പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് മാള ടൗണ്‍ വെള്ളത്തിലായി
മാള: ജലനിധി പദ്ധതിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് മാള ടൗണില്‍ ഇന്നലെ വെള്ളകെട്ട് രൂപപ്പെട്ടു. മാള തപാല്‍ ഓഫിസിന് സമീപത്തായാണ് ഇന്നലെ ഉച്ചക്ക് ശേഷം മൂന്നുമണിയോടെ ജലനിധി പൈപ്പ് പൊട്ടിയത്.
പ്രളയത്തെ തുടര്‍ന്ന് പലയിടങ്ങളിലായി പൈപ്പുകള്‍ തകരാറിലായതിനെ തുടര്‍ന്ന് എല്ലാം ശരിയാക്കി ഇന്നലെ പൈപ്പിലൂടെ വെള്ളം വിട്ടതിനെ തുടര്‍ന്നാണ് പ്രളയമെത്താത്ത ഭാഗത്തെ പൈപ്പ് പൊട്ടിയത്. ഇതോടെ പടിഞ്ഞാറോട്ട് ഒഴുകിയ വെള്ളം ടൗണിന്റെ ഹൃദയഭാഗത്തെ റോഡിനെ വെള്ളത്തിലാക്കി.നേരത്തെ തന്നെ തപാലാപ്പീസ് റോഡും കൊടകരമാള, കൊടുങ്ങല്ലൂര്‍ റോഡിന്റെ ഭാഗവും തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടതിനാല്‍ പിന്നീടുള്ള യാത്ര ദുരിതപൂര്‍ണമാക്കി. ഇരുചക്ര വാഹനമടക്കമുള്ള ചെറുവാഹനങ്ങള്‍ കടത്തി കൊണ്ട് പോകാനാണ് ഏറ്റവും കൂടുതലായി ദുരിതമനുഭവിച്ചത്.കാല്‍നട അസാധ്യമാക്കുന്ന തരത്തിലാണ് റോഡ് തകര്‍ന്ന് കിടക്കുന്നത്. ഈ കുഴികളിലേക്കാണ് കുടിവെള്ളം എന്ന് ജലനിധി പറയുന്ന ജലം നിറഞ്ഞത്. മഴക്കാലത്തെ ശക്തമായ മഴയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു വെള്ളത്തിന്റെ ഒഴുക്ക്. റോഡിനിരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും കാല്‍നട യാത്രികരുടെയും ഇരുചക്ര വാഹനമടക്കമുള്ള ചെറുവാഹന യാത്രികരുടേയും ദേഹത്തേക്കും ചെളിവെള്ളം തെറിച്ചതോടെ അധികൃതരെ വിവരമറിയിച്ച് വെള്ളം വരവ് നിര്‍ത്തിച്ചതോടെയാണ് വെള്ളത്തിന്റെ ഒഴുക്കിന് ശമനമായത്. പൈപ്പിലൂടെ വെള്ളം വിടാനാകാത്തതിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശാനുസരണം വാഹനങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളമെത്തിച്ചിരുന്നത്. പ്രളയം ബാധിക്കാത്തയിടങ്ങളിലും പൈപ്പുകള്‍ പൊട്ടുന്നത് പൈപ്പിലൂടെ വെള്ളമെത്തുന്നതിന് വിഘാതമാകുകയാണ്.ഗുണമേന്മ തീരെ കുറഞ്ഞ പൈപ്പുകള്‍ അധികം ആഴത്തിലല്ലാതെ സ്ഥാപിച്ചതാണ് ഇത്തരത്തില്‍ പൈപ്പുകള്‍ പൊട്ടുന്നതിന് കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."