യു.എസിന്റെ അതീവ രഹസ്യങ്ങള്‍ ട്രംപ് റഷ്യയോട് വെളിപ്പെടുത്തി
ന്യൂയോര്‍ക്ക്: യു.എസിന്റെ അതീവരഹസ്യങ്ങള്‍ പ്രസിഡന്റ് ട്രംപ് റഷ്യയോട് വെളിപ്പെടുത്തിയെന്ന് ആരോപണം. കഴിഞ്ഞയാഴ്ച റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി നടന്ന കൂടിക്കാഴ്ചക്കിടെയാണ് യു.എസുമായി ബന്ധപ്പെട്ട് അതീവരഹസ്യമുള്ള സംഭവങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയതായി ആരോപണമുയര്‍ന്നിരിക്കുന്നത്.
ഐ.എസിനെതിരായ നടപടിയെക്കുറിച്ചുള്ള പദ്ധതി ട്രംപ് വെളിപ്പെടുത്തിയതായാണ് വിവരം. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസിലാണ് കൂടിക്കാഴ്ച നടന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അനുമതി പോലുമില്ലാതെയാണ് ട്രംപ് റഷ്യയോട് ഇക്കാര്യം വ്യക്തമാക്കിയതെന്നും ആരോപണമുണ്ട്. റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്‌ല്യാക്കും യോഗത്തില്‍ പങ്കെടുത്തിരുന്നു. വാഷിങ്ടണ്‍ പോസ്റ്റ് ആണ് സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. വാഷിങ്ടണ്‍ പോസ്റ്റിനു പുറമെ രണ്ട് യു.എസ് ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.
എന്നാല്‍ വൈറ്റ്ഹൗസ് വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ എച്ച്.ആര്‍ മക്മാസ്റ്ററും വാര്‍ത്ത നിഷേധിച്ചുകൊണ്ട് രംഗത്തെത്തി. വ്യോമഗതാഗതം ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് അവര്‍ സംസാരിച്ചിരുന്നതെന്നും താന്‍ സംഭവത്തിനു ദൃക്‌സാക്ഷിയായിരുന്നുവെന്നും മക്മാസ്റ്റര്‍ വൈറ്റ്ഹൗസിനു പുറത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി. സൈനിക ഓപറേഷനുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും പ്രസിഡന്റ് റഷ്യന്‍ വിദേശകാര്യമന്ത്രിയോട് പങ്കുവെച്ചിട്ടില്ലെന്നത് തനിക്ക് വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരവിരുദ്ധതയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് അവിടെ നടന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു. ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ദിന പവലും സംഭവത്തെ നിഷേധിച്ച് രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."