കെ.ആര്‍ ഗൗരിയമ്മ 101 ന്റെ നിറവിലേക്ക്; ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് 21ന് തുടക്കം
ആലപ്പുഴ: 101 ന്റെ നിറവിലേക്ക് എത്തുന്ന വിപ്ലവ നായിക കെ.ആര്‍ ഗൗരിയമ്മയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് 21ന് തുടക്കമാവും.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് ജെ.എസ്.എസ് പ്രസിഡന്റും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ എ.എന്‍ രാജന്‍ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജന്മശതാബ്ദി ആഘോഷ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷനാവും. കെ.ആര്‍ ഗൗരിയമ്മ - ഒരു നേര്‍കണ്ണാടി എന്ന ഡോക്യുമെന്ററി പ്രകാശനം വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും. കെ.ആര്‍ ഗൗരിയമ്മ ഫൗണ്ടേഷന്റെ ഉദ്ഘാടനം ഉമ്മന്‍ചാണ്ടിയും പുസ്തക പ്രകാശനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും നിര്‍വഹിക്കും. മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, വിവിധ രാഷ്ട്രീയ, സാമൂഹിക, സാമുദായിക, മതനേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ജന്മശതാബ്ദി ആഘോഷത്തിനോടനുബന്ധിച്ച് പിറന്നാള്‍ സദ്യയും ഒരുക്കിയിട്ടുണ്ട്.
1919 ജൂലൈ 19ന് ആണ് ഗൗരിയമ്മയുടെ ജനനം. കൃഷി, ശാസ്ത്ര, സാങ്കേതിക വികസന പ്രവര്‍ത്തനങ്ങള്‍, ദുര്‍ബല ജനവിഭാഗങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസ മേഖലയിലെ സഹായം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ഗൗരിയമ്മ ഫൗണ്ടേഷനിലൂടെ നടപ്പാക്കുന്നത്. ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിനകത്തും പുറത്തുമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
ഗൗരിയമ്മയെയും ഗൗരിയമ്മ ജീവിക്കുന്ന കാലഘട്ടങ്ങളിലെ വ്യതിയാനങ്ങളെയും സംബന്ധിച്ച ഡോക്യുമെന്ററി, സുവനീര്‍, ആത്മകഥയുടെ രണ്ടാം ഭാഗം, നിയമസഭാ പ്രസംഗങ്ങള്‍ എന്നിവയുടെ പ്രകാശനം, മീഡിയ എക്‌സിബിഷന്‍, വെബ്‌സൈറ്റ്, ശതാബ്ദി സ്മാരകങ്ങള്‍, പുതിയ തലമുറക്ക് ഗൗരിയമ്മയെ ഗൗരവത്തോടെ അറിയാന്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ക്വിസ് മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.
ആഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം അടുത്ത ദിവസം തുറവൂരില്‍ നടന്‍ മോഹന്‍ലാല്‍ നിര്‍വഹിക്കും. മന്ത്രി ഡോ. ടി.എം തോമസ് ഐസക് അധ്യക്ഷനായ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിലാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ കാട്ടുകുളം സലിം, സഞ്ജീവ് സോമരാജന്‍, ആര്‍. പൊന്നപ്പന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."