വിളവെടുപ്പ് നാടിന് ഉല്‍സവമായി
വൈക്കം: അച്ചിനകത്തെ കരനെല്‍കൃഷിയുടെ വിളവെടുപ്പ് നാടിനാകെ ഉത്സവമായി. എസ്.എന്‍.ഡി.പി.യോഗം 601-ാം നമ്പര്‍ അച്ചിനകം ശാഖയുടെ ഉടമസ്ഥതയിലുള്ള ശ്രീനാരായണ ശരവണഭവ ക്ഷേത്രാങ്കണത്തില്‍ കൃഷി ചെയ്ത കരനെല്ലാണ് ഇന്നലെ കൊയ്‌തെടുത്തത്. പത്ത് സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത്. കൃഷി ചെയ്യണം കൃഷിയാണ് ജീവരാശിയുടെ നട്ടെല്ല് എന്ന നാരായണഗുരുവിന്റെ വചനത്തെ അര്‍ത്ഥവത്താക്കി ശാഖായോഗം ഭരണസമിതിയാണ് കരനെല്‍ കൃഷി ചെയ്തത്. ശ്രേയസ് എന്ന വിത്തിനമാണ് വിതച്ചത്. നാല് മാസം കൊണ്ടാണ് കൃഷി കൊയ്യാന്‍ പാകമായത്.
കാര്‍ഷിക മേഖലയായ അപ്പര്‍കുട്ടനാട്ടില്‍ പ്രളയത്തെ പോലും അതിജീവിച്ച അപൂര്‍വ്വം നെല്‍കൃഷിയാണ് ഇവിടെ ഇന്നലെ കൊയ്‌തെടുത്തത്. ഇന്നലെ രാവിലെ ശാഖായോഗം പ്രസിഡന്റ് അഡ്വ. എ.എം. സച്ചിതാനന്ദന്‍, വൈസ് പ്രസിഡന്റ് കെ.ആര്‍.ഷിബു, യൂണിയന്‍ കമ്മറ്റിയംഗം ഹരിമോന്‍, വാര്‍ഡ് മെമ്പര്‍ സോജി ജോര്‍ജ് എന്നിവര്‍ കൊയ്ത്തുത്സവത്തിന് നേതൃത്വം നല്‍കി. കൊയ്‌തെടുത്ത കറ്റകള്‍ ആദ്യം ക്ഷേത്ര നടയില്‍ സമര്‍പ്പിച്ചു. തിരുവാര്‍പ്പ് ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷത്തിനാവശ്യമായ നെല്‍കറ്റകളും ഇന്നലെ വൈകിട്ട് അച്ചിനകത്തുനിന്നും എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."