വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കിന് കോണ്‍ഗ്രസ്
തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക നീക്കുപോക്കിനു കോണ്‍ഗ്രസില്‍ ധാരണ. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലാണു തീരുമാനം. പി.ജെ ജോസഫ് വിഭാഗത്തില്‍ ലയിച്ചാല്‍ പി.സി തോമസിനെ യു.ഡി.എഫിലെടുക്കാനും തീരുമാനമായി. പ്രാദേശികമായി സഹകരിക്കാവുന്ന സംഘടനകളുമായി നീക്കുപോക്കാവാം എന്നാണ് രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനം. പ്രാദേശിക തലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കി തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ധാരണയായത്. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നയിടങ്ങളില്‍ യു.ഡി.എഫ് മത്സരിക്കില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നിടങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും മത്സരിക്കില്ല എന്നതാണ് ധാരണ.
പി.സി തോമസിന്റെ പാര്‍ട്ടിയെ യു.ഡി.എഫില്‍ നിലവില്‍ ഘടകകക്ഷിയാക്കേണ്ടതില്ലെന്നും യോഗം വിലയിരുത്തി. പകരം പി.ജെ ജോസഫിന്റെ പാര്‍ട്ടിയില്‍ ലയിച്ച ശേഷം അവരെക്കൂടി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാനാണ് തീരുമാനം. ഘടകകക്ഷികള്‍ തമ്മില്‍ പരസ്പരം മത്സരിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. ഒരു സ്ഥലത്ത് യു.ഡി.എഫിന്റെ ഒരു സ്ഥാനാര്‍ഥി മാത്രമേ പാടുള്ളൂവെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ നിര്‍ദേശമുയര്‍ന്നു.
അതേസമയം, വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നതു സംബന്ധിച്ച പരസ്യപ്രസ്താവനയ്ക്ക് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തയാറായില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുല്ലപ്പള്ളി വ്യക്തമാക്കി. ഘടകക്ഷികളുമായി മാത്രമേ സീറ്റ് ധാരണ ഉണ്ടാകൂ. മറ്റാരുമായും ധാരണയില്ല. തെരഞ്ഞെടുപ്പില്‍ ആരെങ്കിലും പിന്തുണക്കുകയോ സഹായിക്കുകയോ ചെയ്യുന്നത് എങ്ങനെ തടയാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. വിവിധ സാമൂഹിക സംഘടനകള്‍ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ധീവരസഭ യു.ഡി.എഫിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.സി ഖമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."