കോടികളുടെ നഷ്ടത്തില്‍'ഭെല്‍' ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് നാലുകോടി നഷ്ടത്തില്‍
കാസര്‍കോട്: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്ലിന്റെ സബ്‌സിഡിയറി യൂണിറ്റായ ബെദ്രഡുക്കയിലെ ' ഭെല്‍ ' (ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്) കോടികളുടെ നഷ്ടത്തില്‍. പ്രതിവര്‍ഷം നാലുകോടിയിലേറെ രൂപയുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായി കൊണ്ടിരിക്കുന്നത്. നഷ്ടം ഈ രീതിയില്‍ തുടരുകയാണെങ്കില്‍ സമീപ ഭാവിയില്‍ സ്ഥാപനം അടച്ചുപൂട്ടും. കേരള സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ 'കെല്ലി ' (കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനിയറിംഗ് കോ. ലിമിറ്റഡ്) ന്റെ കാസര്‍കോടെ യൂണിറ്റിനെ അഞ്ചു വര്‍ഷം മുമ്പ് ഭെല്ലുമായി ലയിപ്പിച്ചിരുന്നു.
ഇതോടെ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെല്ലും വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 400 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ശമ്പളം മുടുങ്ങുമെന്ന ആശങ്കയും ഉയര്‍ന്നിരിക്കുകയാണ്.ഇപ്പോള്‍ ഭെല്ലിന്റെ സബ് സിഡിയറി യൂണിറ്റായാണ് കെല്ലിന്റെ ലയനശേഷം കാസര്‍കോടെ ഭെല്‍ പ്രവര്‍ത്തിക്കുന്നത്. റെയില്‍വെക്ക് വേണ്ട പാളങ്ങള്‍ അടക്കമുള്ള അനുബന്ധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ വെവ്വേറെ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ വലിയ ലാഭത്തിലായിരുന്നു.
എന്നാല്‍ ലയനശേഷം കേന്ദ്രം ഫണ്ടനുവദിക്കാത്തതും ആവശ്യമായ പ്രവൃത്തികള്‍ നല്‍കാതെയുമായതോടെ കമ്പനി നഷ്ടത്തിലായിരിക്കുകയാണ്. പൂര്‍ണ്ണമായും ഭെല്ലിന്റെ യൂണിറ്റാക്കി മാറ്റുകയോ അതല്ലെങ്കില്‍ കേരള സര്‍ക്കാര്‍ കെല്ലിനെ തിരിച്ചെടുക്കുകയോ ചെയ്ത് നിലവിലുള്ള അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. 2011 മാര്‍ച്ച് മാസത്തില്‍ അന്നത്തെ ഇടതു പക്ഷ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെല്ലിനെ ഭെല്ലിനു കൈമാറിയത്.
ലയനം നടന്ന ശേഷം വലിയ പ്രവൃത്തികളൊന്നും ഭെല്ലിന് ലഭിച്ചിട്ടില്ല. മൂലധനവും ലഭിക്കാതായതോടെ ഭെല്‍ വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ലയനശേഷം കെല്ലിനെ സംസ്ഥാന സര്‍ക്കാരുകളും തിരിഞ്ഞു നോക്കിയില്ല. 2013ല്‍ കേരളാ സര്‍ക്കാര്‍ കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറായെങ്കിലും അന്നു നടന്നില്ല. എം.പിമാരായ പി.കരുണാകരന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവരുടെ പരിശ്രമഫലമായി കേന്ദ്രഘന വ്യവസായ മന്ത്രി ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ എടുത്ത തീരുമാനങ്ങളും നടപ്പിലാക്കിയില്ല.
ഏറ്റവും ഒടുവില്‍ മാര്‍ച്ച് ഒന്‍പതിന് കേരള വ്യവസായ വകുപ്പ് മന്ത്രി വിളിച്ച യോഗത്തില്‍ ഭെല്‍ പദ്ധതി സമര്‍പ്പിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കാം എന്ന് അറിയിച്ചുവെങ്കിലും അധികൃതര്‍ ഒരു പദ്ധതിയും സമര്‍പ്പിച്ചിട്ടില്ല.
ഉത്തര മലബാറിന്റെ അഭിമാന സ്ഥാപനത്തെ തകര്‍ക്കുവാനാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നത് മാതൃ സ്ഥാപനമായ കെല്ലില്‍ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയിട്ടും കാസര്‍കോടെ കെല്ലിലുണ്ടായിരുന്ന തൊഴിലാളികള്‍ ഭെല്ലില്‍ 2009 ല്‍ നിശ്ചയിച്ച ശമ്പളത്തിനാണ് ജോലി ചെയ്യുന്നത് ഒപ്പുവെച്ച ദീര്‍ഘകാല കരാര്‍ നടപ്പിലാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല.
ഇക്കാരണത്താല്‍ മെച്ചപ്പെട്ട വേതനം പ്രതീക്ഷിച്ച് കെല്ലില്‍ നിന്ന് കാസര്‍കോട് ഭെല്ലിലേക്ക് ചേക്കേറിയ ജീവനക്കാര്‍ ആശങ്കയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."