ്പോഴും കൈപ്പറ്റുന്നുണ്ടെന്നും സംസ്ഥാനത്ത് അധികാരത്തിലിരിക്കാന്‍ ഇരുവര്‍ക്കും അവകാശമില്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഹരജി. സംസ്ഥാന മന്ത്രിസഭയില്‍ അംഗങ്ങളായി ചുമതലയേറ്റെങ്കിലും രാഷ്ട്രപതി തെരഞ്ഞെടുപ്പ് വരെ ഇവര്‍ ലോക്‌സഭാ അംഗത്വം രാജിവയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.
1959ലെ പ്രിവന്‍ഷന്‍ ഓഫ് ഡിസ്‌ക്വാളിഫിക്കേഷന്‍ ആക്ട് പ്രകാരം സമര്‍പ്പിച്ച ഹരജിയില്‍ ഇരുവരെയും അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
യോഗി ആദിത്യനാഥ് ഗൊരഖ്പൂരില്‍നിന്നും മൗര്യ അലഹബാദിലെ ഫൂല്‍പൂരില്‍നിന്നുമാണ് ലോക്‌സഭാ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്.
ജസ്റ്റിസുമാരായ സുധീര്‍ അഗര്‍വാള്‍, വിരേന്ദ്ര കുമാര്‍ എന്നിവര്‍ അംഗങ്ങളായ ഹൈക്കോടതി ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറല്‍ രാഘവേന്ദ്ര സിങ്ങില്‍നിന്നു വാദം കേട്ട ശേഷം വിഷയത്തില്‍ നയം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബെഞ്ച് കേന്ദ്ര അറ്റോണി ജനറലിന് നോട്ടിസ് അയച്ചിട്ടുണ്ട്. കേസില്‍ 24നു വിശദമായ വാദം കേള്‍ക്കല്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."