ഫിഫ അണ്ടര്‍ 17 ലോകകപ്പ്: വേദികളുടെ ഒരുക്കത്തില്‍ ആശങ്കയില്ലെന്ന് മന്ത്രി
കൊച്ചി: ഫിഫ അണ്ടര്‍17 ലോകകപ്പിന്റെ കൊച്ചിയിലെ വേദിയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കയില്ലെന്ന് കായിക മന്ത്രി എ.സി മൊയ്തീന്‍. നിശ്ചയിച്ച രീതിയില്‍ എല്ലാ ജോലികളും ഇന്നലെ തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ആശങ്കയുണ്ടായിരുന്ന ഫയര്‍ ആന്‍ഡ് സേഫ്റ്റി, എയര്‍ കണ്ടീഷന്‍ പ്രവൃത്തികളെല്ലാം തീര്‍ക്കാനായിട്ടുണ്ട്. അവശേഷിക്കുന്ന പ്രവൃത്തികള്‍ രണ്ടു ദിവസത്തിനുള്ളില്‍ തീര്‍ക്കാനാകും.
ഫിഫ സംഘം 30 വരെ സമയം നീട്ടി നല്‍കിയ ജോലികളും നിശ്ചിത സമയത്ത് തന്നെ തീര്‍ക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം അണ്ടര്‍ 17 ലോകകപ്പിന്റെ കൊല്‍ക്കത്ത പോലുള്ള മറ്റു വേദികള്‍ അതിവേഗത്തില്‍ ഒരുങ്ങിയതു പോലെ കൊച്ചിക്ക് തയ്യാറെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
എന്നാല്‍ കൊച്ചിയുടേത് മോശം തയാറെടുപ്പല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടല്‍ കാര്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാരിനെ സഹായിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരും കരാറുകാരും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. ലോകകപ്പിനോടനുബന്ധിച്ച് നഗരത്തിലെ സൗന്ദര്യവത്കരണ പദ്ധതികള്‍ക്കും ഉടന്‍ തുടക്കം കുറിക്കും. കോര്‍പറേഷനുമായി സഹകരിച്ചായിരിക്കും പദ്ധതി പൂര്‍ത്തിയാക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."