റബര്‍ ബോര്‍ഡിന്റെ മേഖലാ ഓഫിസുകള്‍ പൂട്ടാനൊരുങ്ങി കേന്ദ്രം
കോട്ടയം: ചെലവുചുരുക്കലിന്റെ ഭാഗമായി സംസ്ഥാനത്തെ റബര്‍ ബോര്‍ഡിന്റെ മേഖലാ ഓഫിസുകള്‍ പൂട്ടാനൊരുങ്ങി കേന്ദ്രം.
രാജ്യത്താകെയുള്ള മേഖലാ ഓഫിസുകളില്‍ 26 എണ്ണം സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. കോട്ടയം മേഖലാ ഓഫിസ് ഈ മാസം പൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. കോട്ടയം ഓഫിസിന് താഴുവീഴുന്നതോടെ ചങ്ങനാശേി, കോട്ടയം ഓഫിസുകള്‍ ഇനി ഒരുമിച്ചാവും പ്രവര്‍ത്തിക്കുക. കാസര്‍കോട്, മണ്ണാര്‍ക്കാട്, ഈരാറ്റുപേട്ട, തിരുവനന്തപുരം, ശ്രീകണ്ഠാപുരം, തലശേരി ഓഫിസുകള്‍ക്കും വൈകാതെ താഴുവീഴും.
ഘട്ടംഘട്ടമായി ഒരു ജില്ലയില്‍ ഒരു മേഖലാ ഓഫിസ് എന്ന തരത്തിലേക്ക് കുറച്ചുകൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ മാസം എറണാകുളം, കോതമംഗലം ഓഫിസുകള്‍ പൂട്ടുകയും ഇവ മൂവാറ്റുപുഴ മേഖലയുമായി ലയിപ്പിക്കുകയും ചെയ്തിരുന്നു. ഓഫിസുകള്‍ പൂട്ടുന്നതോടെ അധികംവരുന്ന ജീവനക്കാരെ റബര്‍ ബോര്‍ഡിന്റെ മറ്റ് ഓഫിസുകളിലേക്ക് പുനര്‍വിന്യസിക്കുമെന്നാണ് ബോര്‍ഡിന്റെ ഔദ്യോഗിക വിശദീകരണം. ഇതിന് പുറമെ റബര്‍ കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സബ്‌സിഡിയും നിര്‍ത്തലാക്കാനുള്ള നീക്കങ്ങളും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. മേഖലാ ഓഫിസുകള്‍ പൂട്ടുന്നതും സബ് സിഡിനിര്‍ത്തലാക്കുന്നതും 12 ലക്ഷത്തോളം റബര്‍ കര്‍ഷകരെയാണ് പ്രതിസന്ധിയിലാക്കുക. റബര്‍ മേഖലയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിട്ട് ഇടപടുന്നത് മേഖലാ ഓഫിസുകളുമായാണ്. സബ്‌സിഡി, കര്‍ഷകര്‍ക്കുള്ള സഹായങ്ങള്‍, ബോധവല്‍ക്കരണം ഉള്‍പ്പടെ എല്ലാ സേവനങ്ങളും കര്‍ഷകര്‍ക്ക് മേഖലാ ഓഫിസുകള്‍ വഴിയാണ് ലഭിക്കുന്നത്.
മേഖലാ ഓഫിസുകള്‍ പൂട്ടുന്നതിന് മുന്നോടിയായി 2015നുശേഷം സബ്‌സിഡിക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചിരുന്നില്ല. ആവര്‍ത്തനകൃഷിക്കും പുതുകൃഷിയ്ക്കും ഹെക്ടറിന് 25,000 രൂപയാണ് സബ്‌സിഡിയായി നല്‍കിയിരുന്നത്.
അതേസമയം മേഖലാ ഓഫിസുകള്‍ പൂട്ടുന്നതുവഴി കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സേവനങ്ങള്‍ക്ക് തടസമുണ്ടാവില്ലെന്ന് റബര്‍ ബോര്‍ഡ് ജോയിന്റ് കമ്മിഷണര്‍ അറിയിച്ചു. കോട്ടയം, ചങ്ങനാശ്ശേരി ഓഫിസുകള്‍ സംയോജിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാവും. സംസ്ഥാനത്ത് റബര്‍ കര്‍ഷകരുടെ എണ്ണവും റബര്‍ ഉല്‍പ്പാദനവും കൂടിയ സമയത്താണ് ഇത്രയും മേഖലാ ഓഫിസുകള്‍ ആരംഭിച്ചത്. എന്നാല്‍, ഇപ്പോള്‍ കര്‍ഷകരുടെ എണ്ണവും ഉല്‍പ്പാദനവും കുറഞ്ഞു. ഈ സാഹചര്യത്തില്‍ ഇത്രയും മേഖലാ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. അതേസമയം, നിലവിലെ ഫീല്‍ഡ് ഓഫിസുകളൊന്നുംതന്നെ നിര്‍ത്തലാക്കുന്നില്ല. കര്‍ഷകര്‍ക്ക് സഹായങ്ങള്‍ക്കായി അവിടെയും സമീപിക്കാം. കേന്ദ്ര സര്‍ക്കാരില്‍നിന്ന് റബര്‍ ബോര്‍ഡിന് ലഭിക്കുന്ന ഫണ്ട് വിഹിതത്തില്‍ വന്‍തോതില്‍ ഇടിവുണ്ടായതാണ് സബ്‌സിഡി നല്‍കുന്നത് അനിശ്ചിതത്വത്തിലാക്കിയത്. നേരത്തെ പ്രതിവര്‍ഷം 200- 230 കോടി ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 130 കോടി മാത്രമാണ് ലഭിക്കുന്നത്. അതുകൊണ്ട് കര്‍ഷകര്‍ക്ക് യഥാസമയം സബ്‌സിഡി നല്‍കാനാവുന്നില്ല. സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കിയിട്ടില്ലെന്നാണ് റബര്‍ ബോര്‍ഡ് അധികൃതര്‍ പറയുന്നത്. ബോര്‍ഡിന്റെ നീക്കത്തിനെതിരേ കേരള കോണ്‍ഗ്രസ്(എം) രംഗത്തെത്തിയിട്ടുണ്ട്.
റബര്‍ ബോര്‍ഡ് മേഖല ഓഫിസുകള്‍ പൂട്ടാനുള്ള കേന്ദ്രത്തിന്റെ തീരുമാനം കര്‍ഷകരോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."