കുരുക്ക് മുറുകുന്നു: അറസ്റ്റു ഭയന്ന് ബിനോയ് ഒളിവില്‍, അന്വേഷണം നടക്കട്ടെയെന്ന് കാനം
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിയെ മുംബൈ പൊലിസ് അറസ്റ്റ് ചെയ്‌തേക്കും. സംഘം ഇന്നലെ കണ്ണൂരിലെത്തിയത് ബിനോയിയെ അറസ്റ്റ് ചെയ്യുന്നതിനാവശ്യമായ തെളിവുകള്‍ ശേഖരിച്ചുകൊണ്ടായിരുന്നു. ഇന്ന് അന്വേഷണ സംഘം ബിനോയിക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ബിനോയ് സ്ഥലത്തില്ലാത്തതിനാല്‍ നോട്ടിസ് കുടുംബത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍േദശിച്ചാണ് നോട്ടിസ്. തലശ്ശേരി തിരുവങ്ങാട്ടെയും കണ്ണൂര്‍ മൂഴിക്കരയിലെയും വീട്ടിലും എത്തിയാണ് മുംബൈ പൊലിസ് ബിനോയിയ്ക്ക് നോട്ടിസ് നല്‍കിയത്. ബിനോയിയെ നേരില്‍ കാണാന്‍ പൊലിസിനായില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഇന്നലെ കണ്ണൂരിലെത്തിയ സംഘം എസ്പിയുമായി ചര്‍ച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് പൊലിസ് കുടുംബത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആവശ്യമാണെങ്കില്‍ ഡി.എന്‍.എ ടെസ്റ്റ് വേണ്ടിവരുമെന്നുമാണ് പൊലിസ് കുടുംബത്തെ അറിയിച്ചിരിക്കുന്നത്. അതേസമയം സംഭവം വിവാദമായതോടെ ബിനോയ് തല്‍ക്കാലം ഒളിവിലാണെന്നാണ് വിവരം. തിരുവനന്തപുരത്തേതിന് പുറമെ കണ്ണൂരിലെ രണ്ട് മേല്‍വിലാസങ്ങളാണ് യുവതി പരാതിയില്‍ നല്‍കിയിരുന്നത്.
വിവാഹ വാഗ്ദാനം നല്‍കി 2009മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതി. ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും 34-കാരി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലിസ് സ്റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നല്‍കിയത്.
അതേ സമയം ബിനോയ് കോടിയേരിക്കെതിരായ പീഡനകേസിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. വ്യക്തിപരമായ വിഷയമാണിതെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും കാനം കൊച്ചിയില്‍ പറഞ്ഞു. പരാതിയില്‍ അന്വേഷണം നടക്കട്ടെയെന്നും കാനം കൂട്ടിച്ചേര്‍ത്തു. എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം പുതിയ പരാതിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്നും വിശദീകരണവുമായി ഉടന്‍ മാധ്യമങ്ങളുടെ മുന്നിലെത്തുമെന്നുമാണ് ബിനോയ് കൊടിയേരി അവസാനം നടത്തിയ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."