പാലത്തിന് ഭരണാനുമതി നല്‍കുക മാത്രമാണ് ചെയ്തതെന്ന് വി.കെ ഇബ്രാഹീം കുഞ്ഞ്
കൊച്ചി: പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണത്തിന് മന്ത്രിയായിരുന്ന താന്‍ ഭരണാനുമതി നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും നിര്‍മാണം സംബന്ധിച്ച് പരാതികളൊന്നും മന്ത്രിയെന്ന നിലയില്‍ തനിക്ക് ലഭിച്ചിരുന്നില്ലെന്നും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ. പാലാരിവട്ടം പാലം സംബന്ധിച്ച വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാലത്തിനും റോഡിനുമായി എത്ര സിമന്റും കമ്പിയും ഉപയോഗിച്ചുവെന്ന് പരിശോധിക്കല്‍ ഉദ്യോഗസ്ഥരുടെ ജോലിയാണ്. മന്ത്രിക്ക് ആ പണിയല്ല. ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ അത് നോക്കിയില്ലെങ്കില്‍ അവരാണ് കുറ്റക്കാര്‍. മന്ത്രിക്ക് പദ്ധതികളുടെ ഭരണാനുമതി നല്കുന്ന ജോലി മാത്രമേ ഉള്ളൂ. അത് കഴിഞ്ഞ് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ പരാതി ലഭിക്കുകയോ വേണം.
ഇതൊന്നും പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. ഏത് അന്വേഷണത്തോടും സഹകരിക്കും. പാലാരിവട്ടം അഴിമതി സംബന്ധിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിരുന്നുവെന്ന കെ.ബി ഗണേഷ് കുമാറിന്റെ അവകാശവാദം ശരിയല്ലെന്നും അദ്ദേഹം അത്തരമൊരു പരാതി നല്‍കിയിട്ടില്ലെന്നും ഇബ്രാഹീംകുഞ്ഞ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."